പോൾ സെബാസ്റ്റ്യൻ
ആരംഭത്തിനെല്ലാം അവസാനമുണ്ട് എന്ന സത്യത്തെ മനസ്സിൽ തട്ടും വിധം ഓർമിപ്പിക്കുന്ന നോവലാണ് എം ടി യുടെ രണ്ടാമൂഴം. നമുക്കിനി ഭൂതകാലമില്ല. ഓർമ്മകളും പ്രതീക്ഷകളും മായ്ചു കളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു. സ്ഫടിക ശുദ്ധമാകുന്നു. വീഴുന്നവർക്ക് വേണ്ടി കാത്തു നിൽക്കാതെ യാത്ര തുടർന്നാലേ ഉടലോടെ വേദപഥത്തിലെത്താനാകൂ. മഹാപ്രസ്ഥാനത്തിനിടെ വീണു പോയ ദ്രൗപദിയെ ഇട്ടു പോകാൻ മനസ്സ് വരാത്ത ഭീമന്റെ ഓർമ്മയിലൂടെ, കാഴ്ചപ്പാടിലൂടെയാണ് സുന്ദരമായ ഈ കഥാഖ്യാനം ഇതൾ വിരിയുന്നത്.
മുന്നൂറിൽ താഴെ പേജുകളിൽ മഹാഭാരതകഥയിലെ പ്രധാന സന്ദര്ഭങ്ങളെയെല്ലാം ചേർത്തിണക്കി കാലത്തെ അതിജീവിക്കുന്നതും ഹൃദയസ്പർശിയായതുമായ ഒരു നോവലെഴുതുക എന്നത് എഴുത്തിന്റെ മാസ്മരികത കൈവശമുള്ള കഥയുടെ കുലപതികൾക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്. ഒട്ടേറെ വർഷങ്ങളിലൂടെയുള്ള ഗവേഷണങ്ങൾക്കു ശേഷമാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. എം ടി യുടെ തന്നെ വാക്കുകളിൽപറഞ്ഞാൽ, “മഹാഭാരത കാലഘട്ടം നോവലിന്റെ പശ്ചാത്തലമാവുമ്പോൾ എഴുത്തുകാരനെ കുഴയ്ക്കുന്ന സംശയങ്ങൾ പലതുമുണ്ട്. അന്നത്തെ ഭൂപ്രകൃതി, കൃഷികൾ, ജീവിതരീതികൾ, ഗൃഹ നിർമ്മാണ കല, വസ്ത്രധാരണം, ആഭരണങ്ങൾ, ഭക്ഷണ രീതികൾ, ഗൃഹോപയോഗവസ്തുക്കൾ തുടങ്ങിയ പലതും അറിയണം. യുദ്ധമുറകളെപ്പറ്റിയും ആയുധങ്ങളെപ്പറ്റിയുമറിയണം.” നമുക്ക് പരിചിതമല്ലാത്ത ഇത്തരം ഒരു കാലത്തെ ആധികാരികമായി അവതരിപ്പിക്കുകയാണ് എം ടി ചെയ്തിരിക്കുന്നത്. അറിയാത്ത പേരുകളുള്ള ആഭരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും പക്ഷെ വായനയോടൊപ്പം ദൃശ്യചിത്രങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് വായനക്കാരെ തടയുന്നില്ല. നിരവധി ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുള്ള എം ടി യുടെ ഈ നോവൽ ചിന്തയും വികാരവുമടക്കം നിരവധി മാനങ്ങളെ ഉൾച്ചേർത്തിരിക്കുന്ന ഒരു മഹത്തായ തിരക്കഥപോലെ വായനക്കാരുടെ കണ്മുൻപിൽ ജീവിതസന്ദർഭങ്ങളെ അവതരിപ്പിക്കുന്നു.
