കോഴിക്കോട്: ചിത്രകലാ ലോകത്ത് കാലുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഉമ്മില്‍ കുലുസ് എന്ന ഉല്ലു. പാലക്കാട്ടെ അപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകളാണ്. നിറങ്ങളുടെ മാസ്മരിക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉല്ലു.
ഉല്ലുവെന്ന ഈ 31കാരിക്ക് ജന്മനാ ഇരു കൈകളുമില്ല. കാലുകള്‍ക്ക് വ്യത്യസ്ത ഉയരവും. എന്നാല്‍ ഇവയൊന്നും വകവെയ്ക്കാതെ തനിയ്ക്ക് ലഭിച്ച വ്യത്യസ്തതയെ കൊണ്ടാണ് ഉല്ലു വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ, കാലുകള്‍ കൊണ്ട് ചിത്രങ്ങളെ ജീവസ്സുറ്റതാക്കുന്ന ഉല്ലുവിന്റെ പ്രതിഭയെ നിറങ്ങളും കടലാസുകളും നല്‍കി വാര്‍ത്തെടുത്തത് പിതാവാണ്.
ഉല്ലുവെന്ന കൊച്ചുചിത്രകാരിയെ നാടറിഞ്ഞു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ആരാധകരുള്ള ഉല്ലു വരച്ചു തീര്‍ത്തത് 500ലധികം ചിത്രങ്ങളാണ്. ഇതിനിടയില്‍ 5000ത്തിലധികം വിത്തുപേനകള്‍ ഉണ്ടാക്കിയും ഉല്ലു വിസ്മയം തീര്‍ത്തു. 26ാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടതോടെ നിര്‍ത്തിവെച്ച തന്റെ പ്രയത്‌നത്തിന് പിന്നീട് കൂടെ നിന്നത് ഉറ്റസുഹൃത്തായ സുഹറയും കൂട്ടുകാരുമാണ്.
‘ഷെയ്ഡ് ദി എയ്റ്റ് കളര്‍ ഓഫ് ദി റെയ്ന്‍ബോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം നവംബര്‍ 4ന് ചാലപ്പുറം മന്‍ കഫേയില്‍ ആരംഭിക്കും. പ്രശസ്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി ഉച്ചയ്ക്ക് 2 മണിയോടെ പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 30ന് പ്രദര്‍ശനം സമാപിക്കും.