ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ചലച്ചിത്രമേള ഏപ്രില്‍ 16ന് ആരംഭിക്കും

0
1205

ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ പത്ത് ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ഫിലിം ഫെസ്റ്റിവെലിന് ഏപ്രില്‍ 16ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തുടക്കമാവും. ഏപ്രില്‍ 16 മുതല്‍ 25 വരെ പത്ത് ദിവസങ്ങളിലായി ലോകസിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പത്ത് ചിത്രങ്ങള്‍ ക്ലാസിക് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയിലെ എല്ലാ സിനിമകളും മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6.30ന് പ്രദര്‍ശനം ആരംഭിക്കും.

പ്രമുഖ സാഹിത്യകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ ശ്രീ. സി.വി. ബാലകൃഷ്ണന്‍ 16ന് വൈകുന്നേരം 6 മണിക്ക് മേള ഉദ്ഘാടനം ചെയ്യും. ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചിത്രങ്ങളിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ടൊ റോസല്ലിനിയുടെ റോം ഓപ്പണ്‍ സിറ്റി ആണ് ഉദ്ഘാടനചിത്രം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടോക്യൊ സ്റ്റോറി (യാസുജിറൊ ഒസു, ജപ്പാന്‍), സോര്‍ബ ദ ഗ്രീക്ക് (മൈക്കേല്‍ കാക്കോയാനിസ്,ഗ്രീസ്), ഈഡിപ്പൊ റെ (പിയര്‍ പാവ്‌ലൊ പസോലിനി, ഇറ്റലി), ഡെത്ത് ബൈ ഹാങിങ് (നാഗിസ ഒഷിമ, ജപ്പാന്‍), മെമ്മറീസ് ഒഫ് അണ്ടര്‍ഡവലപ്‌മെന്റ് (തോമസ് എലിയ, ക്യൂബ), എറ്റേണിറ്റി ഏന്റ് എ ഡെ (തിയൊ ആഞ്ജലൊപൗലൊ, ഗ്രീസ്), ചാരുലത (സത്യജിത് റായ്, ഇന്ത്യ), വാഗാബോണ്ട് (ആഗ്നസ് വെര്‍ദ, ബെല്‍ജിയം), നസറിന്‍ (ലൂയി ബുനുവല്‍, സ്പെയിന്‍) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഈ ക്ലാസ്സിക് സിനിമകളെല്ലാം മലയാളം സബ്‌ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here