മഹാഭാരത കഥയെ ഫാന്റസിയുടെ തലത്തിൽ നിന്ന് മാറി യാഥാർഥ്യത്തിന്റെ തലത്തിൽ നോക്കിക്കാണുകയാണ് എം ടി രണ്ടാമൂഴത്തിൽ. തന്റെ വാദം യാഥാർത്യമെന്നോണം അവതരിപ്പിക്കുക മാത്രമല്ല, യുക്തിസഹമായി സമർത്ഥിക്കുകയും ചെയ്യുന്നുണ്ട് നോവലിസ്റ്റ്. കൗരവ സഭയിൽ പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോൾ കൃഷ്ണൻ റോളു കണക്കിന് സാരി അയച്ചു കൊടുക്കുന്നത് ഇതിൽ കാണില്ല. യുധിഷ്ഠരന്റെ പിതാവായി വിദുരരേയും ഭീമന്റെ പിതാവായി കാട്ടാളനെയും നാമിതിൽ കാണും. എല്ലാവരോടും തുല്യ നിലയിൽ പെരുമാറുന്ന കുന്തിയെയോ ദ്രൗപതിയെയോ കാണുകയില്ല. യുദ്ധമധ്യത്തിൽ കർണ്ണന്റെ തേരിന്റെ ചക്രം പൂഴിയിൽ താഴുന്നത് ശാപത്തിന്റെ ഫലമായല്ല. ഇങ്ങനെ, പുരാണ കഥയെ അതേ പടി പുനഃസൃഷ്ടിക്കുന്നതിനു പകരം യുക്തിഭദ്രതയോടെ വ്യത്യസ്തമായ വീക്ഷണ കോണിലൂടെ പുനരവതരിപ്പിക്കുകയാണ് ഈ നോവലിൽ. കഥാഗതിയെ സഹായിക്കാൻ കഥാപാത്രസ്വഭാവങ്ങളെയും പുനർ നിർവ്വചിക്കുന്നുണ്ട് നോവലിസ്റ്റ്. ഭീമനും ദ്രൗപതിയും യുധിഷ്ഠരനും അർജുനനും ധൃഷ്ടധ്യുമ്നനും കർണ്ണനുമെല്ലാം പുതിയൊരു സ്വഭാവം കല്പിച്ചു നൽകുന്നുണ്ട്.
ഒട്ടേറെ ഹൃദയസ്പർശിയായ ജീവിതമുഹൂർത്തങ്ങളാൽ സമ്പന്നമാണ് രണ്ടാമൂഴം. കഥാപാത്രങ്ങളുടെ നന്മയും തെളിമയും അല്ല, അവരുടെ സ്വഭാവത്തിന്റെ സ്വാർത്ഥതയാൽ ഇരുളടഞ്ഞ വശങ്ങളിലാണ് നോവലിസ്റ്റ് ശ്രദ്ധ കൊടുക്കുന്നത്. മനുഷ്യമനസ്സിന്റെ ഈ വൈരുധ്യാത്മകത ഉള്ളിൽ തട്ടുന്ന ഒട്ടേറെ മുഹൂർത്തങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. ഭീമനും ഹിഡിംബിയും ഘടോൽക്കചനും ഉൾപ്പെടുന്ന ഒരു വിധം എല്ലാ മുഹൂർത്തങ്ങളും അത്തരത്തിലാക്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. അഭിമന്യു മരിച്ച ദിവസം സംഗീതമില്ലാത്ത പാണ്ഡവരുടെ താവളത്തിൽ അടുത്തൊരു ദിവസം ഘടോൽക്കചന്റെ മരണം ആഘോഷമാക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നത് കേൾക്കുന്ന ഭീമന്റെ അവസ്ഥ വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും. ദ്രൗപതിയോടുള്ള യുധിഷ്ഠരന്റെ താല്പര്യം, അമ്മയുടെ തുറന്ന ചോദ്യത്തിന് മുൻപിൽ ഭീമന്റെ മനസ്സിലെ രഹസ്യം പുറത്താവുന്നത്, ഭീമനോട് രാജാവാകാൻ യുധിഷ്ഠരൻ ആവശ്യപ്പെട്ടതിന് ശേഷം കുന്തിയും ദ്രൗപതിയും അതിന് സമ്മതിക്കരുതെന്ന് ആവശ്യപ്പെടുന്നത്, യുദ്ധത്തെയും കൊലയെയും പറ്റിയുള്ള വർണ്ണനകൾ ദ്രൗപതിയെ ഉണർത്തുന്നത് എന്നിങ്ങനെ ജീവിത മുഹൂർത്തങ്ങളുടെ നീണ്ട ഘോഷയാത്ര ഈ നോവലിൽ കാണാൻ കഴിയും.
