എസ്. ഹരീഷ് ഒറ്റയ്ക്കല്ല

0
633

കലാ സാഹിത്യ സൃഷ്ടികൾക്ക് എതിരെയുള്ള അസഹിഷ്ണുത പുതുമയുള്ളതല്ല. പക്ഷെ, ഒരു നോവലിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് സൈബർ ആക്രമണങ്ങൾ നടത്തുകയും അത് വഴി കുടുംബാംഗങ്ങളെ വരെ അപമാനിക്കുകയും ചെയ്യുന്നത് ഖേദകരം തന്നെ. അതേ തുടർന്ന് എഴുത്തുകാരന് നോവൽ പിൻവലിക്കേണ്ട വരുന്നത് ലജ്‌ജാകരവും. ‘മീശ’ പിൻവലിച്ചതിനെ തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എസ്. ഹരീഷിന് പിന്തുണ അറിയിച്ചുകൊണ്ട് എത്തുന്നത്. ചില പ്രതികരണങ്ങളിലൂടെ….

വടക്കേടത്ത് നാരായണൻ ഹരിദാസ്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എസ് ഹരീഷ് എഴുതുന്ന മീശ എന്ന നോവലിന്റെ രണ്ടാമത്തെ അധ്യായത്തിൽ രണ്ടു കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തിൽ ഒരു ഭാഗം മാത്രം സ്ക്രീൻ ഷോട്ട് എടുത്തു പ്രചരിപ്പിക്കുകയും അത് ഹിന്ദു സ്ത്രീകളെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്നത് കേരളീയ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. സംഘപരിവാരത്തിന്റെ എലിക്കെണിയിൽ നിർഭാഗ്യവശാൽ യോഗക്ഷേമ സഭയും വീണുപോയി.
മറ്റു സമുദായ സംഘടനകളുടേതുപോലുള്ള ഒരു സമ്മർദ്ദ ശക്തിയാകാനുള്ള വിഭവങ്ങളോ ആൾബലമോ യോഗക്ഷേമ സഭക്കില്ല. ഒരു സൗഹൃദ കുടുംബ കൂട്ടായ്മ എന്ന നിലക്കാണ് വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങൾ പുലർത്തുന്നവരും ഈ സംഘടനയുമായി സഹകരിക്കുന്നത്. മതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയിലാണ് ഇന്ത്യയിൽ തീവ്ര വലതുപക്ഷ ഹിന്ദുത്വം സംസാരിക്കുന്നത്. നിതാന്തമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ സംഘപരിവാരത്തിന്റെ ആശയ പ്രചരണത്തിനുള്ള വാനര സേനകളിൽ ഒന്നായി യോഗക്ഷേമ സഭയും അധഃപതിച്ചു പോകും. വി ടി മുതലുള്ള ആദ്യകാല നേതാക്കളും സഭയുടെ രണ്ടാം പിറവിയിലെ നേതാക്കളും എഴുത്തിനെ സമുദായ പരിഷ്കരണത്തിനായി ഉപയോഗിച്ചവരാണ്. അവരാരും അക്ഷര വിരോധികൾ ആയിരുന്നില്ല. തീവ്ര വലതുപക്ഷ ഹൈന്ദവതയുടെ പ്രചാരകരും ആയിരുന്നില്ല.
നിലവിൽ യോഗക്ഷേമ സഭക്കുള്ള സൗഹൃദ കുടുംബ കൂട്ടായ്മ എന്ന ആലങ്കാരിക നിലനില്പിനെ പോലും അപകടപ്പെടുത്താനേ ഹരീഷിനെതിരെയുള്ള കലാപത്തിൽ അണിചേർന്നതിലൂടെ സാധിക്കൂ എന്ന് ഒരു ഉപസഭാ പ്രവർത്തകൻ എന്ന നിലയിൽ ഓർമ്മപെടുത്തുകയും യോഗക്ഷേമ സഭാ നേതൃത്വത്തിന്റെ നിലപാടിൽ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്യുന്നു.

(യോഗക്ഷേമ സഭാ പ്രവർത്തകനാണ് ഹരിദാസ്)

പി.എൻ. ഗോപീകൃഷ്ണൻ
എസ്. ഹരീഷ് “മീശ” എന്ന തന്റെ നോവൽ പിൻവലിച്ചതായി വാർത്ത കേൾക്കുന്നു. ശരിയെങ്കിൽ നാമെല്ലാം ലജ്ജിച്ചു തല താഴ്ത്തണം. പെരുമാൾ മുരുകന്മാരെ കേരളത്തിൽ സൃഷ്ടിക്കാനുള്ള സംഘപരിവാർ തന്ത്രത്തിന് നാം വഴങ്ങിക്കൂടാ. എഴുത്തുകാരുടെ പേനയും മനസ്സും സംഘപരിവാറിന് പൂജ ചെയ്യാനുള്ളതല്ല.

ഇത് എസ്.ഹരീഷ് എന്ന വ്യക്തിയ്ക്ക് നേരെയുള്ള ഭീഷണിയല്ല. എഴുത്ത് എന്ന സ്ഥാപനത്തിനും ആധുനിക ജീവിതം എന്ന പരികല്പനയ്ക്കും എതിരേയുള്ള കടന്നുകയറ്റമാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിർവ്വീര്യവത്ക്കരണമാണ്. മലയാള സാഹിത്യം നൂറ്റാണ്ടുകൾ കൊണ്ട് നേടിയ സ്വതന്ത്ര പദവിയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. ആധുനിക മനുഷ്യരുടെ അടിസ്ഥാന ചോദനയായ ഭാവന ചെയ്യാനുള്ള അവകാശത്തിന് നേരെയുള്ള സെൻസർ ഷിപ്പാണ്.

കേരളത്തിലെ മുഴുവൻ എഴുത്തുകാരും വായനക്കാരും ഒന്നിച്ചു പറയണം. ഹരീഷ് ഒറ്റയ്ക്കല്ല. ഈ നിമിഷത്തിൽ ഞങ്ങളുടെ പേര് ഹരീഷ് എന്നാണ്.

സനീഷ് ഇളയിടത്ത്
എസ് ഹരീഷിനെ ചീത്ത വിളിപ്പിച്ച് നോവല്‍ പിന്‍വലിപ്പിച്ചത് എന്തിനാ ?

/അമ്പലത്തില്‍ പോകുന്ന പെണ്ണുങ്ങള്‍ മോശക്കാരാണെന്ന്.
ആര് , അയാള്‍ പറഞ്ഞോ?
/അയാളല്ല, അയാളെഴുതിയ നോവലിലെ ഒരു കഥാപാത്രം പറഞ്ഞു.
/അതിനെന്താ , അത് നോവലിലെ ഒരു കഥാപാത്രമല്ലേ. പെണ്ണുങ്ങളെപ്പറ്റി മോശം പറയുന്ന എത്രയോ ആണുങ്ങളുണ്ട് ഇന്നാട്ടില്‍. അവരെ നോവലില്‍ ചിത്രീകരിക്കുന്നതില്‍ തെറ്റെന്താണ്?.
/പറ്റില്ല, കഥാപാത്രം ആണെങ്കിലും അങ്ങനെ ഹിന്ദു സ്ത്രീകളെപറ്റി മോശം പറഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. ഞങ്ങള്‍ തെറിവിളിക്കും. എഴുത്തുകാരന്റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കും. പ്രസിദ്ധീകരിക്കുന്ന വാരികയെ സമ്മര്‍ദ്ദത്തിലാക്കി നോവല്‍ പിന്‍വലിപ്പിക്കും. ഗര്‍വ്വ സേ കഹോ…

/ഇതിലിപ്പോ നടന്ന് പോകുന്ന സ്ത്രീകളെപ്പറ്റി ചീത്തപരാമര്‍ശം നടത്തിയതല്ലേയുള്ളൂ . മഹാഭാരതത്തില്‍ ഇതിനെക്കാള്‍ വലിയ അതിക്രമം സ്ത്രീകള്‍ക്കെതിരെ നടന്നിട്ടുണ്ട്. ദ്രൗപദി എന്ന ബഹുമാന്യ സ്ത്രീയുടെ ഉടുതുണി വലിച്ചഴിപ്പിച്ചിട്ടുണ്ട്, അതും സദസ്സ് നിറയെ ആണുങ്ങള്‍ ഉണ്ടായിരിക്കെ. ചീത്ത വിളിക്കുന്നതിനെക്കാള്‍ തോന്ന്യാസമല്ലേ പൊതുവേദിയില്‍ വെച്ച് നഗ്നയാക്കുന്നത്. ആ പുസ്തകം പിന്‍വലിപ്പിക്കുമോ. ആ എഴുത്തുകാരനും കേള്‍ക്കേണ്ടി വരുമോ മോശം വാക്കുകള്‍?

മൗനം.
തെറിവിളി
സാംസ്‌കാരികജിഹ്വകളുടെ മുട്ടിലിഴയല്‍.
പിന്നെ അഗാധമൗനം.

അഭിപ്രായ സ്വാതന്ത്ര്യത്തെ അതിക്രമം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘ പരിവാരമേ
ഞാൻ നിങ്ങൾക്കെതിരാണ്.
നിങ്ങൾ മനുഷ്യരാശിയുടെ ശത്രുവാണ്.
നിങ്ങൾ ഫാസിസ്റ്റാണ്.
ഹരീഷിനൊപ്പം, നിങ്ങളുടെ കത്തിയും കൊലയും തൃണതുല്യമായി കണ്ട്, ഇടതുപക്ഷ ബോധത്തിൻ്റെ കരുത്തുമായി, പേടിയില്ലാതെ ഞാൻ.
സംഘ പരിവാറിൻ്റെ വർഗീയ യുക്തി തുലയട്ടെ.
സംഘ പരിവാരത്തെ കേരളത്തിൽ ഒറ്റപ്പെടുത്തുക.
ഞാൻ സംഘപരിവാരത്തിനെതിരെ .
മരിക്കുവോളവും.
നിങ്ങളോ?
മിണ്ടാതിരുന്നാൽ ഇല്ലാതായിപ്പോവും മനുഷ്യൻമാരേ.
ഒച്ചയുയർത്തുവിൻ. നിർഭയമായി ഒച്ച വെയ്ക്കുവിൻ.
തുലയട്ടെ സംഘപരിവാരം .
ഉറക്കെ പറയുവിൻ, പേടിയില്ലാതെ.

എം. സി അബ്ദുൽ നാസർ
കേരളം എത്രയെല്ലാം പിന്തിരിപ്പനായിരിക്കുമ്പോഴും, സ്വതന്ത്രചിന്തയുടെ ഒരിടം ഇവിടെ ശേഷിപ്പുണ്ടായിരുന്നു. ‘ഇത് ഭൂമിയാണ്’, ‘ജജ് നല്ല മന്സനാകാൻ നോക്ക്’ തുടങ്ങിയ നാടകങ്ങൾ കളിച്ചതിവിടെയാണ്.’ക്രിസ്തുവിന്റെ ആറാം തിരുമുറിവി’ന് ഒരിടം ബാക്കി വെച്ചതിവിടെയാണ്. നാടുവിട്ടതിനു ശേഷം തസ്ലിമ നസ്റിന് ഒരു കടൽത്തീരസവാരി നടത്താൻ സാധിച്ചതിവിടെയാണ്. ആനന്ദ് പട്‌വർധന്റെ സിനിമ നിരോധനാജ്ഞ ലംഘിച്ചും പ്രദർശിപ്പിച്ചത് ഇവിടെയാണ്. എഴുത്തു നിർത്തിയ ശേഷം പെരുമാൾ മുരുകൻ എഴുത്തുകാരനായി വീണ്ടും പങ്കെടുത്തത് ഇവിടെയാണ്.

എസ്.ഹരീഷിന് തന്റെ പുതിയ നോവൽ പാതിവഴിയിൽ പിൻവലിക്കേണ്ടി വന്ന കേരളം, ചരിത്രത്തിന് നിരക്കില്ല. ഇവിടെ, ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ ഇനി ഇടപെടാൻ വലുതായൊന്നും ശേഷിക്കുകയുമില്ല.

രേഖ രാജ്
അദ്ദേഹത്തിന്റെ ‘മീശ’ യെന്ന നോവൽ (മാതൃഭൂമിയിൽ വന്നു കൊണ്ടിരുന്ന) പിൻവലിച്ചു! നമ്മളൊക്കെയെന്തിനാ ജീവിച്ചിരിക്കുന്നേ !! മണ്ടന്മാരായ അക്രമകാരികൾക്കും സാമൂഹ്യ വിരുദ്ധർക്കും എന്തും ചെയ്യാം എന്നുള്ള അവസ്ഥയുണ്ടല്ലോ അത് അപകടമാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് ഉണ്ട് എഴുത്തിൽ, കലയിൽ തെരുവിൽ എഴുത്തുകാരെ സാംസ്കാരിക പ്രവർത്തകരേ നമ്മൾ തുലഞ്ഞു കൊണ്ടിരിക്കുന്ന സമൂഹമാണ്.. ഹതാശമാണ് നമ്മുടെ സ്ഥിതി

ഞാൻ എന്റെ തല താഴ്ത്തിപ്പിടിക്കുന്നു…

ഷെരീഫ് ചുങ്കത്തറ
തീർച്ചയായും ഒരു സ്ക്രീനിംഗ് ബോർഡ് വേണം. മതനേതാക്കളും സംഘടനാ നേതാക്കളും തുടങ്ങി പെട്ടെന്ന് വികാരം വൃണപ്പെടുന്ന ഓരോ കൂട്ടത്തിനെയും പ്രതിനിധിക്കുന്നവർ.

ഇവർ വായിച്ചു സെൻസർ ചെയ്തിട്ട് വേണം അക്ഷരങ്ങൾ പ്രസിദ്ധികരിക്കാൻ. അതാകുമ്പോൾ വിവാദങ്ങളുടെ ആവശ്യമില്ല.. എഴുത്തുകാരനും ക്രീയേറ്റീവിറ്റി ഉപയോഗിക്കേണ്ടി വരില്ല. സ്വസ്ഥം സമാധാനം.

ഷിബു ഗോപാലകൃഷ്ണൻ
എസ്. ഹരീഷ് നോവൽ പിൻവലിച്ചെങ്കിൽ നമ്മൾ ഒരു തോറ്റജനതയാണ്. നമ്മുക്കുള്ളത് തോറ്റ പത്രാധിപർമാരാണ്. നമുക്കുള്ളത് തോറ്റുപോയ വായനക്കാരാണ്. നമുക്കുള്ളത് തോറ്റുപോയ അക്ഷരങ്ങളാണ്. പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ ആത്മഹത്യ ചെയ്യിച്ച ആധുനിക മനുഷ്യ സമൂഹത്തിന്റെ അട്ടഹാസങ്ങൾക്കു തൊട്ടുപിന്നിൽ നമ്മളുണ്ട്. മലയാളമെന്നും പുരോഗമനമെന്നും രാഷ്ട്രീയ സാക്ഷരതയെന്നും ഇനിയെങ്കിലും വീമ്പുപറയരുത്. നല്ല അസ്സലായി തോൽക്കുകയും, നാളിതുവരെ നേടിയ എല്ലാ അഹന്തകളും അസ്തമിക്കുകയും ചെയ്തിരിക്കുന്നു.

ഹരീഷ് ‘മീശ’ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here