കവിത
ജയശ്രീ പെരിങ്ങോട്
ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ
നീരാഴമാഴക്കുഴിമാത്രമാക്കി
നീയൊഴുകിയ
വഴി മുഴുവൻ
പച്ചകുത്തി
ഓർമ്മയിൽ
കുതിർന്നിരിപ്പാണ്..
എനിക്കറിയാം
നിന്റെ അടുത്ത കളി
തീയ്യാട്ടമാണ് ..
നീയാളിയ
വഴി മുഴുവൻ
ഭസ്മക്കുറി തൊട്ട്
ഞാൻ ധ്യാനത്തിലാവും..
നിന്റെ ഏത് ഋതുവിലും
ഞാൻ നിറയും..
എൻ വിരൽച്ചില്ലയിൽ
നീ വിടരൂ വെയിൽ –
പ്പൂവിതളായിത്തെളിയൂ ..
വിരഹിതൻ ഒറ്റനിൽപ്പായിത്തുടരൂ..
പൊഴിയുമ്പൊഴെന്നിലേക്കൊന്നായടിയൂ….
തീപ്പിടിക്കുന്നൊരുള്ള കത്തേക്ക്
നീ തുറന്നിട്ട ജാലകം..
പച്ച പാറുന്ന കാറ്റുലയ്ക്കുന്ന
നീറി വിങ്ങുന്ന നെഞ്ചകം ..
എന്റെ കാഴ്ച്ചയിൽ നീ കലങ്ങുന്ന
വേനൽ ചാലിച്ച കാടകം..
രണ്ട് പാളികൾക്കിപ്പുറത്തേക്ക്
നീരൊഴുക്കുന്ന നേരകം
നീ കൊയ്ത
പാടമാണെന്റെ
ഹൃദയം ..
എത്ര തരളവും മൃദുലവുമെന്ന്
തോന്നാമെങ്കിലും ..
പ്രണയം
ഒരു കടുത്ത കെട്ടാണ്..
ഇന്നലെ നീയെനിക്കയച്ച
പ്രണയം
ഉൾത്താളിലേക്ക് പകർത്തിയപ്പോൾ
ചോര പൊടിഞ്ഞ് വരുന്നു ..
ഹൃദയം മുറിച്ചെഴുതിയത്…?
ഇന്ന് നീയും ഞാനും
ഒരേ ഗന്ധരാജനിൽ വിരിഞ്ഞു ..
അതിൻ നീയുണ്ടെന്നും
ഞാനുണ്ടെന്നും
തെളിച്ചമില്ലാത്ത ഇതളുകൾ
ഓർമ്മിപ്പിച്ചു ..
തീക്ഷ്ണഗന്ധമാവാതെ ചിരിക്കുന്ന
നമ്മളെ പേറി
ഒരു പൂച്ചെടിയ്ക്കും
നിവർന്നു നിൽക്കാനാവില്ല..
ഞാനടുത്തില്ലേ..
നീയൊന്ന് തെളിഞ്ഞ് ചിരിക്ക്..
നീയാണടുത്തെന്നറിഞ്ഞെപ്പോൾ
എനിക്കും നിലാവാകാൻ കൊതി ..
ഹൃദയം ചീന്തിയെടുത്തു മിനുക്കിയ
നിണ നാരുകൾ കൊണ്ട്
കാലങ്ങളെടുത്ത്
ഞാനൊര് കൂടു പണിയുന്നുണ്ട്..
നീ അടയിരുന്നു വിരിയിക്കുമെന്ന്
ഉറപ്പുള്ള സ്വപ്നങ്ങൾക്കായി ..
എന്റെ ഉള്ളിൽ
ആരോ ഒളിപ്പിച്ച് വെച്ച പാട്ടുകൾ
ചക്കരയല്ല മറ്റെന്തു തന്നാലും
തിരികെത്തരില്ല.
വേണമെങ്കിൽ
കുർത്തമുള്ളുകൾ കാവൽ നിൽക്കുന്ന
എന്നെക്കടന്നു വരൂ..
മധുരം കിനിയുന്ന ഹൃദയത്തിന്റെ
പാട്ടുകേൾക്കാം
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.