ഹു- മലയാളസിനിമയിലെ നാഴികക്കല്ല്

0
641

അഖിലേഷ് സുരേഷ്

മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ കഥ. ആ കഥയ്ക്കുള്ളിലാണ് നമ്മൾ ജോണിനേയും ഇസബെല്ലയേയും ഡൊളോറസിനേയുമെല്ലാം പരിചയപ്പെടുന്നത്.

ഡൊളോറസ്; വിളിക്കുവാൻ തന്നെ എത്ര മനോഹരമായ പേരാണത്. അതുപോലെതന്നെ മനോഹരിയായിരുന്നു അവളും. താഴ് വരയുടെ തണുപ്പു പോലെ ചിരിയുള്ളവൾ. മഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന കണ്ണുകളുള്ളവൾ. ഓരോ നിദ്രയിലും പുതുലോകങ്ങൾ വരച്ചവൾ. പകലിൽ ആ സ്വപ്നങ്ങളെ തേടിയലഞ്ഞവൾ. അതിൽ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്ന മുഖങ്ങളുടെ, കേട്ടുമറന്ന ശബ്ദങ്ങളുടെ ശകലങ്ങളുടെ. അവയുടെ പിന്നാലെയായിരുന്നു അവൾ നടന്നത്. താൻ കാണുന്നവയൊന്നും സ്വപ്നങ്ങളല്ലെന്നും അവയൊക്കെയും തന്നോട് സംസാരിക്കുവാൻ ശ്രമിക്കുന്ന ആരുടെയൊക്കെയോ സന്ദേശങ്ങളാണെന്നും അവൾക്ക് ഉറപ്പായിരുന്നു. പക്ഷെ ആരാണ് അവളെ അതെല്ലാം കാട്ടിക്കൊടുക്കുന്നത്? ആരാണ് സ്വപ്നത്തിൽ അവൾ സ്ഥിരമായി കാണാറുള്ള ആ മനുഷ്യൻ? Who was that man??

ജോൺ ലൂക്ക. നമ്മൾ ആദ്യം കാണുന്നത് അയാളെയാണ്. താഴ് വരയുടെ തണുപ്പേറ്റിരുന്ന് കുഞ്ഞു ജുവാന് കഥ പറഞ്ഞുകൊടുക്കുന്ന ജോൺ. പക്ഷെ തൊട്ടടുത്ത നിമിഷം മുതൽ ആ ജോൺ ഇല്ലാതാവുകയാണ്. പിന്നീട് നാം കാണുന്ന ജോൺ മറ്റാരോ ആണ്. സ്നേഹിച്ചതെല്ലാം നഷ്ടപ്പെട്ടവൻ. ആരുമറിയാത്തതെന്തൊക്കെയോ നേടിയവൻ. പറയുവാൻ ഒരുപാടുണ്ടായിട്ടും എല്ലാം മൗനത്തിൽ മറച്ചുപിടിക്കേണ്ടി വന്നവൻ.ജോണിന് ഒരു ലക്ഷ്യമുണ്ടെന്നും അയാൾ അതിലേക്കുള്ള ചുവടുകളിലാണെന്നും നമുക്ക് മനസ്സിലാക്കാം, പക്ഷെ അതെന്തായിരിക്കാം? താഴ് വരയിലെ അനേകമാളുകളുടെ സ്വപ്നത്തിനുള്ളിലേക്ക് ഒരേസമയത്ത് കടന്നുചെല്ലാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു? ശരിക്കും ആരാണ് അയാൾ? Who is he??

ഇസബെല്ല. അവളെ നാം കാണുന്നുണ്ടോ, അറിയില്ല. കുഴിമാടത്തിനു മുകളിലെ ആ ചിത്രത്തിൽ, കുരുന്നു നീലപ്പൂക്കളുടെ ഇടയിൽ, ആയിരം മെഴുകുതിരി നാളങ്ങളുടെ തിളക്കമുള്ളതായ് ഡൊളോറസ് കണ്ട ആ പുഞ്ചിരി. അത് അവളായിരുന്നുവോ? അവൾക്കെന്താണ് സംഭവിച്ചിട്ടുണ്ടാവുക? തിരുപ്പിറവിയുടെ പുലരികളിൽ ഓരോ കൊല്ലവും താഴ്വരയിൽ നടക്കുന്ന അറുംകൊലകളിൽ ഒന്നിന്റെ ഇരായായിട്ടുണ്ടാവുമോ അവളും? ആരായിരിക്കും ആ കൊലപാതകങ്ങൾക്കു പിന്നിൽ? Who killed them all??

