നൈപുണ്യവികസനത്തിലൂടെ മുന്നോട്ട്

0
124

(ലേഖനം)

അഭിജിത്ത് വയനാട്

ഇന്ന് ജൂലൈ 15 ലോക യുവജന ദിനം. യുവജനതയ്ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നല്‍കുക, നല്ല തൊഴിലവസരങ്ങള്‍ നേടുന്നതിനു വേണ്ടിയുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ 2014 ഡിസംബറിലാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം അംഗീകരിച്ചത്. 2015 മുതല്‍ എല്ലാവര്‍ഷവും ലോക യുവജന നൈപുണ്യ ദിനാചരണം നടക്കുന്നു. ഈ വര്‍ഷത്തെ തീം ‘പരിവര്‍ത്തിത ഭാവിക്കായി നൈപുണ്യമുള്ള അധ്യാപകരും പരിശീലകരും യുവാക്കളും’ എന്നതാണ്. നൈപുണ്യ വികസനത്തിനായി യുവതയില്‍ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അനുഭവസമ്പത്തിന്റെയും ആവശ്യകതയും പ്രസക്തിയുമേറെയാണെന്ന തിരിച്ചറിവിലൂടെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം.

നൈപുണ്യ വികസനത്തിലൂടെ യുവജനതയ്ക്ക് മികച്ച സാമൂഹികാന്തരീക്ഷവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യവും ഉണ്ടാകുന്നതിന് വഴിയൊരുങ്ങും. ഇതിന്റെ ഭാഗമായി ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളിലും സംസ്ഥാനതലത്തിലുമെല്ലാം സര്‍ക്കാരുകളും സര്‍ക്കാരിത സംഘടനകളും വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്. പ്രഥമ യുവജന നൈപുണ്യ ദിനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയും കേരളത്തിലെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും ഈ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക മേഖലകളിലെ അനന്തസാധ്യതകള്‍ മനസ്സിലാക്കേണ്ടതും ഒരു അനിവാര്യതയാണ്. മാത്രമല്ല സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനങ്ങളും ലോകത്തുടനീളം സംഭവിച്ചു കൊണ്ടിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയെയും മറ്റ് വെല്ലുവിളികളെയും നേരിട്ട് വൈദഗ്ദ്ധ്യമുള്ളവരായി യുവജനത മാറേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയായ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് ഈ അവസരത്തില്‍ പ്രാധാന്യം കൂടി വരികയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പുത്തന്‍ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യമുള്ള ടെക്‌നിക്കല്‍ സ്‌കൂള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസ മേഖല തുടങ്ങിയവയേയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.

‘ആകാശത്തിലേക്ക് നോക്കുക.. നമ്മള്‍ ഒറ്റയ്ക്കല്ല.. സ്വപ്നം കാണുകയും പ്രയത്‌നിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ചത് തന്നെ നല്‍കാന്‍ ഗൂഢാലോചന നടത്തി പ്രപഞ്ചം മുഴുവന്‍ നമുക്കൊപ്പമുണ്ട്..’
എന്ന എ. പി. ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും വിദഗ്ദ്ധമായ പരിശീലനത്തിലൂടെയും നൈപുണ്യ വികസനവും അതുവഴി മികച്ച ഭാവിയും യുവജനതയ്ക്ക് പ്രാപ്തമാക്കാന്‍ സാധിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here