ഷൗക്കത്ത് :
ഒരു വിശ്വപൗരനായി സ്വയം അനുഭവിക്കാനാണ് ഗുരുക്കന്മാരെല്ലാം പഠിപ്പിച്ചത്. അങ്ങനെ ഒരു അറിവിലേക്ക് ഉണരാനായത് ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കിടക്കാനും തിന്നാനും ഒരിടം എവിടെയെങ്കിലും സദാ ഉണ്ടെന്നുള്ള ഉറപ്പില്‍ വെറുംകൈയോടെ ഹിമാലയം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ കറങ്ങിത്തിരിയാനും ഉള്ളില്‍ ശരിയെന്നു തോന്നുന്നത് തുറന്നുപറയാനുമൊക്കെ ഇപ്പോഴും കഴിയുന്നത് ഇന്ത്യയില്‍ ആയിരിക്കുന്നതുകൊണ്ടുതന്നെയാണ്.
അങ്ങിങ്ങായി ഇതെല്ലാം മെല്ലെമെല്ലെ നഷ്ടപ്പെടുന്നുണ്ടെങ്കിലും ഇന്നും അത് സാദ്ധ്യമായിരിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് എന്നെപ്പോലുള്ളവര്‍ ഇവിടെ ജീവിച്ചിരിക്കുന്നത്. ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഇല്ലാതെ ഉള്ളിലുണരുന്ന ആശയങ്ങളെ തുറന്നു പറയാനുള്ള ഇടം ഇന്നും ഇവിടെയുണ്ട്. അതൊരു ആശ്വാസമാണ്. .
നടരാജഗുരുവും നിത്യഗുരുവും ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. കൂടെ ഒരു യൂറോപ്യന്‍ ശിഷ്യനുമുണ്ട്. അപ്പോള്‍ ഒരു യാചകന്‍ വന്നു കൈ നീട്ടി. അതുകണ്ട് നീരസത്തോടെ ആ ശിഷ്യന്‍ പറഞ്ഞു: ഇതാണ് ഇന്ത്യയിലെ കുഴപ്പം.
അതുകേട്ട് നടരാജഗുരു പറഞ്ഞു: അത് പറയരുത്. ഇതാണ് ഇന്ത്യയുടെ മൂല്യം. കൈ നീട്ടിയാല്‍ കൊടുക്കുന്ന മനസ്സുണ്ടെന്ന വിശ്വാസം ഇനിയും ഇവിടുത്തെ ജനതയ്ക്ക് നഷ്ടപ്പെട്ടിട്ടില്ല. അത് ഈ സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന വലിയൊരു മൂല്യമാണ്. അതാണ് നിങ്ങള്‍ കാണാതെ പോകുന്നത്.
ഗുരു യാചനയെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. മറിച്ച് കാരുണ്യവും സഹാനുഭൂതിയുമുള്ള ഒരു ഹൃദയത്തിന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്ന മനുഷ്യമനസ്സിന്റെ വിശ്വാസത്തെ തൊട്ടുകാണിക്കുകയായിരുന്നു.
രാജ്യം കൂടുതൽ ശിഥിലമായിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയെ വേദനയോടെ അനുഭവിക്കുമ്പോഴും കാലം അതിനെ അതിജീവിക്കും എന്നുറച്ചു വിശ്വസിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. സൂര്യനു കീഴെ ഒരു കാർമേഘവും അധികനേരം തങ്ങി നില്ക്കില്ല എന്നത് ഒരു പ്രകൃതി സത്യം ..
(കഴിഞ്ഞ വർഷം ഇതേ ദിവസം എഴുതിയത്. fb post)