അജ്മൽ എൻ. കെ
രണ്ടുനാലുവരികളിൽ വലിയലോകങ്ങളെ വരച്ചിട്ട ചെറിയമനുഷ്യൻ നമ്മെ വിട്ടകന്നിട്ട് ഇന്നേക്കൊരു വ്യാഴവട്ടം തികയുന്നു. പൊക്കമില്ലായ്മ പൊക്കമാക്കിയ ലാളിത്യത്തിന്റെ പര്യായം സൃഷ്ട്ടിച്ച വിടവിനിയും നികത്താനാവാതെ കിടപ്പുണ്ട് കവിതയിൽ. മാഷെഴുതിയതൊന്നും കവിതകളായിരുന്നില്ല. സ്നേഹം നിറഞ്ഞ, വാത്സല്യം തുളുമ്പുന്ന ഉപദേശങ്ങളായിരുന്നു മാഷ് പാടിക്കൊണ്ടേയിരുന്നത്.
കാല്പനികതയിൽ കവിത വിരിയിക്കാൻ ചുറ്റുമുള്ളവർ മത്സരിക്കുമ്പോഴും, വേറിട്ട് നടക്കാനായിരുന്നു കവിക്കിഷ്ടം. പ്രാസമൊപ്പിച്ച്, അലങ്കാരങ്ങളാൽ ആവുംപോൽ അലങ്കരിച്ച് നെടുനീളൻ കവിതകളെ പ്രസവിച്ചുകൂട്ടിയ സമകാലികർക്കിടയിൽ ആ ചെറിയ മനുഷ്യൻ ഈരടികളാൽ വിസ്മയം തീർത്തു.
കുഞ്ഞെന്ന ചെടിക്ക് വരികളിലൂടെ വെള്ളവും വളവും നൽകി നന്മ മരമാക്കി വളർത്തിയാലേ ലോകത്തിന് തണൽ കിട്ടൂ എന്ന തിരിച്ചറിവുകൊണ്ടാവണം അദ്ദേഹത്തിന്റെ വരികളൊക്കെയും കുഞ്ഞുങ്ങൾക്കായുള്ളതായത്. വരികളിലെ ലാളിത്യം കാരണം ബാലസാഹിത്യകാരനെന്ന പദവി ചാർത്തപ്പെട്ടതിൽ അതിരറ്റ് സന്തോഷിച്ച കവി തന്റെ ജീവിതത്തിലെ സിംഹഭാഗവും ചിലവഴിച്ചത് കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു.
1974, 1984 വർഷങ്ങളിൽ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കവി 2006 മാർച്ച് 26 ന് വലപ്പാടുള്ള തന്റെ തറവാട്ടിൽ വെച്ചാണ് അന്തരിച്ചത്. അവിവാഹിതനായാണ് ജീവിച്ചതും മരിച്ചതുമെങ്കിലും മലയാളമണ്ണിലെ കുഞ്ഞുങ്ങൾക്ക് മുഴുവനും അദ്ദേഹം അപ്പൂപ്പനായിരുന്നു. ഒന്നോർത്ത് ചിരിക്കാവുന്ന, ഒരിക്കലൂടെ ഓർത്താൽ ചിന്തിച്ചിരിക്കാവുന്ന കുഞ്ഞുണ്ണിക്കവിതകൾ ഇന്നും കുരുന്നുകൾക്കിടയിൽ പറന്നുനടക്കുന്നു. അവ വായിച്ചവർ വളരുന്നു, വളയാതെ വിളയുന്നു.