പയ്യന്നൂർ : കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ , ഒക്ടോബർ 29 ന് കണ്ണൂർ- കാസകോട് ജില്ലാ തലത്തിൽ കുട്ടികൾക്കായുള്ള ഒരു ചിത്ര രചന മത്സരം ഒരുങ്ങുന്നു. 80 – 90 കാലയളവുകളിൽ, കേരളത്തിലെ ദൃശ്യ സാക്ഷരതക്ക് പുതിയ ആഖ്യാനങ്ങൾ കൊടുത്ത കലാലയ ബാല കൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഈ മത്സരം. നഴ്സറി തലത്തിൽ ക്രിയോൺ കളറിങ്ങും, ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗത്തിന് ജലച്ചായത്തിലുമാണ് മത്സരം.രാവിലെ 10 ന് തുടങ്ങുന്ന പരിപാടി, കേരള ലളിത കലാ അക്കാദമി സെക്രട്ടറിയായ, ശ്രീ. പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.കൂടാതെ, ഗോവിന്ദൻ കണ്ണപുരം(ആർട്ട് മാസ്റ്ററോ ഇന്റർനാഷണൽ അവാർഡ്), സുരേന്ദ്രൻ കൂക്കാനം( കലനികേതൻ നാടൻ കലാ പുരസ്കാരം) എന്നിവരെ ചടങ്ങിൽ ആദരിക്കും.
ചിത്ര കലയെന്നും അതത് കാലത്തിന്റെ മനോഭാവങ്ങളെ വരച്ചിടാനുള്ളതാണല്ലോ. അന്ന് കലാലയ ബാലകൃഷ്ണൻ മാസ്റ്റർ, തന്റെ കാലത്തിന്റെ അനീതികളെ കുറിച്ച് പറഞ്ഞ ചിത്രങ്ങളിൽ പ്രശസ്തമായത്, രണ്ട് ശവങ്ങൾക്കിടയിലെ വൃദ്ധൻ( റിയലിസം), ഹൗസ് വൈഫ്, വിശപ്പ് , പ്രയാണം തുടങ്ങിയവയാണ്. ഇതെല്ലാം തന്നെ അടിയാള സന്പ്രദായം മുതൽ, അന്ന് നടമാടിയ എല്ലാ ദുഷിച്ച വ്യവസ്ഥിതികളെയും ചോദ്യം ചെയ്തവയായിരുന്നു. അത്തരത്തിൽ, തീർച്ചയായും പുതിയ കാലത്തിന്റെ കഥ പറയാൻ, നവ ചിത്രീകരണ രീതിയുമായി കടന്ന് വരാൻ കുഞ്ഞുങ്ങൾക്ക് മാത്രമേ സാധിക്കൂ.. അതുകൊണ്ട് തന്നെ പുതിയ ബാല കൃഷ്ണന്മാർക്ക് പറയാനുള്ളത് കേൾക്കാനുള്ള ഈ അവസരങ്ങൾ, ഒരിക്കലും നഷ്ടപ്പെടരുതെന്ന ദൃഢനിശ്ചയം തന്നെയാണ്, ഈ മത്സരത്തിന് പുതിയ പ്രതീക്ഷകൾ കൊടുക്കുന്നത്. കേരളം കാത്തിരിക്കട്ടെ, പുതിയ ദൃശ്യ സാക്ഷരതയുടെ ചെറുത്തുനിൽപ്പുകൾക്കായ്…
കൂടുതൽ വിവരങ്ങൾക്ക് 9961445259, 9495062620