WHO എന്ന ചിത്രം മറ്റു സിനിമകളേപ്പോലെ, സംവിധായകൻ കാട്ടിത്തരുന്നതോ എഴുത്തുകാരൻ പറഞ്ഞു തരുന്നതോ ആയ ഒന്നല്ല, അത് കാണുന്ന ഓരോ പ്രേക്ഷകന്റെയും ചിന്തകളുടെ ആകെത്തുകയാണ്. നമ്മൾ കാണുന്ന കാഴ്ചകളിൽ നിന്നും നാം ചിന്തിച്ചെടുക്കുന്നതും അതിലൂടെ നമ്മളെത്തുന്ന നിഗമനങ്ങളിലൂടെയാണ് WHO-നെ മനസ്സിലാക്കേണ്ടത്. കാഴ്ച്ചക്കാരുടെ ചിന്തകളെ ശരിയിലേക്ക് നയിക്കാൻ ഒരുപാട് സൂചനകൾ സംവിധായകൻ പലയിടത്തായി നൽകിയിരിക്കുന്നു. ചില വാചകങ്ങൾക്കിടയിൽ. പുസ്തകത്തിലെ വരികളിൽ. സമയങ്ങളിൽ. നിസ്സാരമെന്നു തോന്നുന്ന ചില രംഗങ്ങളിൽ. പക്ഷെ അതെല്ലാം കാണണം. ശ്രദ്ധിച്ചു കേൾക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക്‌ ഈ ചിത്രം ആസ്വദിക്കാനാകൂ. ചുരുക്കിപ്പറഞ്ഞാൽ ആസ്വദിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം പൂർണമായും നിങ്ങളുടെ കൈവെള്ളയിൽ വച്ചുതരുന്നു. ആസ്വദിച്ചു കണ്ടാൽ ഒരു മലയാള സിനിമ പ്രേക്ഷകൻ എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും WHO. എന്നാൽ സിനിമ എന്നത് നേരം പോക്കിന് കണ്ട് കളയാൻ മാത്രമുള്ള ഒന്നായി കാണുന്നവരാണെങ്കിൽ അകന്നുനിൽക്കുക. നിങ്ങൾക്കായി മീശപിരിയും കൂളിങ് ഗ്ലാസും തൂത്തുകൂട്ടിയുള്ള ഇടിയും മഴ നനഞ്ഞുള്ള പ്രേമവും ചിരിപ്പിച്ചുകൊല്ലുന്ന തമാശകളുമൊക്കെയുള്ള ഒരുപാട് തരം ചിത്രങ്ങൾ പല തരത്തിൽ പല വലിപ്പത്തിൽ അവൈലബിളാണ്, അതിലേതെങ്കിലും ഒന്നു പോയി കാണുക.

