ചുള്ളിക്കാട്: പുതു തലമുറ പറയുന്നു

0
1135

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.

ശരണ്യ. എം

വിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നും അപേക്ഷിക്കാൻ ഏതൊരു എഴുത്തുകാരനും അവകാശമുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിനെന്നല്ല ഏതൊരു എഴുത്തുകാരനും അത് ചെയ്യാം. പക്ഷെ വായനാ ലോകം ഒരു കവിയ്ക്ക് അല്ലെങ്കിൽ എഴുത്തുകാരന് നൽകുന്ന ഏറ്റവും വലിയ അംഗീകാരമായി പാഠപുസ്തകങ്ങളിലെ എഴുത്തുകളെ കാണുമ്പോൾ, അല്ലെങ്കിൽ ഒരു കുഞ്ഞു കുട്ടി തന്റെ വരികൾ പഠിച്ച് വളരുമ്പോൾ അതിനെ എതിർക്കുന്നത് ഉചിതമായ തീരുമാനം ആണെന്ന് തോന്നുന്നില്ല.

അതിലേക്ക് അദ്ദേഹത്തെ എത്തിച്ച നിരവധി കാരണങ്ങൾ ഉണ്ടാകാം. വ്യാകരണം, അക്ഷരത്തെറ്റുകൾ, കോർപറേറ്റ് സ്കൂളുകൾ, പണത്തിന് മുന്നിൽ മുട്ടുമടക്കുന്ന വിദ്യാഭ്യാസ രീതി തുടങ്ങി പലവിധ കാര്യങ്ങൾ. പക്ഷെ ഇതൊക്കെയും ഒരു കുട്ടിയ്ക്ക് ലഭിക്കേണ്ട നല്ല അറിവിനെ ഇല്ലാതാക്കാനുള്ള മാനദണ്ഡമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മേൽപ്പറഞ്ഞ കാരണങ്ങൾ ഒന്നിലും വിദ്യ അഭ്യസിക്കുന്ന കുട്ടികൾ നേരിട്ട് പങ്കുചേരുന്നില്ല. അവർ പലപ്പോഴും സമൂഹത്തിന്റെ ഭാഗമാവുക മാത്രമാണ് ചെയ്യുന്നത്.

തന്റെ രചനകൾ സമാനഹൃദയമുള്ളവർക്ക് വേണ്ടി എഴുതിയതാണെന്ന് ചുള്ളിക്കാടിനെ പോലെ ഒരു കവി പറയുമ്പോൾ അത് വായനാ ലോകം ഇത്രകണ്ട് മനസ്സിലാക്കും എന്നത് വളരെ വലിയ വിഷയമാണ്. ലളിതവും മനോഹരവുമായി എഴുതുന്ന കേരളത്തിലേ എണ്ണം പറഞ്ഞ കവിനിരകളിലേക്ക് ചെറിയ കാലം കൊണ്ട് എത്തിപ്പെട്ട ആളാണ് അദ്ദേഹം. സമപ്രായക്കാർ എന്നല്ല, കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ അദ്ദേഹത്തിന്റെ വരികളെ മനസ്സുകൊണ്ട് സ്വീകരിച്ചവരാണ്. ആ നിലയ്ക്ക് ആ പ്രസ്താവനയെ പൂർണ്ണമായും ഉൾക്കൊള്ളാൻ ഞാൻ അടങ്ങുന്ന വായനാ ലോകത്തിന് ബുദ്ദിമുട്ടായിരിക്കും എന്നതിൽ തർക്കമില്ല.

അദ്ദേഹത്തിന്റെ പ്രസ്താവനയെ മാനിക്കുന്നു. കാരണം ഇത് ചിലപ്പോൾ പുതിയ ഒരു മാറ്റത്തിന്റെ തുടക്കമായിരിക്കാം. ശിഥിലമാകുന്ന വിദ്യാഭ്യാസ രീതിയെ ഉയർത്തിക്കൊണ്ട് വരാനുള്ള തുടക്കം. പക്ഷെ അത് ഒരുപാട് നല്ല അറിവുകളെ കുഞ്ഞുങ്ങൾക്കും മറ്റു വിദ്യാർത്ഥികൾക്കും നിഷേധിച്ചുകൊണ്ട് അല്ലാതെ മറ്റൊരു തരത്തിൽ ആകാമായിരുന്നു.

നിധിന്‍ വി.എന്‍
കവിതയുമായി സംവദിച്ചു കൊണ്ടിരുന്ന ഒരാൾ ഒരു നിമിഷം പറയുകയാണ് കോളേജുകളിലും സ്കൂളുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കുകയോ സർവ്വകലാശാലകൾ തന്റെ കവിതകളിൽ ഗവേഷണം നടത്തുകയോ ചെയ്യരുതെന്ന്. കേരള ജനതയ്ക്കും അധികാരികൾക്കും സമർപ്പിക്കുന്ന അപേക്ഷയായിട്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ‘Death of the Author’ എന്നതിനെക്കുറിച്ച് ചുള്ളിക്കാട് കേട്ടിട്ടില്ലേ എന്നൊരു ചോദ്യം ആവർത്തിക്കാമെങ്കിലും, അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങളെ അനുകൂലിക്കാതെ തരമില്ല.

