പ്രളയത്തില്‍ മറന്നുപോയ ചിലയിടങ്ങള്‍

0
642

ദേവരാജ്

മഹാപ്രളയം വന്ന് കേരളത്തെ മുക്കികളഞ്ഞ ദിനങ്ങളെ നാം അതിജീവിക്കുന്നേയുള്ളൂ. ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷടപ്പെട്ടവരടക്കം നിരവധി വേദനകളിലൂടെയാണ് നാം കടന്നുപോയത്. പ്രളയത്തില്‍ നാം മറന്നുപോയ ചില ഇടങ്ങളുണ്ട്. അത്തരത്തില്‍ ഒരിടത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌.

ആറയങ്ങാട് സ്നേഹഭവനിൽ കഴിഞ്ഞ ദിവസം പോയിരുന്നു. കൂത്തുപറമ്പ്-കൊട്ടിയൂർ അമ്പലം റൂട്ടിൽ കോളയാട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ഏകദേശം ഏഴ് കിലോമീറ്ററാണ് സ്നേഹഭവനിലേക്ക്. എം. ജെ. സ്റ്റീഫൻ എന്ന മനുഷ്യസ്നേഹിയായ വ്യക്തി 25 വർഷങ്ങൾക്ക് മുമ്പ് തലശ്ശേരി ബസ്റ്റാന്റിൽ ആരും തുണയില്ലാതെ കിടന്ന ഒരു വൃദ്ധനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു. അതാണ് സ്നേഹഭവന്റെ തുടക്കം.  ഇന്നവിടെ 300 പേരുണ്ട്. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, സംസാരിക്കാത്തവർ, ചെവി കേൾക്കാത്തവർ, മനസ്സിന്റെ താളം തെറ്റിയവർ, പ്രാഥമിക ആവശ്യങ്ങൾ പോലും തനിച്ച് ചെയ്യാൻ പറ്റാത്തവർ, അസുഖങ്ങളിൽ നിന്ന് നേരിയ തോതിൽ മുക്തി നേടിയവർ, വാട്ടർ ബെഡിൽ ഒരേ കിടപ്പ് കിടക്കുന്നവർ.. അങ്ങനെ മുന്നോറോളം പേർ. ഇനിയും ആളെ അഡ്മിറ്റ് ചെയ്യാൻ നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പുതിയതായി ആരെയും ഏറ്റെടുക്കുന്നില്ല. ബെഡ്ഷീറ്റ് എന്നാൽ സാരിയാണ് ഒരു സാരി രണ്ട് ബെഡ്ഷീറ്റായി ഉപയോഗിക്കുന്നു, എളുപ്പം ഉണങ്ങിക്കിട്ടും എന്നതും കാരണം.

അവരുടെ തുണികൾ പലരും വന്ന് അലക്കി കൊടുക്കും. കല്യാണം നടക്കാത്തവർ, കുട്ടികൾ ഇല്ലാത്തവർ തുടങ്ങിയവരൊക്കെ അതൊരു നേർച്ചയായി കണ്ട് വന്ന് ചെയ്യും പോലും. അസുഖം മാറിയാൽ പരമാവധി ബന്ധുക്കളെ അറിയിക്കും. വന്നാൽ അവരോടൊപ്പം അയക്കും. ഇല്ലെങ്കിൽ ജീവിതാവസാനം വരെ ഇവിടെ തന്നെ. മരണപ്പെട്ടാൽ അവർക്കായി 48 കല്ലറകൾ. ജാതിയോ മതമോ നോക്കാതെ ഒന്ന് മുതൽ നാല്പത്തെട്ട് വരെ കല്ലറകളിൽ അടക്കം ചെയ്യും. നാല്പത്തെട്ട് കഴിഞ്ഞാൽ വീണ്ടും ഒന്നു മുതൽ.

മാനസിക പ്രശ്നമനുഭവിക്കുന്നവരുടെ മരുന്നുകള്‍ക്ക് വലിയവിലയാണ് എന്നറിഞ്ഞു. മരുന്നൊന്നും കടംകിട്ടിലല്ലോ? അതെ, ആവശ്യങ്ങള്‍ ഏറെയാണ്‌. ഒരു ദിവസം കഴിയാന്‍ 80kg അരിവേണം. അരിമാത്രം പോരെല്ലോ. നമ്മളെപ്പോലെ അവര്‍ക്കും വിശക്കില്ലേ? പ്രളയത്തില്‍ നാം മറന്നുപോയ ഇടങ്ങളില്‍ ഒന്നാണിത്. സഹായങ്ങള്‍ കിട്ടതായിരിക്കുന്നു എന്നറിഞ്ഞു. അവർക്കായി പ്രിയപ്പെട്ട കൂട്ടുകാരുടെ സഹായത്താൽ സമാഹരിച്ച 26 ചാക്ക് അരി ,ചെറുപയർ, വൻപയർ എന്നീ സാധനങ്ങൾ എത്തിച്ചു കൊടുത്തു. സ്റ്റീഫൻ ചേട്ടൻ ഓരോ ഹാളിലും കൊണ്ടുപോയി കാര്യങ്ങൾ വിശദീകരിച്ചു തന്നു. ചിലർ വിശേഷം ചോദിച്ചു വന്നു. ഭക്ഷണ ഹാളിൽ കുറച്ച് പേർ നിന്ന് ഭക്ഷണം കഴിക്കുന്നു. കസേര ഇല്ലാത്തതാണ് കാരണം. അവർക്ക് 50 കസേര വേണം എന്നാവശ്യം. ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. പറയാതിരിക്കാൻ തോന്നിയില്ല. ചിലർക്ക് പാട്ട് കേൾക്കണം. ഒരാൾക്ക് സിനിമ കാണണം. അങ്ങനെയങ്ങനെ. കൂട്ടുകാരെയും കൂട്ടി ഒരു പകൽ അവിടെപ്പോയി അവർക്കിഷ്ടമുള്ള പാട്ടുകൾ പാടിക്കൊടുക്കാം. തമാശകൾ അവതരിപ്പിക്കാം എന്ന് ഉറച്ച വാക്കും കൊടുത്ത് പുറത്തിറങ്ങി. സന്ദർശകർ ഇറങ്ങിയാൽ ഗ്രിൽസ് പൂട്ടും. ആ ഗ്രിൽസിന്റെ ഇടയിലൂടെ കൈ വീശി അമ്മയുടെ പ്രായമുള്ള ഒരു ചേച്ചി വിളിച്ചു ചോദിച്ചതാണ് ഇപ്പം മനസ്സ് നിറയെ….’ചേട്ടാ… ചായക്കൊരു പലഹാരം വാങ്ങിത്തരുമോ?’

നന്ദി കൂടെ നിന്ന പ്രിയപ്പെട്ടവർക്ക്..
SNEHABHAVAN, H.O. ARAYANGAD, ALACHERY (PO), KANNUR, KERALA- 670650
Ph: 04902302541
Mob: 9495091399, 9847632507
സ്നേഹഭവന്റെ വിലാസവും നമ്പറുമാണ്… പറ്റുന്നത് ചെയ്തു കൊടുക്കണേ..

LEAVE A REPLY

Please enter your comment!
Please enter your name here