ഏത് ചെടിക്കും അതിന് മുളച്ചു വളരാവുന്ന ദേശവും കാലാവസ്ഥയുമുണ്ട്. സംസ്കാരവും അതുപോലെയാണ്. പിച്ചകവും ചെന്പരത്തിയും നീരോലിയും ശീമക്കൊന്നയും പറിച്ച് കളഞ്ഞ് മണലാരണ്യപ്പനകൾ വച്ചു നനയ്ക്കുന്നത് കാണുമ്പോൾ ഭയം തോന്നുന്നു. പുട്ടും ഇഡ്ഡിലിയും ചോറും ചട്ടിണിയും തട്ടി കളഞ്ഞ് കുബ്ബൂസിന് വിലചോദിക്കുമ്പോൾ കരച്ചിൽ വരുന്നു. ഒന്ന് കാറ്റുകൊളളാൻ കുന്നിൻ മുകളിൽ പോകാം, അസ്തമയം കാണാൻ കടൽക്കര പോകാം എന്ന് പറയുമ്പോൾ നമുക്ക് ലുലു മാളിൽ പോകാമെന്ന് വാശി പിടിക്കുന്നു. പ്രകൃതി കാണാൻ ഒരു രാത്രിയും ഒരു പകലും ഗവിയിലെ നടുക്കാട്ടിലെത്തി പച്ചപ്പിലിരിക്കുമ്പോഴും വാട്സപ്പിലെ ഇരട്ടവരകൾ നീലയ്ക്കുന്നതും കാത്ത്, മൊബൈലിൻന്റെ വെളിച്ചക്കടലിലേക്ക് നോക്കിയിരിപ്പായിരുന്നു.
ഡോ.കെ.എസ്.കൃഷ്ണകുമാർ.