പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി

0
457

കെ. സച്ചിദാനന്ദൻ


പതിമൂന്നുവയസ്സുള്ള ആണ്‍കുട്ടിയല്ല.
പൂമ്പാറ്റകളെ മറക്കുവോളം അവള്‍
ദു:സ്വപ്നങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട്
താരാട്ടുകളെ പിന്നിലാക്കി അവള്‍
ഇരുട്ടിന്റെ ഗുഹകളിലൂടെ കടന്നുപോയിട്ടുണ്ട്

പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക്
നാല്‍പ്പത്തിമൂന്നു വയസ്സുണ്ട്
അവള്‍ക്കു നല്ല സ്പര്‍ശവും
ചീത്ത സ്പര്‍ശവും തിരിച്ചറിയാം
അതിജീവനത്തിനായി നുണപറയുന്നത്
തെറ്റല്ലെന്ന് അവള്‍ക്കറിയാം
അവള്‍ക്കു യുദ്ധം ചെയ്യാനറിയാം,
പല്ലുകൊണ്ടും പാട്ടുകൊണ്ടും.
നിങ്ങള്‍ അവളുടെ ഉടലിലെ
പനിനീര്‍മാത്രം കാണുന്നു,
പക്ഷെ അതില്‍ നിറയെ മുള്ളുകളുണ്ട്‌.

പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക്
പറക്കാനാവും, അവള്‍
സൂര്യനെയും പുസ്തകങ്ങളെയും
പുരുഷനുമാത്രമായി വിട്ടു കൊടുക്കില്ല
അവളുടെ ഊഞ്ഞാല്‍ ചന്ദ്രനെച്ചുറ്റി
വിഷാദത്തില്‍നിന്ന് ഉന്മാദത്തിലേയ്ക്കാടുന്നു
അവള്‍ നിങ്ങള്‍ കരുതും പോലെ
രാജകുമാരനെ കിനാക്കാണുന്നില്ല

പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടി
പാതാളത്തില്‍ കാല്‍ കുത്തി നിന്ന്
മഴവില്ലുകളെ സ്പര്‍ശിക്കുന്നു
ഒരു ദിവസം അവള്‍ വെളുത്ത കുതിരപ്പുറത്ത്‌
വാളുമായി പ്രത്യക്ഷപ്പെടും.
മേഘങ്ങളില്‍ കുളമ്പടികള്‍ കേള്‍ക്കുമ്പോള്‍
നിങ്ങളറിയും,
പുരാണങ്ങളില്‍ പറയുന്ന
പത്താമത്തെ അവതാരം പെണ്ണാണെന്ന്.

(കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here