തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ ‘എട്ടാമത്തെ പിരീഡ്’ കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ കാവല്‍ ഭടന്മാരായി നിലകൊള്ളണമെന്ന്‍, അദ്ദേഹം പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ‘എട്ടാമത്തെ പിരീഡി’ന്റെ എഡിറ്റര്‍ ജിഷ കാര്‍ത്തിക ആമുഖ ഭാഷണം നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദിയും അദ്ധ്യാപക വേദിയും സംയുക്തമായാണ് തൃശ്ശൂര്‍ മുണ്ടശ്ശേരി ഹാളില്‍ കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിച്ചത്. പ്രശസ്ത കവി റഫീഖ് അഹമ്മദ് മുഖ്യാതിഥിയായി. കവിത ആസ്വദിക്കപ്പെടുന്നത് വായനക്കാരന്റെ മനസ്സിലാണെന്നും കവിയുടെ ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അശക്തനാണെന്നും അദ്ദേഹം പറഞ്ഞു. മൂത്തകുന്നം എസ് എന്‍ എം ട്രയിനിംഗ് കോളേജ് അദ്ധ്യാപകനും കവിയും നിരൂപകനുമായ ഡോ കെഎസ് കൃഷ്ണകുമാര്‍ പുസ്തകപരിചയം നടത്തി. പുസ്തക പ്രസാധകന്‍ സുദീപ് തെക്കേപ്പാട്ട്, കവി അന്‍വര്‍ അലി, എം വി പ്രസന്നകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


