നിധിന്‍ വി.എന്‍.
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദന്‍. സന്ന്യാസിയാകുന്നതിനു മുമ്പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു വിവേകാനന്ദന്റെ പേര്. വിശ്വനാഥ്, ഭുവനേശ്വരി എന്നീ ദമ്പതികളുടെ മകനായി 1863 ജനുവരി 12-ന് കൊല്‍ക്കത്തയില്‍ ജനിച്ച വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായിരുന്നു. അദ്ദേഹം രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനാണ്. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ കൂടിയാണ് അദ്ദേഹം. 1902 ജൂലൈ 4-ന് അദ്ദേഹം നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 116 വര്‍ഷം.
‘സ്ത്രീകള്‍ക്ക് യഥായോഗ്യം ആദരവ് നല്‍കികൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്വം നേടിയത്. സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായിത്തീരുകയില്ല’ എന്ന് ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്തിയ വിവേകാനന്ദന്റെ വാക്കുകളാണ് ഇത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾ കൊണ്ടും, ഭയരഹിതമായ പ്രബോധനങ്ങൾ കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തില്‍ ഒരു കഥ പറയുകയുണ്ടായി.
‘ഞാനൊരു കൊച്ചു കഥ പറയാം.
പണ്ട്, ഒരു കിണറ്റില്‍ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളര്‍ന്ന തവള. ഒരു കൊച്ചു തവള.
ഒരു ദിവസം കടലില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു തവള യാദൃശ്ചികമായി ഈ കിണറ്റില്‍ വന്നുപെട്ടു.
നമ്മുടെ തവള ചോദിച്ചു “നീയെവിടുന്നാ?”
“കടലില്‍ നിന്ന്”
“കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?”
കിണറിന്റെ ഒരറ്റത്തുനിന്നും മറ്റൊരിടത്തേക്ക് ചാടി നമ്മുടെ തവള ചോദിച്ചു. വന്ന തവള ചിരിച്ചു.
“എന്റെ ചങ്ങായി, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?”
നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു.
“അത്രയും വലുതാണോ കടല്‍?”
“നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്, കടലും കിണറും തമ്മില്‍ എന്ത് താരതമ്യം?”
“ശരി ശരി. ഈ കിണറിനേക്കാള്‍ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം, നീ നുണ പറയുകയാ.”
കൂപ മണ്ഡൂകത്തിന്റെ കഥ ഉപസംഹരിച്ചുകൊണ്ട് സ്വാമി വിവേകാന്ദന്‍ ഇങ്ങനെ പറഞ്ഞു “ഞാന്‍ ഒരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചു കിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയന്‍ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. എല്ലാ കാലത്തെയും പ്രധാന കുഴപ്പമാണിത്’. എന്നാല്‍ പ്രപഞ്ചസത്യം അതിനൊക്കെ എത്രയോ അപ്പുറമാണ്. അതുമനസ്സിലാക്കാന്‍ ആരും തയാറാകുന്നില്ല എന്നതാണ് വാസ്തവം.
മതം, ജാതി, ലിംഗ- വര്‍ണ വിവേചനങ്ങളാല്‍ ഭ്രാന്താലയമായി മാറിയ സ്വ-രാജ്യം വിവേകാനന്ദനെ അറിയേണ്ടതായുണ്ട്. ചുരുങ്ങിയ പക്ഷം മറ്റൊരുവന്റെ ഭക്ഷണ-വസ്ത്ര സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമെങ്കിലും ഉപേക്ഷിക്കാന്‍ അതുവഴി സാധിക്കും. ‘ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദനെ അറിയുക’ എന്ന് ടാഗോര്‍ പറഞ്ഞത് അതുകൊണ്ടാണ്.
