തൃശ്ശൂർ: കേരളസംഗീതനാടക അക്കാദമിയുടെ അന്തർദേശീയ നാടകോത്സവം 2018 ജനുവരി 20 മുതൽ 29 വരെ തൃശ്ശൂരിൽ നടക്കും. തിരസ്കരിക്കപ്പെട്ടവരുടെ ജീവിതമാണ് പ്രമേയം. ഇറാൻ, സിംഗപ്പൂർ, പോളണ്ട്, ചിലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ച് അന്തർ ദേശീയ നാടകങ്ങളും അഞ്ച് മലയാള നാടകങ്ങളടക്കം പതിനഞ്ച് ഇന്ത്യൻ നാടകങ്ങളുമാണ് അരങ്ങേറുകയെന്ന് അധ്യക്ഷ കെ.പി.എ.സി ലളിത പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്ത നാടകപ്രവർത്തകരായ എം.കെ.റയിന, രാജീവ് കൃഷ്ണൻ, ഡോ. എസ്. സുനിൽ, തുടങ്ങിയവരടങ്ങുന്ന ഫെസ്റ്റിവൽ ഡയറക്ടറേറ്റും ഡോ.മങ്കൈ എസ് സുരേന്ദ്രനാഥ്, പ്രൊ. ജി. കുമാരവർമ്മ. ഡി. രഘൂത്തമൻ എന്നിവരടങ്ങിയ ഉപദേശക സമിതിയും ചേർന്നാണ് നാടകങ്ങൾ തെരഞ്ഞെടുത്തത്.
സെമിനാറുകൾ, നാടക പണിപ്പുരകൾ, തനതുകലകളുടെ അവതരണങ്ങൾ തുടങ്ങിയവയും ഫോട്ടോപ്രദർശനവും നടക്കും.
സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഫോക്ക്ലോർ അക്കാദമി, സ്കൂൾ ഓഫ് ഡ്രാമ എന്നിവർ നാടകോത്സവത്തിൽ സഹകരിക്കും.
സൗജന്യമായും ടിക്കറ്റെടുത്തും കാണാവുന്ന നാടകങ്ങൾ അരങ്ങേറും. ടിക്കറ്റുകളിൽ 30 ശതമാനം ഓൺലൈൻ വഴിയും മറ്റുള്ളത് ബോക്സോഫീസ് വഴിയും വിതരണം ചെയ്യും. പത്തു വർഷത്തെ നാടകമേളയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമിക്കാനുള്ള പ്രവർത്തനങ്ങളും അക്കാദമി തുടങ്ങി. പത്രസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപാട്ട്, ജലീൽ ടി കുന്നത്ത് തുടങ്ങിയവരും പങ്കെടുത്തു.