ഡോ. കെ.എസ്. കൃഷ്ണകുമാർ
കിതക്കുന്പോഴാണ് ഹൃദയമുണ്ടെന്ന് ഓർമ്മ വരുന്നത്. മിടിപ്പുകളുടെ വേഗതകൾ ചില സന്ദേശങ്ങളാണ് സുഖസ്ഥിതികളിൽ (Safe zoned) വെന്പലുകളൊന്നും ഇല്ലാതിരുന്ന സ്വാർത്ഥയാണ് ഭൂരിപക്ഷം മനുഷ്യർക്കും. ആഴങ്ങളിലേക്കും ഉന്നമനങ്ങളിലേക്കും എത്തുന്പോഴാണ് മനസ്സ് ചഞ്ചലമാകുന്നത്. തോണി ഉലയുന്പോഴും നീങ്ങാതിരിക്കുന്പോഴുമാണ് നാം അസ്വസ്ഥരാകുന്നത്. സ്വാഭാവികമായ ഒഴുക്കുവേഗതയിലങ്ങനെ ആന്തോളനങ്ങളിൽ നീങ്ങുന്പോൾ ആരും പ്രാർത്ഥിക്കുന്നില്ല. ചെരിയാൻ പോകുന്പോൾ, വഞ്ചി നീങ്ങാതാകുന്പോൾ നിലവിളികൾ ഏറുന്നു. മനസ്സ് നിർഭരമാകുന്നു. മുങ്ങരുതേ, വേഗം കരയെത്തണേ എന്നിങ്ങനെ എല്ലാവരും ഭാവഗീതക്കാരാകുന്നു. ജീവിതയാത്രയിൽ തടസ്സവും ഭീഷണിയും ഇല്ലാതെ നീങ്ങുന്പോൾ, അവിടെയാണ് യഥാർത്ഥത്തിൽ പ്രാർത്ഥനകളിൽ, ധ്യാനങ്ങളിൽ മുഴുകേണ്ടത്. ആപത്കാലങ്ങളിൽ, മന്ദാവസ്ഥകളിൽ ദുരിതനേരങ്ങളിൽ കർമ്മങ്ങളാണാവശ്യം. വെള്ളപ്പൊക്ക സമയങ്ങളിൽ ദേവാലയങ്ങളിലേക്കല്ല, കൂടുതൽ വഞ്ചിയിറക്കേണ്ട ദ്രുതങ്ങളിലേക്കാണ് പാദങ്ങൾ ചലിക്കേണ്ടത്. ചലനമാണ് കർമ്മമെന്ന് ആപ്തവാക്യം. കർമ്മമാണ് ഏറ്റവും ഉദാത്തമായ പ്രാർത്ഥനയെന്നതും മറ്റൊരു സുഭാഷിതം. അലങ്കാരങ്ങളിലേക്കും ഔപചാരികതകളിലേക്കും അമിതമായി നോക്കിയിരിക്കുന്ന കാലമാണിത്. അന്യാൻറെ സമൃദ്ധികളിലേക്കും തൻറെ ഇല്ലായ്മകളിലേക്കും തെറ്റായി ധ്യാനിച്ച് നാം കൂടുതൽ കൂടുതൽ അസുഖികളായി മാറുന്നു. അകലേക്ക് പോകുന്തോറും മനസ്സ് ആരംഭിച്ചിടത്ത് തന്നെ നിൽക്കുകയും യാത്രയെന്നത് സാധിക്കാതെ ഇരിക്കുകയും ചെയ്യുന്നു.
