ജീവിതത്തിൽനിന്ന് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, ഉള്ളിലുണർന്നാലും കഴിയുന്നത്ര സംയമം ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് പരാതിയും പരിഭവവും. സൗഹൃദത്തിന്റെ എല്ലാ രസവും വറ്റിച്ചു കളയുന്ന വൈകാരിക ഭാവമായാണ് അതനുഭവപ്പെട്ടിട്ടുള്ളത്.
നമ്മെയും ചുറ്റുപാടുകളെയും കലുഷമാക്കുന്ന ആ ഭാവത്തെ ഒഴിവാക്കാനുള്ള വഴി ഓരോരുത്തരെ അവരവരായി അംഗീകരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ്. തന്റെ താല്പര്യത്തിലേക്ക് അപരനെ കൊണ്ടുവരാൻ നടത്തുന്ന ആ ഇടപെടൽ സ്നേഹത്തെ തന്നെ ഇല്ലാതാക്കിക്കളയുകയാണ് ചെയ്യുക.
സൗഹൃദം വിലപ്പെട്ടതാണ്. അതു നാം നിസ്സാരമായ താല്പര്യങ്ങൾക്കായി ഹോമിക്കരുത്. ഉണർവ്വിലേക്ക് പ്രവഹിക്കാനുള്ള ആ സാദ്ധ്യതയെ ബാലിശമായ മോങ്ങലിൽ മുക്കിക്കളയാതെ സൂക്ഷിക്കേണ്ടതുണ്ട്.
അതിരുകളില്ലാത്ത ആകാശം മറയാൻ കണ്ണിലൊരു കരടുപോയാൽ മതി. കൈക്കുന്പിളിൽ ഇത്തിരി വെള്ളമെടുത്ത് അതിൽ കണ്ണൊന്നു ചിമ്മിത്തുറന്നാൽ കരടങ്ങ് പോയ് മറയും. അതവിടെ വെച്ചോണ്ടിരുന്നാലോ കാഴ്ച തന്നെ എന്നന്നേക്കുമായി നഷ്ടപ്പെടും.