‘ഹിന്ദുക്കളുടെ സിദ്ധാന്തപ്രകാരം യജ്ഞത്തിനല്ലാതെ ഹിംസ പാപമാണ്. എന്നാല്‍ യജ്ഞത്തില്‍ കൊന്ന മാംസമാകട്ടെ സുഖമായി തിന്നാം. ഗൃഹസ്ഥന്മാര്‍ ശ്രദ്ധാദികളില്‍ ഹത്യ ചെയ്തില്ലെങ്കില്‍ പാപമുണ്ടെന്ന് പലയിടത്തും നിയമമുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ വിരുന്നുവരുന്ന അതിഥികള്‍ മാംസം ഭക്ഷിച്ചില്ലെങ്കില്‍ അവര്‍ പശു ജന്മം പ്രാപിക്കുമെന്ന് പറയുന്നു. ”നിങ്ങളുടെ ശാസ്ത്രം ഞങ്ങള്‍ വകവെക്കുന്നില്ല. പ്രാണിഹിംസ ഒരിക്കലും പാടില്ല” ബൗദ്ധസമ്രാട്ട് അശോകന്‍ യജ്ഞം ചെയ്യുന്നവരെയും അതിഥികള്‍ക്കു മാംസം കൊടുക്കുന്നവരെയും ശിക്ഷിച്ചിരുന്നു. ആധുനിക വൈഷ്ണവന്മാര്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ്. അവരുടെ ഈശ്വരന്മാരായ രാമനും, കൃഷ്ണനും മദ്യവും മാംസവും കഴിച്ചിരുന്നതായി രാമായണ മഹാഭാരതങ്ങളില്‍ കാണുന്നു’ വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തില്‍ മംസാഹാരത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളാണ് ഇത്. തുടര്‍ന്ന് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ, ‘അദ്ധ്വാനിച്ച് ഉപജീവനം നേടാത്ത മേൽക്കിടയിൽപ്പെട്ട കുറേ പേർ മാംസാഹാരം ഉപേക്ഷിക്കട്ടെ. രാപകൽ അദ്ധ്വാനിച്ചു തീറ്റക്കു വകപ്പടി നേടേണ്ടവരുടെമേൽ ബലാത്കാരമായി സസ്യാഹാരരീതി അടിച്ചേല്പിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യനാശത്തിന്റെ കാരണങ്ങളിൽ ഒന്നാണ്‘. എന്നിട്ട് സംഭവിക്കുന്നതെന്താണ്? സവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി മാത്രം പടച്ചുവിടുന്ന കഥകളില്‍, മതമെന്ന വികാരത്തിന്റെ തീവ്രതയില്‍ ഒരു ജനതയുടെ ഭക്ഷണ-വസ്ത്ര-സഞ്ചാര സ്വാതന്ത്രങ്ങളില്‍ ഇടപ്പെടുന്നത് എന്തിനാണ്? ‘മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്കും, മനുഷ്യത്വത്തില്‍ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയര്‍ച്ചയാണ്, മതത്തിന്റെ ആദര്‍ശം’. എന്നാല്‍ സംഭവിക്കുന്നതെല്ലാം അതിനു വിപരീതമായ കാര്യങ്ങള്‍ ആണെന്നതാണ് സത്യം. കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദന് അത് തിരുത്തി ഇന്ത്യയെ ഭ്രാന്താലയം എന്ന് വിളിക്കേണ്ടി വരും. അത്രമേല്‍ ജാതിയും മതവും അതിന്റെ സവര്‍ണ്ണ ചുറ്റുപാടുകളില്‍ വളര്‍ച്ച നേടി കഴിഞ്ഞു.
‘സ്വാമിയുടെ ഓരോ വാക്കും എന്നില്‍ വിദ്യുത് പ്രവാഹമേല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍നിന്നുതിര്‍ന്ന വാക്കുകളില്‍ നിന്നും അഗ്നി ചിതറിയിരുന്നു’ എന്ന് സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം എഴുതിയ നോബല്‍ പുരസ്കാര ജേതാവും ഫ്രഞ്ച് തത്വചിന്തകനുമായിരുന്ന റൊമെയ്ന്‍ റോളണ്ട് പറയുന്നു. എന്നാല്‍ അത്തരം തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത് ഓരോ ഇന്ത്യക്കാരനും ആണെന്നതാണ് സത്യം.