മാധ്യമങ്ങളും നമ്മെ ഇത്തരം ശീലക്കാരാക്കുന്നു. പ്രഭാതത്തിൽ നമ്മെക്കുറിച്ചൊരു ദിനപത്രം നിത്യവും ഇറക്കണം. ഇന്നലെ നമുക്ക് സംഭവിച്ചതിനെയെല്ലാം കണ്ണാടി പോലെ കാണിച്ചുതരുന്ന ദിനപത്രം. ദൃശ്യപ്പെട്ടി തുറന്നാലും നമ്മളുടെ കാഴ്ചകൾ കാട്ടിത്തരുന്ന ചാനലുകൾ. സ്വന്തം ചിത്രം പത്രത്തിൽ അടിച്ചുവരുന്ന സുഖത്തെയല്ല ഉദ്ദേശിക്കുന്നത്. ഇത് ആത്മവിചാരത്തിൻറെ ദിനപത്രമാണ് ജീവിതയാത്രയിൽ നമ്മളെവിടെയെത്തിയെന്ന സചിന്തനങ്ങൾ നിറഞ്ഞ നേർക്കാഴ്ചകൾ. നമ്മുടെ സ്വരങ്ങൾ തന്നെയാവണം പശ്ചാത്തലശബ്ദങ്ങൾ. ചിത്രങ്ങളിൽ ചുറ്റും സുഹൃത്തുക്കളും സഹോദരങ്ങളും മാതാപിതാക്കളും ഗുരുജനങ്ങളും ജീവിതപങ്കാളിയും മക്കളും നിരന്നു നിൽക്കുന്നു. ആരെന്നെല്ലാം സൂക്ഷ്മമായി നോക്കുന്ന നേരം തെളിച്ചം ചോരുന്ന ദുരൂഹത. നിസ്വാർത്ഥമായ സ്വത്വം അന്വേഷിക്കുന്ന ശ്രമകരമായ ദൗത്യമാണത്. വലിയ യോഗീശ്വരന്മാർക്കു മാത്രം അവ സാധ്യമെന്ന് ദുഷ്പ്രചരണങ്ങളുണ്ട്. നമ്മളെത്തന്നെ നമ്മളിൽ നിന്ന് വേറിട്ട് നിന്ന് നമ്മളെത്തന്നെ അപഗ്രഥിക്കുന്ന കാഴ്ചയുടെ ആത്മീയതയാണത്. അതിന് അത്യുഗ്രമായ ഭൗതീക മയമുണ്ട്. ദ്വന്ദ്വസ്വഭാവത്തോടെ നമ്മെ നമ്മൾ കാണുന്നതിലെ ജീവിതശാസ്ത്രം അതിഗാഢമാണ്. ലോകചിത്രത്തിൽനിന്ന് നമ്മളെ വെട്ടിയിടാതെയും ഈ ആത്മനിരീക്ഷണം അടുത്ത പടിയിൽ പരീക്ഷിക്കണം. ധ്യാനമെന്നും സ്വത്വാവലോകനമെന്നും ആത്മനിരീക്ഷണമെന്നും പല വിധത്തിൽ ഇതിനെ വിളിക്കാനാകുന്നത് ഇതിലെ ബഹുപാർശ്വങ്ങൾ കാരണമാണ്. ചെയ്യുന്നതിലൊന്നും നിമിഷവും നമ്മളും നിറയാത്തതിനെയാണ് ആത്മാർത്ഥതയില്ലായ്മയെന്ന് വിവരിക്കേണ്ടി വരുന്നത്. അകലേക്ക് പോകുംതോറും മനസ്സ് ആരംഭിച്ചയിടത്ത് തന്നെ നിൽക്കുന്ന യാത്രയെന്ന് സൗമ്യപ്പെടുത്തിയതിന് കാരണമതാണ്. നമ്മൾ സന്നിഹിതരാകേണ്ട നേരങ്ങളിൽ നമ്മുടെ അസാന്നിദ്ധ്യം സംഭവിക്കുന്നതാണ് പല അപകടങ്ങൾക്കും പരാജയങ്ങൾക്കും കാരണം. ശ്രദ്ധ പാളിപ്പോയി, അതു സംഭവിച്ചു പോയി എന്നതിലൊക്കെ നമ്മുടെ അസാന്നിദ്ധ്യം വ്യക്തമാക്കുന്നു. ശാരീരികമായ അസ്തിത്വത്തിന് നിദാനമായ ആത്മീയ-മാനസിക തലങ്ങളെ പരിഗണിക്കാത്തതിൻറെ പോരായ്മകളെന്ന് ഇവയെ വ്യാഖ്യാനിക്കാം. ഒരു ചെടി നടുന്നതും വളമിടുന്നതും വെയിലും തണലും നിലാവും നൽകുന്നതുമെല്ലാം വ്യക്തമായ ഭൗതികതകളാണ്. അതു മാത്രമല്ല, അതിനെ വളർത്തുന്നതും പുഷ്പിക്കുന്നതുമെന്നെല്ലാം വെളിച്ചങ്ങൾ ഉതിരുന്പോഴാണ് കാഴ്ച സന്പൂർണമാകുന്നത്. ഭൗതികേതര ഘടകങ്ങളെ അവിടെ തിരഞ്ഞാൽ കാണുമാറാകില്ല. വാക് വിവരണങ്ങളിലും