അനുസ്മരണം
കാവ്യ മാമ്പഴി
ദൈവം ഒരു കലാകാരൻ തന്നെയായിരിക്കണം. യൂസഫലി കേച്ചേരിയുടെ വരികൾ തന്നെ കടമെടുത്താൽ മലയാളിക്ക്, ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് അദ്ദേഹത്തെ പോലൊരു കവിയെ, ഗാനരചയിതാവിനെ ലഭിച്ചത് മലയാളിയുടെ ഭാഗ്യങ്ങളിൽ ഒന്ന് തന്നെയാവുന്നു. മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും ഭക്തിയിലും നമ്മുടെ ഭാവനാ പ്രപഞ്ചങ്ങളിൽ വലിയൊരു പങ്ക് യൂസഫലി കേച്ചേരിയുടെ വരികൾക്ക് എന്നുമുണ്ട്. സുറുമയെഴുതിയ മിഴികളെ എന്ന ജീവൻ തുടിക്കുന്ന പ്രണയ ഗാനത്തിന്റെ വരികളോരോന്നും അനുവാചകർക്ക് പ്രിയപ്പെട്ടതാവുന്നതും, നീല മിഴിയിലെ രാഗ ലഹരി നീ പകർന്നു തരൂ തരൂ എന്നെഴുതി വച്ച കവിയുടെ വരിക്ക് ഗാനഗന്ധർവ്വൻ ജീവൻ കൂടെ പകരുമ്പോൾ ഹൃദയത്തിൽ എവിടെയോ പ്രിയപ്പെട്ട ഒരാളുടെ മിഴികളെ അനുവാചകരും കിനാവ് കാണുന്നുണ്ട്. ഇത്തരത്തിൽ ഓരോ കേൾവിക്കാരുമായും പല തലങ്ങളിൽ അത് പ്രണയമാവട്ടെ, മറ്റേതു തലവുമാവട്ടെ മനോഹരങ്ങളായ ആശയ വിനിമയങ്ങളാണ് ഇദ്ദേഹത്തിന്റെ ഗാനഭൂമിക നടത്തിയിട്ടുള്ളത്.
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു എന്ന ഗാനം മലയാള ഗാനശാഖയിലെ തന്നെ മികച്ച ഗാനങ്ങളിൽ ഒന്നാവുന്നത് ആ സംഗീതത്തോടൊപ്പം ആ വരികൾ പകർന്ന നോവ് കൊണ്ട് കൂടിയാണ്. ഉള്ളിലെവിടെയോ ഒരു വേദനയവസാനിപ്പിച്ച് മറക്കുവാനാവാത്ത മൗനസംഗീതത്തെ മാനസമെന്നു വിളിച്ചു എന്ന് പാട്ട് അവസാനിക്കുമ്പോൾ ഒരിക്കലെങ്കിലും ഉള്ളു ചിതറിപോവാത്തവരുണ്ടാവില്ല. നിലാവിന്റെ പൂങ്കതിരാൽ നെയ്തെടുത്ത പ്രണയിനിയുടെ ലാവണ്യമെന്നും കിനാവിന്റെ പൂ പരാഗം ചൂടി നിൽക്കുന്നു പ്രിയപ്പെട്ടവളുടെ താരുണ്യമെന്നും അവളുടെ വാർമുടിയുടെ കാന്തി നിറയുന്ന നീല മേഘങ്ങളെന്നും ഇക്കാലമത്രയും മലയാളിക്ക് മറ്റൊരു കവിയും പകർന്നു കാണില്ല. പ്രിയപ്പെട്ടവളെ ഇങ്ങനെ വരികളിൽ വരച്ചു വച്ച അതേ യൂസഫലി കേച്ചേരി തന്നെയാണ് പതിനാലാം രാവുദിച്ചത് എന്ന പാട്ടിനൊപ്പം കേൾവികാരോട് താളം പിടിക്കാൻ പറയാതെ പറഞ്ഞതും. സർഗം, പരിണയം, ധ്വനി തുടങ്ങിയ ചില ചലച്ചിത്രങ്ങൾ മലയാളചലച്ചിത്ര ശാഖയിൽ തന്നെ പല തരത്തിലും ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ മൂന്നു ചിത്രങ്ങളുടെയും കഥാ ഗതിക്ക് അപ്പുറത്ത് നിന്ന് മലയാളിക്ക് ഓർത്തുവയ്ക്കാൻ ഈ ചലച്ചിത്രങ്ങൾ എന്ത് തന്നു എന്നോർക്കുമ്പോൾ നമുക്കുത്തരം അതിലെ ഗാനങ്ങൾ എന്നത് തന്നെയാണ്. മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിക്കിടയിൽ വിടർന്നു നിന്നു എന്ന വരിയുടെ തീരാ മധുരം വാക്കുകൾക്ക് അതീതമാണ്. നീലിമ പോരാതെ വാനം പ്രണയിനിയുടെ മിഴിയിണയിൽ കുടിയിരുന്നു എന്ന വരി മറ്റൊരു ചാരുതയാവുന്നു. മറ്റു മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചധികം സംഗീത പ്രാധാന്യമുള്ള ചിത്രമായ സർഗം കേൾവിയനുഭവങ്ങൾക്ക് നൽകിയത് മറ്റൊരു യൂസഫലി കേച്ചേരിയെയും ലോകത്തെയുമാണ്. മുറിവാറ്റുന്ന, മരുന്നാവുന്ന സംഗീതത്തെ കുറിച്ച് ഉള്ളു തുറന്ന് വാചാലനാവുന്ന കവിയെ സംഗീതമേ എന്ന ഒരു ഗാനം കൊണ്ട് തന്നെ അടയാളപെടുത്താം. മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്ര ‘ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി’ എന്ന് നീട്ടി പാടുമ്പോൾ നമ്മുടെ ചേതനകളെ സ്വന്തമാക്കിയ, ഇന്നലെകളുടെ ഈണങ്ങൾക്ക് ചേതന പകർന്ന ഈ കവിയെ മറക്കുക അസാധ്യമാണ്. പരിണയം എന്ന ചലച്ചിത്രമെടുത്താൽ അതിമനോഹരമായി പ്രണയത്തെയും ആ സൗന്ദര്യത്തെയും പ്രകൃതിയോടിണക്കുന്ന കവിയെ കാണാം. നിളയുടെ വിരിമാറിൽ തരള തരംഗങ്ങൾ കസവണി മണിക്കച്ച ഞൊറിയുന്നു എന്ന ‘വൈശാഖ പൗർണ്ണമിയോ’ എന്ന പാട്ടിലെ വരികൾ കേട്ടിരിക്കുമ്പോൾ ഓർമകളിൽ എവിടെയോ പുഴക്കരകളിൽ കാലു നനച്ചിരിക്കുന്ന നനവിന്റെ സുഖം നമ്മളിലും എത്തുന്നുണ്ട്. ധ്വനിയിലെ ഗാനങ്ങളെടുക്കുക, നീയെൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതിയാൽ എന്ന് മാനസ നിളയിൽ പൊന്നോളങ്ങൾ എന്ന ഗാനത്തിലെ വരികൾ ഒരു തവണയെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല.
വയലാറിനും ഒ. എൻ. വി ക്കും ശേഷം പ്രണയപൂർണിമയെയും ഭക്തിയെയും എഴുതി വച്ച കവികളിൽ ആദ്യാവസാനക്കാരൻ യൂസഫലി കേച്ചേരിയാവുന്നു. ജാനകീ ജാനേ ആയാലും കൃഷ്ണ കൃപാ സാഗരം ആയാലും അവിടെ കവി തീർക്കുന്നത് മറ്റൊരു ലോകമാണ്. കൃഷ്ണൻ തനിക്കു സ്നേഹമാണ് എന്നുറച്ചു വിശ്വസിച്ചിരുന്നു എക്കാലവും യൂസഫലി കേച്ചേരി. അദ്ദേഹത്തിന്റെ ഒരു കവിതയ്ക്ക് അഗ്രെ പശ്യാമി എന്നാണ് പേര് നൽകിയത്. ഇങ്ങനെ എഴുതുവാനിരിക്കുമ്പോൾ ഇടക്ക് എഴുത്ത് നിന്നു പോവുന്നിടങ്ങൾ ഉണ്ടാവുന്നത് സ്വഭാവികമാണ്. കാരണം മറ്റൊന്നുമല്ല, ഓരോ വരികളെക്കുറിച്ച് എഴുതുമ്പോഴും നമ്മൾക്കത് മൂളാതിരിക്കാൻ കഴിയില്ല. യൂസഫലി കേച്ചേരിയുടെ ജന്മ വാർഷിക ദിനത്തിൽ രാഗങ്ങളെ കുറിച്ചറിയാത്ത, പഠിക്കാത്തവർ പോലും ഇവിടെ രാഗമാല കോർത്ത് കാത്തിരിക്കുന്നു.. എക്കാലവും..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല