തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഡി.സി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രതീമ രവിയാണ് 15 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് ഏറ്റുവാങ്ങി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, ടി.ജെ.എസ്. ജോര്‍ജ്, കെ.പി രാമനുണ്ണി, ബി. രാജീവന്‍, കെ.ആര്‍ മീര, എസ്. ഹരീഷ് തുടങ്ങി നിരവധി പേര്‍ തങ്ങളുടെ രചനകളുടെ റോയല്‍റ്റി വിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന നല്‍കിയത്. ഇതോടൊപ്പം ഡി.സി ബുക്‌സും ഡി.സി ബുക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ നല്‍കിയ സംഭാവനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവി പ്രഭാ വര്‍മ്മ, ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ എം.സി അശോക് കുമാര്‍, ആര്‍ക്കിടെക്റ്റ് സിറിയക്, ടോമി ആന്റണി, ബാബു എം.ടി(സര്‍ക്കിള്‍ മാനേജര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രളയം ബാധിച്ച കേരളത്തിലെ വായനശാലകള്‍ക്കായുള്ള സൗജന്യ പുസ്തകവിതരണം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. 30 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് കേരളത്തിലെ വിവിധ വായനശാലകള്‍ക്കായി ഡി.സി ബുക്സ് നല്‍കുന്നത്.