
കോഴിക്കോട്: ശതചിത്ര എന്ന പേരിൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന 100 കലാകാരൻമാർ പങ്കെടുക്കുന്ന ചിത്ര ശിൽപ പ്രദർശനത്തിന് 17 ന് ചൊവ്വാഴ്ച തുടക്കമാവും. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ചിത്രകാരൻമാരുടെയും ചിത്രകലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രഭാകരൻ, പോൾ കല്ലാനോട്, കബിത മുഖോപാധ്യായ, ടി ആർ ഉദയകുമാർ, ശ്രീജ പള്ളം, സുനിൽ അശോകപുരം, സഗീർ, സുനിൽ ലിനസ് ഡെ, മോപ്പസാങ് വാലത്ത്, ജി എം മധു, കൽക്കി സുബ്രഹ്മണ്യം, യൂനുസ് മുസ്‌ലിയാരകത്ത്, ഷാജി കേശവ്, ഡോ. ടി റഹിമാൻ, വി കെ ശങ്കരൻ, കെ എം നാരായണൻ, ഉണ്ണി കാനായി തുടങ്ങി കേരളത്തിലെ പ്രഗത്ഭരായ ചിത്രകാരൻമാർക്കും ശിൽപ്പികൾക്കുമൊപ്പം വരക്കൂട്ടം അംഗങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നു. കലയിൽ നടക്കുന്ന പരീക്ഷണങ്ങളെയും വിവിധ രചനാരീതികളെയും പരിചയപ്പെടുത്തുന്നതാവും പ്രദർശനം. വിവിധ ശൈലിയിലും മാധ്യമങ്ങളിലുമുള്ള രചനകൾ സമകാലിക ചിത്രകലയുടെ പ്രതിഫലനമാവും. കേരളത്തിൽ ആദ്യമായാണ് 100 കലാകാരൻമാർ തങ്ങളുടെ സൃഷ്ടികളുമായി ഒരുമിക്കുന്നത്. ഷമീം സീഗൾ, അനീസ് വടക്കൻ എന്നിവരാണ് ക്യൂറേറ്റർമാർ. 17ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. വി പി ഷൗക്കത്തലി അധ്യക്ഷത വഹിക്കും. പോൾ കല്ലാനോട്, ശ്രീജ പള്ളം, ടി ആർ ഉദയകുമാർ, കെ പ്രഭാകരൻ, കമാൽ വരദൂർ, കൽക്കി സുബ്രഹ്മണ്യം, കബിത മുഖോപാദ്യായ, കെ വി ദയാനന്ദൻ പ്രസംഗിക്കും.