കാരണം, അദ്ദേഹം നിലക്കൊള്ളുന്നത് ഭാഷയ്ക്ക് വേണ്ടിയാണ്. ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിലൂടെ കവിയ്ക്കു തന്നെയല്ലേ നഷ്ടം എന്ന ചോദ്യത്തെയും റദ്ദ് ചെയ്യുന്നുണ്ട് കവിയായ ചുള്ളിക്കാടിന്റെ ജീവിതം. കവിതയുടെ പേരിൽ യാതൊരു സ്ഥാനമാനങ്ങളും, അവാർഡും സ്വീകരിക്കാത്ത ചുള്ളിക്കാടിന് മറ്റെന്തു നഷ്ടപ്പെടാനാണ്? ഭാഷയ്ക്കു വേണ്ടി ഉറച്ചു നിൽക്കാൻ അദ്ദേഹം കാണിക്കുന്ന ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അക്കാദമിക്ക് ലോകത്തിനപ്പുറത്തേക്ക് വളർന്നിറങ്ങിയ കാവ്യ പ്രപഞ്ചമാണ് ചുള്ളിക്കാടിന്റേത്.

അതിനാൽ  കലാലയങ്ങളില്ലാതെയും അവ വ്യാപിക്കും. എന്നാൽ ചുള്ളിക്കാട് പറഞ്ഞ പോലെ ഇത് അധ്യാപകരുടെ മാത്രം കുഴപ്പമോ, കുറ്റമോ അല്ല. ഉത്തരക്കടലാസ്സിലോ, നോട്ടുബുക്കിലോ, അതുമല്ലെങ്കിൽ വിദ്യാർത്ഥികളുടെ രചനകളിലോ ചുവന്ന മഷിയ്ക്ക് വരച്ചാൽ കുട്ടിക്ക് വൈകാരിക മുറിവുണ്ടാകുമെന്നും, മാനസിക സമ്മർദ്ദം ഉണ്ടാകുമെന്നും, അവർ വിഷാദ രോഗത്തിന് അടിമപ്പെടും എന്നു പറഞ്ഞ് എല്ലാവരെയും പാസ്സാക്കി കയ്യടി നേടുന്ന മാറി മാറി വരുന്ന ഗവൺമെന്റിനും ഇതിൽ പങ്കുണ്ട്. ചടങ്ങിനിടെ എം.എ വിദ്യാർത്ഥി നൽകിയ അക്ഷരതെറ്റ് നിറഞ്ഞ കുറിപ്പാണ് കവിയുടെ കടുത്ത തീരുമാനത്തിനു പിന്നിലെങ്കിലും, ഭാഷയ്ക്കു വേണ്ടിയുള്ള വേറിട്ടൊരു സമരത്തിന് തിരികൊളുത്തിയിരിക്കുകയാണ് കവി.

മലയാള കവിതയെ സമഗ്രമായി പഠിക്കുമ്പോൾ ചുള്ളിക്കാടിനെ മാറ്റി നിർത്തുന്നത് എങ്ങനെ? ഒരു കാലഘട്ടത്തെ മൊത്തം സ്വന്തം പേരിലേക്ക് ആവാഹിച്ച ഒരു കവിയെ നഷ്ടപ്പെടുത്താൻ എങ്ങനെ കഴിയും? -തുടങ്ങിയ വൈകാരിക ചിന്തകളിലാണ് സാഹിത്യ ലോകം. ചുള്ളിക്കാട് സ്വന്തം തീരുമാനത്തിൽ നിന്ന് മാറി നിൽക്കണമെന്ന് കരുതുന്നവരും ഒന്നോർക്കുക, മറ്റൊർക്കും പ്രാപ്യമല്ലാത്ത ഭാഷാശൈലിയിൽ സ്വയം അടയാളപ്പെടുത്തിയ കവി ഭാഷയ്ക്കു വേണ്ടി പുതിയൊരു സമരം ചെയ്യുകയാണ്. മലയാളികൾ തെറ്റുതിരുത്താൻ തയ്യറാകുന്ന നിമിഷം അദ്ദേഹത്തിന്റെ കവിതകൾ അക്കാദമിക ആവശ്യങ്ങൾക്ക് പ്രാപ്യമാകുന്നതും ആയിരിക്കും. നിങ്ങൾ അത്രമേൽ ചുള്ളിക്കാടിനെ സ്നേഹിക്കുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ കവിതകളെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നുവെങ്കിൽ തെറ്റുതിരുത്താൻ തയ്യാറായാൽ മാത്രം മതി, അദ്ദേഹം ആഗ്രഹിക്കുന്നതും അതുതന്നെയാണ്


ഫര്‍സീന്‍ അലി പി.വി  

പ്രമേയസ്വീകാര്യതയിലും ആവിഷ്കരണ തന്ത്രത്തിലും പ്രകടമായ വ്യത്യസ്തത പുലർത്തി അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും മലയാള സാഹിത്യത്തിന് സംഭാവന നൽകിയ ഒരു എഴുത്തുകാരൻ തന്റെ കവിതകൾ പാഠ്യപദ്ധതികളിൽ നിന്ന് ഒഴിവാക്കണമെന്നും ദുരുപയോഗം ചെയ്യരുതെന്നും സമൂഹത്തിന്ന് മുമ്പാകെ അഭ്യർത്ഥിക്കേണ്ടി വന്നിരിക്കുന്നു.

മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഇന്നലെ കൊച്ചിയിൽ പത്രസമ്മേളനത്തിൽ നടത്തിയ പ്രസ്താവനകൾ ഒരേസമയം വ്യത്യസ്ത ചർച്ചകളാണ് മലയാള സാഹിത്യ – അക്കാദമി മേഖലയിൽ ഉയർത്തുന്നത്‌. അക്കാദമിക്ക്‌ രംഗത്ത്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന മൂല്യത്തകർച്ചയും ദുഷ്‌പ്രവണതകളും ചൂണ്ടി കാണിച്ച്‌ കൊണ്ടാണ് കവി ഇത്തരമൊരു അപേക്ഷയുമായി ജനങ്ങൾക്ക്‌ മുന്നിലെത്തിയത്‌. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് പരമാവധി വിദ്യാര്ത്ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നതബിരുദങ്ങള്‍ നല്കുകയും ചെയ്യുന്നുവെന്നതാണ് ഇതിലൊന്ന്.

മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന് ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ധ്യാപകരായി നിയമിക്കുകയാണ്. പ്രബന്ധങ്ങള്‍ കട്ട് ആന്റ്‌ പേസ്റ്റ് നടത്തുന്നത് സര്‍വകലാശാലകള്‍ നോക്കേണ്ട കാര്യമാണ്. കാര്യം ശരിയാണെങ്കിള്‍ കട്ട് ആന്റ്‌ പേസ്റ്റ് നടത്തിയാലും കുഴപ്പമില്ല.

എന്നാല്‍ അബദ്ധങ്ങള്‍ മാത്രമാണ് ഈ പ്രബന്ധങ്ങളിലുള്ളത്. ഈ പ്രബന്ധങ്ങള്‍ക്ക് പി.എച്ച്.ഡി നല്കുകയും ചെയ്യുന്നു. അതിനാലാണ് എന്റെ കവിതകള് പഠിപ്പിക്കേണ്ടെന്ന് പറയുന്നത്. അക്ഷരം എഴുതാന് അറിയാത്തവന് എന്തിനാണ് എന്റെ കവിത പഠിക്കുന്നത്? ആദ്യം അവര്‍ അക്ഷരം എഴുതാന് പഠിക്കട്ടെ. ആവശ്യമുള്ളവര്‍  മാത്രം കവിത നോക്കിയാല്‍ മതി. കവിത ആവശ്യമില്ലാത്തവനെയൊക്കെ കവിത പഠിപ്പിക്കുന്നതെന്തിനാണ്? തെറ്റ്‌ പഠിച്ച്‌ വന്ന അധ്യാപകർ വിദ്യാർത്ഥികളെ വീണ്ടും തെറ്റ്‌ പഠിപ്പിക്കുകയാണ്. അബദ്ധ പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്ക്‌ പോലും ഗവേഷണ ബിരുദം നൽകുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. നമ്മുടെ ഭാഷയെ നശിപ്പിച്ച്‌ കളയുന്ന ഈ സാഹചര്യത്തിൽ ഇവരൊന്നും തന്റെ കവിതകൾ പഠിക്കുകയോ പഠിപ്പിക്കുകയോ വേണ്ടെന്ന് ഞാൻ പറയുന്നതിൽ എന്താണ് തെറ്റ്‌ എന്നാണദ്ദേഹം മലയാളിയോട്‌ ചോദിക്കുന്നത്‌.

പൂർത്തീകരിക്കപ്പെട്ട ഒരു രചനക്ക്‌ മേൽ എഴുത്തുകാരന് നിയന്ത്രണം കൊണ്ടുവരാൻ അവകാശമുണ്ടോ എന്ന മറുചോദ്യങ്ങളും ഉയരുന്നുണ്ട് സാമൂഹ്യമാധ്യമ ചർച്ചകളിൽ. ‘ ഡെത്ത്‌ ഓഫ്‌ ദി ഓഥർ ‘ ഉയർത്തിക്കാണിച്ച്‌ കവിയുടെ പ്രസ്താവനയെ പുച്ഛത്തോടെ കാണുന്നവര്‍ കവി ഗൗരവപൂർവ്വം സൂചിപ്പിച്ച അക്കാദമിക്ക്‌ അപചയങ്ങൾ കാണാതെ പോവരുതെന്ന പക്ഷം മറുഭാഗത്തുമുണ്ട്‌. എന്ത്‌ തന്നെയായാലും കേരളത്തിലെ അക്കാദമിക്ക്‌ മേഖലയിൽ, പ്രത്യേകിച്ച്‌ മലയാള ഭാഷ-സാഹിത്യ പഠന മേഖലയിൽ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന അപചയങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്നതിലേക്കാണ് കാര്യങ്ങൾ വിരല്‍ ചൂണ്ടുന്നത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here