തോറ്റു പോയവരും വിജയിച്ചവരാണ്

0
998
vaishnav-satheesh-article-wp

വൈഷ്ണവ് സതീഷ്
ബി.എ.ഇംഗ്ലീഷ് മൂന്നാം വർഷം
എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്

എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നിരിക്കയാണ്. ഈയൊരു വിഷയത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പലപ്രാവശ്യം ചർച്ചചെയ്യപ്പെട്ട കാര്യമാണ്. എന്നാൽ, ഞാനീ കുറിപ്പ് എഴുതുന്ന സമയത്തും അനേകം കുട്ടികൾ പരീക്ഷാഫലത്തെക്കുറിച്ചും, ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ടുപോയ ഒന്നോ രണ്ടോ എ പ്ലസുകളെക്കുറിച്ചും, തോറ്റുപോയ ഒന്നോ രണ്ടോ വിഷയത്തെക്കുറിച്ചും മറ്റും ഓർത്ത് കടുത്ത നിരാശയിലേക്കും, സങ്കടക്കടലിലേക്കും, വിഷാദക്കയത്തിലേക്കും വീണുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് പറയണം എന്ന് തോന്നിയ ചില കാര്യങ്ങളിവിടെ കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.

പരീക്ഷകളിൽ വിജയിക്കുന്നതും ഉയർന്ന മാർക്കും എ പ്ലസുകളും വാങ്ങിക്കുന്നതും നല്ല കാര്യം തന്നെയാണ്. അവ തീർച്ചയായും അംഗീകാരം അർഹിക്കുകയും ചെയ്യുന്നു. ഉറക്കമില്ലാത്ത രാത്രികളുടെയും, പലപ്പോഴും മനം മടുപ്പിക്കുന്ന ടൂഷൻ ക്ലാസുകളുടെയും, പത്താം തരത്തിലെ ഫുൾ എ പ്ലസാണ് ജീവിതമെന്ന് മിക്കപ്പോഴും പറഞ്ഞു പഠിപ്പിക്കുന്ന അധ്യാപകരുടെ, രക്ഷിതാക്കളുടെ, ഉപദേശങ്ങളുണ്ടാക്കുന്ന മാനസിക സമ്മർദത്തെയും തരണം ചെയ്തെത്തിയ റിസൾട്ടായിരിക്കും അത്. പ്രത്യേകിച്ച് ലോകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഈ കൊറോണക്കാലത്ത്.

ഇതൊരു മോട്ടിവേഷൻ ഒന്നുമല്ല.പക്ഷേ, രക്ഷിതാക്കളുടെ ദുരാത്മാഭിമാനത്തിനും 100% വിജയം കൊയ്തെന്ന് വീമ്പിളക്കാനുള്ള സ്കൂളുകളുടെ ഓട്ടമത്സരത്തിനുമിടയിൽപ്പെട്ടു ഞെരുങ്ങിപ്പോകുന്ന കുറച്ച് ജീവനുകളുണ്ട്(കുറച്ചധികം പേർ).പറയാനുള്ളത് അവരോടാണ്.

ബൾബ് കണ്ടുപിടിച്ചതിലൂടെ ലോകത്തിന്റെ പ്രകാശമായി മാറിയ തോമസ് ആൽവാ എഡിസൺ തന്റെ വിപ്ലവസൃഷ്ടിയിലേക്ക് എത്തുന്നതിന് മുൻപ് പതിനായിരത്തോളം തവണ ബൾബ് നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. അദ്ദേഹം പരാജയത്തെക്കുറിച്ച് പറഞ്ഞ മനോഹരമായ വാക്കുകൾ എന്നെന്നും ഓർമ്മിക്കേണ്ടതാണെന്ന് തോന്നുന്നു.-“ഞാൻ പരാജയപ്പെട്ടുപോയതല്ല. ഫലപ്രദമായിമാറാത്ത 10,000 വഴികൾ കണ്ടെത്തുകയാണ് ഞാൻ ചെയ്തത്!” അതുപോലെ തന്നെയാണെന്ന് തോന്നുന്നു ജീവിതവും.
ഒരിടത്ത് പരാജയപ്പെട്ടു എന്ന് തോന്നുന്നത് ശെരിക്കും പരാജയമാണോ? തോറ്റുപോയെന്ന് തോന്നുന്നതെല്ലാം യഥാർത്ഥത്തിൽ തോൽവിയായിരുന്നോ?

മനുഷ്യമസ്തിഷ്ക്കത്തിന് നാൽപ്പത്തഞ്ചോളം കഴിവുകളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ‘മെമ്മറി പവർ’ അഥവാ ഓർമ്മശക്തി എന്നത് ആ നാൽപ്പത്തഞ്ചിൽ ഒരു സ്കിൽ മാത്രമാണത്രേ. പക്ഷെ, നിർഭാഗ്യവശാൽ ഇന്നും വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാലയങ്ങളും പാഠ്യസിലബസും ഊന്നൽ നൽകുന്നത് ആ ഒരു സ്‌കില്ലിൽ മാത്രമാണ്. ‘ബുദ്ധിയുള്ള കുട്ടികളെ’ന്നും ബുദ്ധിയില്ലാത്ത കുട്ടികളെന്നുമൊക്കെയുള്ള മണ്ടൻ തരംതിരിവുകൾ രൂപപ്പെടുന്നത് ഈ മാനദണ്ഡത്തിലാണ്.

ഓരോ മനുഷ്യനും വ്യത്യസ്തനാണ്. പുഴയിൽ നല്ല രീതിയിൽ നീന്തുന്ന ഒരു മീനിനോട് തഴച്ചു വളർന്നു നിൽക്കുന്ന ഒരു പടുകൂറ്റൻ മരം കയറാൻ ആവശ്യപ്പെടുന്നതും നന്നായി പാടുന്ന, നൃത്തം ചെയ്യുന്ന, ക്രിക്കറ്റ് കളിക്കുന്ന, ഓടുന്ന, ചാടുന്ന അല്ലെങ്കിൽ മനുഷ്യമസ്തിഷ്ക്കത്തിന്റെ മറ്റു 44 കഴിവുകളിൽ ഏതെങ്കിലുമൊന്നിൽ മിടുക്കന്മാരും മിടുക്കികളുമായിട്ടുള്ള കുട്ടികളെ ക്ലാസ്റൂമിനകത്ത് തളച്ച്, ഒരു കെട്ട് പുസ്തകങ്ങൾ അവരുടെ മുൻപിൽ നിരത്തി, ആ പുസ്തകങ്ങൾ വായിച്ചു കാണാപ്പാഠം പഠിച്ച് പരീക്ഷാ പേപ്പറിൽ എഴുതി ഫലിപ്പിക്കാൻ പറയുന്നതും ഏറെക്കുറെ തുല്യമാണെന്ന് തോന്നുന്നു.ആ പേപ്പർ കഷണത്തിലെ അക്ഷരത്തെല്ലുകളുടെ പ്രൗഢിയും മൂല്യവുമളന്ന് മേൽപ്പറഞ്ഞ വിധത്തിൽ കഴിവുള്ളവരും ഇല്ലാത്തവരുമായി കുട്ടികളെ തരംതിരിക്കുന്നതിലും വലിയ ബുദ്ധിമോശം ഈ നൂറ്റാണ്ടിൽ വേറൊന്നുണ്ടോ എന്നതും ഡിബേറ്റബിൾ ആയ ചോദ്യമാണ്.

അതുകൊണ്ട് തളർന്നു പോകാതിരിക്കുക. അമേരിക്കൻ ഫിലോസഫറായ റാൽഫ് വാൽഡോ എമേഴ്സൻ പറഞ്ഞതുപോലെ, “നിങ്ങളുടെ ഏറ്റവും മഹത്തരമായ വിജയം തോറ്റുപോകാതിരിക്കുന്നതല്ല. മറിച്ച്, ഓരോ തവണ തോറ്റുപോകുന്നിടത്തുനിന്നും മുൻപത്തേതിനെക്കാൾ ശക്തമായി ഉയർത്തെഴുന്നേൽക്കുന്നിടത്താണ്”.

പ്രിയ കൂട്ടുകാരെ, സമൂഹത്തിന്റെ താൽപര്യങ്ങളെ, നിങ്ങളുടെ ചുറ്റുമുള്ളവരുടെ ഇഷ്ടങ്ങളെ, നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കുക. നിങ്ങൾക്ക് ചിറകുകളുണ്ട്. നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള അവകാശം നിങ്ങളുടേത് മാത്രമാണ്. നിങ്ങളുടെ ഇഷ്ട മേഖലകളിലേക്ക് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. എസ്എസ്എൽസി ഫലം അന്തിമ വിധിയാണെന്നും അതില്ലെങ്കിൽ ഇനിയങ്ങോട്ട് ജീവിതമില്ലെന്നും ചിന്തിക്കാതിരിക്കുക. നിങ്ങൾക്കുമുൻപിൽ ഇനിയും അവസരങ്ങളുണ്ട്. ഉപരിപഠനയോഗ്യതക്കായി ഒരു വട്ടം കൂടി പരിശ്രമിച്ചു നോക്കാം. മാർക്ക് കുറഞ്ഞു പോയെന്നോർത്ത് വിഷമിക്കുന്നവർ അടുത്ത ലക്ഷ്യം മുന്നിൽക്കണ്ട് മുന്നോട്ടുപോവുകയും പ്രയത്നിക്കുകയും ചെയ്യുക. ഒരു പരീക്ഷപേപ്പറിനപ്പുറം തീർച്ചയായും നിങ്ങൾക്കൊരു ജീവിതമുണ്ട്! പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ നേടിയ എല്ലാവരും ജീവിതത്തിൽ വിജയിച്ചിട്ടില്ല. ജീവിതത്തിൽ വിജയിച്ച എല്ലാവരും പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങി വന്നവരുമല്ല.

കുട്ടികളിലേക്ക് തങ്ങളുടെ പ്രതീക്ഷകളും സമ്മർദ്ദങ്ങളും നിരന്തരം അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളോടും അധ്യാപകരോടും പറയാനുള്ളത് മഹാനായ ഖലീൽ ജിബ്രാൻ പണ്ട് പറഞ്ഞുവെച്ച വാചകങ്ങളാണ്.- “നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾ നിങ്ങളുടെ ചിന്തകളല്ല, മറിച്ച് നിങ്ങളുടെ സ്നേഹവും സന്തോഷവും നൽകുക. കാരണം അവർക്ക് അവരുടേതായ ചിന്തകൾ ഉണ്ട് എന്നത് തന്നെയാണ്!”
അമേരിക്കൻ നടനും കൊമേഡിയനുമായ മിൽട്ടൻ ബേൾ പറഞ്ഞതുപോലെ,- “നിങ്ങൾ നിരന്തരം മുട്ടിക്കൊണ്ടിരിക്കുന്ന ആ അവസരങ്ങളുടെ വാതിൽ തുറക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തമായി ഒരു വാതിൽ പണിയുക!”

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മിടുക്കർക്കും പരാജയപ്പെട്ടുപോയി എന്ന് ഇപ്പോൾ ‘തോന്നുന്ന’ മിടുക്കർക്കും, ഭാവിയിലെ ന്യൂട്ടന്മാർക്കും, സച്ചിന്മാർക്കും, വിനായകന്മാർക്കും എല്ലാവിധ വിജയാശംസകളും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here