അവ ഒതുങ്ങില്ല. അദൃശ്യമായ അവയിൽ സ്പർശിക്കാനാവുന്നതോടെ ഉള്ളിലെ ഉൺമയും കലയും വെളിച്ചവും നിറയുന്നു. ദൈവപാതയെന്നോ മാനവികയാത്രയെന്നോ പിന്നെയതിനെ പേരിടാം. ഒരേ പ്രകാശമായി സർവതിനേയും അനുഭവിക്കുകയെന്നത് രസകരമായൊരു ധ്യാനവഴിയാണ്. നിത്യകർമ്മങ്ങളിലോരോന്നിലും ആ വെളിച്ചം കണ്ടുകിട്ടിയാൽ നിങ്ങളുടെ വാർത്തകൾ നിറഞ്ഞ ആ ദിനപത്രത്തിൻറെ വരിക്കാരായി നിങ്ങൾ. ചരാചരം എന്ന വ്യത്യാസം പിന്നെയവിടെയില്ല. ലഭിച്ച കുഞ്ഞുസമ്മാനത്തോട് ഭ്രാന്തമായി മിണ്ടുന്നത് അങ്ങിനെയാണ്. കാണാതായ പഴയ പുസ്കകം തിരികെ കിട്ടുന്പോൾ മൃദുവായി തടവുന്നതങ്ങനെയാണ്. നമുക്ക് മാത്രം വിളിക്കാൻ ഓമനപ്പേരുകൾ ഇടുന്നതങ്ങനെയാണ്. കൺതുറന്നു നോക്കുന്പോൾ സർവതും സുന്ദരമാക്കാൻ ഏക വഴി നന്നായി കൺതുറക്കുകയെന്നതാണ്. ജീവിതയാത്രയിൽ തടസ്സവും ഭീഷണിയും ഇല്ലാതെ നീങ്ങുന്പോഴാണ് പ്രാർത്ഥനകളിലും ധ്യാനങ്ങളിലും മുഴുകേണ്ടതെന്ന വാക്യം ആവർത്തിക്കട്ടെ. ചിലതിനായി ചിലനേരങ്ങളെ ചിട്ടപ്പെടുത്തിയതാണ് ജീവിതപരാജയങ്ങൾക്ക് കാരണമെന്നും തോന്നുന്നു. അങ്ങനെയാകാതെ സ്വതന്ത്രരാക്കിയാൽ മനുഷ്യർക്കിടയിൽ ജീവിതശ്രമം വരികയില്ലെന്ന് തോന്നിയതാണ് ഏറ്റവും വിഡ്ഢിത്തം. പ്രഭാതം പലതിൻറെയും വേളയാണ്. ഭക്ഷണസമയവും നാനാതരമാണ്. വിശ്രമനിമിഷങ്ങളും ബഹുദിശകളിലേക്കാക്കണം. സർവ്വതിനെയും ത്യജിക്കുകയെന്നതല്ല സംന്യാസം. സർവ്വതിനും കയറി വരാനുള്ള ഇടമായി മാറുന്നതാണ് സംന്യസം. അനുനിമിഷം സംന്യാസവൽക്കരണത്തിലേക്കുള്ള പ്രയാണമാണ് ഈ കുറിപ്പിൻറെ ലക്ഷ്യം. എല്ലാത്തിനേയും ഒന്നിച്ചോർക്കാനുള്ള ശേഷി നേടുകയെന്നതാണ് പരമമായ ഉന്നം. എല്ലാവരും എല്ലാതും കയറ്റിയിരിക്കുന്ന, തിരകൾക്കിടയിലൂടെ പ്രയാണം ചെയ്യുന്ന പേടകമാകണം നമ്മൾ. എല്ലാവരുടെയും ഭാഷണങ്ങൾ ഒന്നു ചേർന്ന് ഈണമിട്ട ഒരു ഗാനമാകണം നമ്മൾ. എല്ലാവരുടെയും ഭാഷണങ്ങൾ ഒന്നു ചേർന്ന് ഈണമിട്ട ഒരു ഗാനമാകണം നമ്മളുടെ ജന്മം. വിളിമണി തൂങ്ങിക്കിടക്കാത്ത മനസ്സിൻറെ ഇറയുമുണ്ടാകണം. ആർക്കും കയറി വരാനാകുന്ന വാതിലുകളില്ലാത്ത ഒരു കെട്ടിടമാകണം നാം. പക്ഷെ നമ്മളെപ്പോഴും അവിടെ സന്നിഹിതനാകണം. സ്ഥലത്തില്ല, ഇന്ന് അവധി, മുടക്കം തുടങ്ങിയ പലകകൾ വേണ്ട. എല്ലാവരെയും സ്വീകരിച്ച് ഒന്നിച്ചിരുത്താൻ, സുഖസ്വസ്ഥതകൾ അന്വേഷിക്കാൻ, സുഖദു:ഖങ്ങൾ ചർച്ച ചെയ്യാൻ ഓടി നടക്കുന്ന വിരുന്നുകാരനാവണം നമ്മൾ ഓരോരുത്തരും. അതിന് ആദ്യം , നിത്യവും നമ്മളെക്കുറിച്ചുള്ള ദിനപത്രം നമ്മൾ വായിക്കണം.
മൂല്യശ്രുതി (ആഗസ്റ്റ് 2017)