പി. കെ .ഗണേശൻ
നമ്മിൽ പലരിലും സദാചാര പോക്കിരിയുണ്ട്.ആ പോക്കിരിയ്ക്ക് പോലീസ് എന്ന വിളിപ്പേരും ഉണ്ടല്ലോ.സദാചാരത്തിൻറെ കാര്യത്തിൽ പോലീസും പോക്കിരിയും തമ്മിൽ ഉള്ളടക്കത്തിൽ വിത്യാസം ഇല്ല. സദാചാരം വിഷയം ആവുമ്പോൾ അതുകൊണ്ട് നാം യൂണിഫോം ഇട്ട പോലീസിനെയും യൂണിഫോമിടാത്ത പോലീസിനെയും കാണുന്നു.ഒന്ന് മറ്റേതിന് ചേരുംപടിയാവുന്നു.ഒരമ്മ പെറ്റ മക്കളെ പോലെ ഇരുവരും.ആണും പെണ്ണും ഒരുമിച്ചിരുന്നാൽ നടന്നാൽ ഇവർക്ക് ഹാലിളകും,കുരു പൊട്ടും.സദാചാരം സംരക്ഷിക്കാൻ പലവിധ സേനകളിറങ്ങും.ഇറങ്ങിയല്ലോ.കേരളത്തിലെ യൗവനം തീർത്ത പ്രതിരോധം മറ്റൊരു നിവർത്തന പ്രക്ഷോഭമായി പടർന്നു.ഈ സാംസ്കാരിക പരിസരത്ത് നിന്ന് പ്രതാപ് ജോസഫ് സ്വന്തം ക്യാമറയിൽ ജീവിതാനുഭവങ്ങൾ ഒപ്പുന്ന സിനിമയാണ് രണ്ടു പേർ ചുംബിക്കുമ്പോൾ.ഒരു സംവിധായകൻ എന്ന നിലയിൽ പ്രതാപ് തന്റെ കഴിഞ്ഞ രണ്ടു സിനിമകളിൽ നിന്ന് കുറെക്കൂടി മുന്നോട്ട് പോയിട്ടുണ്ട് ഈ സിനിമയിൽ.ദൈർഘ്യം ഉള്ള ആദ്യ ഷോട്ടിലെ ജീവിതാനുഭവത്തെ രണ്ടാമത്തെ ഷോട്ടിലെ ജീവിതം പൂരിപ്പിക്കുന്നു.നമ്മുടെ ദാമ്പത്യത്തിൽ പ്രണയം നീണാൾ വാഴാറില്ല.പെട്ടെന്ന് ഇല പൊഴിയുന്ന, പച്ചപ്പ് നഷ്ടപ്പെടുന്ന ഹരിതഭംഗിയേ ദാമ്പത്യത്തിനുള്ളൂ എന്നത് അംഗീകരിക്കാതെ നമ്മിൽ തന്നെ സദാചാര പോലീസിനെ യൂണിഫോമീടിപ്പിക്കുന്ന രീതിയാണ് പൊതുവെ.മൂന്നു ഷോട്ടുകളുടെ കഥാപരിസരം വിട്ട് നാം ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നപരിസരത്തേക്ക് പ്രതാപ് ക്യാമറയുമായി എത്തുന്നു.അവിടെ സംഭവങ്ങളെ കോഓഡിനേറ്റു ചെയ്യുന്ന പണിയേയുള്ളു.കാരണം ആ സംഭവങ്ങൾ നാം കണ്ടതോ നാം തന്നെ അനുഭവിച്ചതോ ആണ്.ഇവിടെ സിനിമ എന്നാൽ കഥ പറച്ചിലിന്റെ മീഡിയം ആണ് എന്ന തെറ്റിധാരണയെ തന്നെ അപ്പാടെ പൊളിച്ചടുക്കുന്നു.സിനിമക്കായി പ്രതാപ് ചിത്രീകരിക്കാത്തതും എന്നാൽ സിനിമ ഉന്നയിക്കുന്നതുമായ പ്രശ്നലോകം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഡോക്യുമെൻറേഷനിൽ കത്തിവെയ്ക്കുന്ന, തെരഞ്ഞെടുപ്പിന്റെ പണിയേ ഒരു സംവിധായകൻ എന്ന നിലയിൽ വരുന്നുള്ളൂ .അങ്ങനെ ഒരാക്ടിവിസ്റ്റു സിനിമ എന്ന നിലയിൽ ഈ സിനിമക്ക് സ്വീകാര്യതയുണ്ട്.മോറൽ പോലീസിങിൻറെ കാലത്ത് ഒരു ക്യാംപെയ്നർ എന്ന നിലയിൽ ഈ സിനിമക്ക് സാധ്യതയുണ്ട്.കള്ളംപറയാത്ത ക്യാമറ നമ്മുടെ ജീവിതത്തിനു നേരെ പിടിക്കുന്നു.what camera sees,that exists എന്ന് പറയുന്നത് പോലെ.ക്യാമറ പേനയാവുന്ന ആസ്ട്രൂക്ക് പ്രവചിച്ച ചലച്ചിത്രകാലത്തെ ചലചിത്രകാരനാണ്പ്രതാപ് എന്ന് ഈ സിനിമ തെളിയിക്കുന്നു.ഗൊദാർദ് സിനിമയെ നിർവചിച്ചതു പോലെ ഈ സിനിമയും നാം ജീവിക്കുന്ന ജീവിതത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എഡിറ്റിംഗ് ടേബിളിൽ നിന്ന് നിവർന്നു നിൽക്കുന്നു.നിശ്ചയമായും കേരളം ഈ സിനിമക്കൊപ്പം നിൽക്കേണ്ടതുണ്ട്.