ചിത്രത്തിന്റെ ക്യാമറ വർക്കിനേക്കുറിച്ചും സംഗീതത്തെക്കുറിച്ചും സംവിധാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് പേർ ഒരുപാട് പറഞ്ഞിട്ടുണ്ട്; ആവർത്തിച്ച് മടുപ്പിക്കുന്നില്ല. പേർളിയെ ഏറ്റവും സൗന്ദര്യമുള്ളതായി കണ്ടത് ഈ ചിത്രത്തിലാണ്. ചിലയിടങ്ങളിലൊക്കെ ഞെട്ടിച്ചു കളഞ്ഞു, ഉദാഹരണത്തിന് സുഹൃത്തിന്റെ കൈപിടിച്ച് ‘Can you help me..’ എന്നു ചോദിച്ച് കരയുന്ന ആ രംഗത്തിലൊക്കെ ഇരുത്തം വന്നൊരു അഭിനേത്രിയെയാണ് കാണാനായത്. ഡൊളോറസ് എന്ന പേരു പോലെ തന്നെ നോവും നൊമ്പരവും നിറച്ചൊരു ഓർമ്മയാണ് പേർളിയുടെ കഥാപാത്രം. ഷൈനിന്റെ സാന്നിധ്യം സ്ക്രീനിൽ അധിക നേരമില്ലായിരുന്നുവെങ്കിലും പേർളിക്കുശേഷം ഏറ്റവും മികച്ചു നിന്നത് ഷൈനിന്റെ ജോൺ ലൂക്ക ആയിരുന്നു. ശ്രുതി മേനൊന്റെ അരുണിമ എന്ന കഥാപാത്രം ചില രംഗങ്ങളിൽ മികച്ച അവതരണമാവുകയും എന്നാൽ ചിലയിടങ്ങളിൽ താഴേക്ക് പോവുകയും ചെയ്തു. കളക്ടർ പ്രശാന്ത് ബ്രോയുടെ ഇൻട്രോയും, കുറച്ച് ആദ്യ രംഗങ്ങളും ഒഴിച്ചാൽ പിന്നീടങ്ങോട്ട് ആ ഒരു ഒഴുക്ക് ഉണ്ടായിരുന്നില്ല. ഇത്രയും കഥാപാത്രങ്ങളൊഴികെ ബാക്കി വേഷങ്ങൾ ചെയ്തവരിൽ മിക്കവരിലും പതർച്ചകളും പാളിച്ചകളും വേണ്ടുവോളമുണ്ടായിരുന്നതായി തോന്നി. എല്ലാം പുതുമുഖങ്ങളാവുമ്പോൾ അത് തികച്ചും സ്വാഭാവികമാണെന്നതിനാലും കഥാഗതിയെ കാര്യമായി ബാധിക്കാത്തതിനാലും അത് മുഖവിലയ്ക്ക് എടുക്കുന്നില്ല, എങ്കിലും അത് ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പെർഫെക്ട് ആയേനെ.

പിന്നെ ഒന്നുള്ളത് സംഭവം നടക്കുന്ന തീയതികളും സമയവുമൊക്കെ ശ്രദ്ധ കിട്ടാത്ത ഭാഗത്ത്, കാഴ്ച്ച തട്ടാത്ത എഴുത്തുശൈലിയിൽ കാണിച്ചതാണ്, അത് ഇടതു വശത്ത് താഴെയായിരുന്നുവെങ്കിൽ കുറച്ചു കൂടി ശ്രദ്ധ കിട്ടിയേനെ. ഈ രണ്ടേ രണ്ട് അഭിപ്രായങ്ങളാണ് വ്യക്തിപരമായി എനിക്ക് പറയാൻ തോന്നിയത്. ഇവ ഒഴിച്ചു നിർത്തിയാൽ WHO എന്നെ സംബന്ധിച്ചിടത്തോളം വളരെ ആസ്വദിച്ച ഒരു തിയേറ്റർ അനുഭവം തന്നെയാണ്. പ്രേക്ഷകർ ഏറ്റെടുത്താൽ, ‘മലയാളസിനിമാലോകത്ത് ഇന്നോളം നാട്ടിയിട്ടുള്ള നാഴികക്കല്ലുകളിൽ ഒന്നാകാൻ പോന്ന ചിത്രം’ എന്നു പറഞ്ഞാൽ കൂടുതലാകാത്ത ഒരു ബ്രില്യന്റ് അറ്റംപ്റ്റ്!

മൂന്ന് അദ്ധ്യായങ്ങളുള്ള ഒരു ചിത്രത്തിന്റെ രണ്ടാം അദ്ധ്യായമാണ് WHO. ഇതിലൂടെ ജോണും ഡൊളോറസും ഡോക്ടർ സാമുവലും അരുണിമയും നമ്മോടു സംസാരിക്കുന്നു. WHO ബാക്കിവയ്ക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം പറയേണ്ടത് ഒന്നും മൂന്നും അദ്ധ്യായങ്ങളാണ്, ഇസബെല്ലയ്ക്കും ഗലീലിയോയ്ക്കും പറയാൻ ഒരുപാടുണ്ടാകും. അതു കേൾക്കാൻ ഒരുപാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു. എനിക്ക് മാത്രമല്ല, മനസ്സിരുത്തി ആസ്വദിച്ചു കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും കാത്തിരിക്കാതിരിക്കുവാൻ ആവില്ല!

മൂവി സ്ട്രീറ്റില്‍ പ്രസിദ്ധീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here