സംഭാഷണങ്ങളുടെയും ചിന്തകളുടെയും മൂർച്ച എം ടി യുടെ എഴുത്തിന്റെ പ്രത്യേകതയാണ്. നോവലുകളിൽ മാത്രമല്ല, എം ടി എഴുതിയ സിനിമകളിലും ഇത് കാണാം. അത്തരം മൂർച്ചയേറിയ സംഭാഷണങ്ങളും ചിന്തകളും രണ്ടാമൂഴത്തിൽ നിരവധിയായുണ്ട്.
‘ഉണ്ണീ, യുദ്ധത്തിൽ കൊല്ലുന്നത് പതിവാണ്. ആരെങ്കിലും ചോര കുടിക്കാറുണ്ടോ?’ എന്ന് ദുശ്ശാസന വധത്തെപ്പറ്റി ധൃതരാഷ്ട്രർ ഭീമനോട് ചോദിക്കുമ്പോൾ വായനക്കാരുടെ മനസ്സ് ഒന്ന് സ്തബ്ധമാകും. പക്ഷെ “ചുണ്ടു നനഞ്ഞപ്പോൾ ദുശ്ശാസനന്റെ ചോരയുടെ രുചി ഇഷ്ടമായില്ല, അത് കൊണ്ട് കുടിച്ചില്ല വല്യച്ചാ” എന്ന് ഭീമനെക്കൊണ്ട് വിനയത്തോടെ ഉത്തരം കൊടുപ്പിക്കാൻ എം ടി ക്കു മാത്രമേ കഴിയൂ.
സ്ത്രീകളെപ്പറ്റിയുള്ള അന്നത്തെ ചിന്തയെ വിമർശിക്കുന്നത് ഇങ്ങനെയാണ്. “സ്ത്രീയെ പണയം വെച്ച രാജാവും പണയം സ്വീകരിച്ച രാജാവും തമ്മിലാണിപ്പോൾ ചേരി തിരിഞ്ഞു യുദ്ധത്തിനൊരുങ്ങി നിൽക്കുന്നത്. രോഷത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു. പണയപ്പണ്ടങ്ങൾ, അല്ലെങ്കിൽ പാഥേയപ്പൊതികൾ.”
യുദ്ധത്തെ സൈദ്ധ്യന്തീകരിച്ച വാക്കുകളുടെ മൂർച്ചയേറിയ അമ്പ് തിരിച്ചെയ്യുന്നത് ആദ്യദിവസത്തെ യുദ്ധത്തിനു ശേഷം മൃതശരീരങ്ങൾക്ക് തീ കൊളുത്തിയതിനെപ്പറ്റി നോവലിൽ എഴുതുമ്പോഴാണ്. “ആദ്യ ദിവസം ആത്മാവുകൾ ഉപേക്ഷിച്ചിട്ട ജീർണ്ണവസ്ത്രങ്ങൾക്ക് തീ കൊളുത്തിക്കഴിഞ്ഞിരുന്നു.”
കുന്തിയും ഗാന്ധാരിയും തമ്മലുള്ള സംസാരത്തിനിടെ ശ്രദ്ധിക്കുക: “വരാൻ പോകുന്ന നിങ്ങളുടെ വധുക്കളെ ഓർത്താണ് എനിക്കിപ്പോൾ ദുഃഖം. അന്ധന്മാർക്കും ഷണ്ഡന്മാർക്കും വേണ്ടി ആഹുതി ചെയ്ത രാജാoഗനകളുടെ നെടുവീർപ്പുകൾ എന്നും ഈ കൊട്ടാരക്കെട്ടുകളിൽ തേങ്ങി നടക്കുന്നു.”
