മാനാഞ്ചിറയിലെ വിക്ടറി പാര്‍ക്കിലെ ശില്‍പ്പങ്ങളിലൂടെ മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളുമായുള്ള സല്ലാപം, അത് എം ടിയും എന്‍ പിയും, എസ് കെ പൊറ്റെക്കാട്ടും തിക്കോടിയനും പി വത്സലയും, യു എ ഖാദറുമെല്ലാമുള്ള കോഴിക്കോടിന്റെ സാഹിത്യവസന്തങ്ങളെക്കുറിച്ചായി. പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കളി ആട്ടം കുട്ടികളുടെ നാടകക്യാന്പിൻറെ രണ്ടാം ദിവസം നാടകയാത്രയുമായി ക്യാന്പംഗങ്ങൾ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെത്തിയാണ് സാഹിത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്തത്.
പ്രകൃതിയോട് സല്ലപിച്ച് തുടങ്ങിയ പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജലത്തിന്റെ പ്രാധാന്യം അറിയിക്കുന്ന നിരവധി വിവരങ്ങള്‍ ക്യാന്പങ്ങൾക്ക് കൈമാറിയപ്പോള്‍ ജലം ഒരു തുള്ളിയും പാഴാക്കില്ലെന്നും ജലം ജീവാമൃതമാണെന്നും നാടകയാത്രാസംഘങ്ങള്‍ മനസ്സിലുറപ്പിച്ചു. സന്ദര്‍ശിക്കാനെത്തിയ നടന്‍ കലിംഗ ശശിയുമായി കുട്ടികള്‍ സംവദിച്ചു. ക്യാന്പ് ഡയറക്ടര്‍ സംവിധായകന്‍ മനോജ് നാരായണന്റെയും ക്യാന്പ് ഇന്‍ചാര്‍ജ് എ അബൂബക്കറിന്റെയും നേതൃത്വത്തിലുള്ള പരിശീലനങ്ങളിലൂടെ നിരവധി കൊച്ചുനാടകങ്ങള്‍ രൂപപ്പെട്ടു. വൈകിട്ടോടെ നാടകയാത്ര കഴിഞ്ഞ് കുട്ടികള്‍ പൂക്കാട് കലാലയത്തിലെ ക്യാന്പ് വേദിയിലെത്തി. തുടര്‍ന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ പാലക്കാട് പെരിങ്ങോട് സ്കൂള്‍ നാടകവേദിയുടെ ‘വലുതാകാന്‍ കുറേ ചെറുതാകണം’ എന്ന നാടകം കണ്ട് വിലയിരുത്തല്‍ നടത്തി. ഞായറാഴ്ച ഒന്ന്, രണ്ട്, മൂന്ന് ക്ളാസുകളിലെ 180 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കുട്ടിക്കളി ആട്ടവും കളി ആട്ടത്തിന്റെ ഭാഗമായി നടക്കും. പാവ നാടക ശില്‍പ്പശാലയും ഞായറാഴ്ച നടക്കുന്നുണ്ട്.