മദമിളകി പാപ്പാനെ കുത്തിമലർത്തിയ ആനയുടെ അരികിലേക്ക് ചെന്നു കൊണ്ട് ഭീമൻ ചോദിച്ചു, ‘നിനക്ക് ദ്വന്ദയുദ്ധം വേണോ? ഞാൻ തയ്യാർ.” എം ടി എഴുതുന്നു. “ജന്തുക്കൾക്കും സഹജാവബോധമുണ്ട്. മദജലത്തിന്റെ അരഭ്രാന്ത് മനുഷ്യന്റെ മുഴുഭ്രാന്തിന്റെ മുമ്പിൽ ഭയന്നു ചിന്നം വിളിച്ചു.”
ഇങ്ങനെയിങ്ങനെ വായനക്കാരുടെ ചിന്തയെ ലാക്കാക്കി എയ്യുന്ന ലക്‌ഷ്യം തെറ്റാത്ത ശസ്ത്രങ്ങളുടെ പെയ്ത്ത് ഈ നോവലിലുടനീളം കാണാം.
പ്രണയത്തിന്റെയും രതിയുടെയും വിദ്വേഷത്തിന്റേയുമെല്ലാം രസക്കൂട്ടുകൾ അതാതിന്റെ പാകത്തിന് ചേർത്തത് നോവലിന്റെ ഒതുക്കത്തിനും മികവിനും കാരണമാകുന്നു. ചിന്തയുടെ അഗ്നിയെ നിയന്ത്രിച്ച് വേണ്ടത് വേണ്ടയളവിൽ വേണ്ടിടത്ത് മാത്രം പറയാനുള്ള കഴിവ്, അപ്രസക്തമായവയെ നീക്കം ചെയ്യാനുള്ള ധീരത എന്നിങ്ങനെ എഴുത്തുകാർക്ക് പാഠമാക്കാവുന്ന പല നല്ല ഗുണങ്ങളുമുള്ള ഈ നോവൽ നോവലെഴുത്തുകാരുടെ ഒരു പാഠ പുസ്തകം തന്നെയാണ്. ബുദ്ധിമാന്മാരോടും സാധാരണ വായനക്കാരോടും സംവദിക്കുന്നതാണ് കാലത്തെ അതിജീവിക്കുന്ന ഈ നോവൽ എന്നത് അതിന്റെ മഹത്വത്തിന് തെളിവാണ്.
വിനയ് ലാൽ രൂപകൽപന ചെയ്ത മുഖ ചിത്രവും നമ്പൂതിരിയുടെ വരയും ഈ ക്ലാസിക്കിന് ഏറ്റവും അനുയോജ്യം തന്നെ. കെട്ടിലും മട്ടിലും മികച്ചതായി ഈ പുസ്തകത്തെ പുറത്തിറക്കിയിരിക്കുന്നത് തൃശൂർ കറന്റ് ബുക്സ് ആണ്.
ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയിൽപ്പെട്ട മനുഷ്യരും എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എനിക്ക് വിഷയമായിട്ടുണ്ട്. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാൻ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ എന്ന് എം ടി രണ്ടാമൂഴത്തെക്കുറിച്ചു പറയുമ്പോൾ അതിലെ സത്യത്തെ നമുക്കംഗീകരിക്കേണ്ടി വരും. “കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞീട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലിക്കൊണ്ടലറി” എന്നത് രണ്ടാമൂഴത്തിന്റെ ആദ്യത്തെ വാചകമാണ്, അവസാനത്തേതല്ല. “കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് കാത്തിരിക്കുന്ന” ഒരു കറുത്ത സുന്ദരിയും “വ്രണം പൊട്ടിയ ശിരസ്സുമായി ഒരു ശത്രുവും” ഇനിയും വനത്തിൽ അലയുമ്പോൾ നായകന് വഴി കാട്ടാൻ വന്ന വെള്ളപ്പറവകൾ കാലത്തിന്റെ ദോഷം മായ്ക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഒന്നു തീർച്ച. ആരംഭത്തിനെല്ലാം അവസാനമുണ്ടെന്ന് ആദ്യാവസാനം ഓര്മിപ്പിക്കുന്നുണ്ട് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ജ്ഞാനപീഠം ജേതാവ് എം ടി യുടെ വയലാർ അവാർഡ് നേടിയ മാസ്റ്റർ പീസ് നോവൽ, രണ്ടാമൂഴം.