പുസ്തകപരിചയം
രജിതൻ കണ്ടാണശ്ശേരി
“കാട്ടാളൻ പൊറിഞ്ചു” എന്ന വഴിയടഞ്ഞുപോയ സിനിമയും “പൊറിഞ്ചു മറിയം ജോസി”ന്റെയും തിക്കും തിരക്കും കഴിഞ്ഞാണ് ലിസിയുടെ വിലാപ്പുറങ്ങൾ വായിക്കുന്നത്. പ്രസിദ്ധീകരിച്ചതിനും അഞ്ചു വർഷങ്ങൾക്കു ശേഷം. മറിയ എന്ന, മലയാള സാഹിത്യം ഇത് വരെ കണ്ടിട്ടില്ലാത്ത നായികയുടെ ഒരു മുടിനാരിന്റെ സൗന്ദര്യമേ സിനിമയിലേക്ക് പകർന്നെടുക്കാൻ കഴിഞ്ഞുള്ളു എന്നതിൽ സന്തോഷം തോന്നി. മറിയയെ എന്നെങ്കിലും ആരെങ്കിലും പൂർണ്ണമായി ഒരു ദൃശ്യമാധ്യമത്തിൽ അവതരിപ്പിക്കുമോ?. ശരീരം കൊണ്ടോ ശാരീരം കൊണ്ടോ വിലാപ്പുറങ്ങളിൽ സകലതിനെയും ചവുട്ടിമെതിക്കുന്ന മറിയയെ ഉൾക്കൊള്ളാൻ ഏത് നടിക്കാണ് കഴിയുക,അല്ലെങ്കിൽ ഏത് സംവിധായകന്?
പൈങ്കിളി എന്ന് തന്നെ തോന്നാവുന്ന പ്രധാനകഥാതന്തു വിവരിക്കപ്പെടുന്നത് വെറും ചുരുങ്ങിയ പുറങ്ങളിലാണ് എന്നതാണ് ലിസിയുടെ രചനാചാതുരിയുടെ സമചിത്തത.
യഥാർത്ഥത്തിൽ വിലാപ്പുറങ്ങൾ ഒരു പ്രണയകഥയാണ്. സഫലീകരിക്കാത്ത പ്രണയം. കുഞ്ഞുന്നാളിൽ, ഉതിർന്നു വീണ ചുവപ്പും മഞ്ഞയും വിരിച്ച പൂക്കളുടെ മെത്തയിൽ ഒരു രാജകുമാരിയെപ്പോലെ വാണ മറിയയെ ഒരു ചെക്കന്റെ ചിത്രശലഭചിറകുകൾ തേടി വന്നു. പൂക്കൾ വിരിച്ചിട്ട മെത്തയിൽ അവർ വിഘാതങ്ങളും പ്രത്യാഘാതങ്ങളും അറിയാതെ കൂട്ട് കൂടി. കൃത്യം ഏഴാംനാൾ പ്രഭാതം തങ്ങളെ വേർപിരിക്കാൻ വന്നുചേരാതിരിക്കട്ടെ എന്ന് പോലും മറിയ നിനച്ചു.
പ്രായം തെളിയിക്കും മുന്നേ ഗർഭിണിയായ മറിയയുടെ പൂക്കളുടെയും പൂമ്പാറ്റയുടെയും ലോകം ഇവിടെ സമാപ്തം. നാട് വിട്ടോടിപ്പോയ കൗമാരക്കാരനെ എവിടെ തിരയാൻ…
പിടിച്ചു നിൽക്കാനായി അവൾ വിവാഹിതയാക്കപ്പെട്ടു.കിടപ്പറയിൽ പോലും അവൾ ഒരന്യനായി മാത്രം അയാളെയും കണ്ടു. എന്നെങ്കിലും സധൈര്യം മടങ്ങി വരുമെന്ന് കരുതുന്ന പഴയ കൗമാരക്കാരന് അവൾ കളങ്കം പേറാത്ത ശരീരവും മനസുമായി കാത്തിരുന്നു.
ഒരു പച്ചോലയിലെ ഓലച്ചീളുകൾ മെടഞ്ഞു പാകപ്പെടുത്തി സുന്ദരമായ ഒരു നിർമ്മിതിയാകുന്ന പോലെ വിലാപ്പുറങ്ങൾ മെടഞ്ഞെടുക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു എന്നതാണ് അത്ഭുതകരം. മറിയക്ക് ചുറ്റും വികസിക്കുന്ന കഥാലോകം പരുക്കൻ ജീവിതത്തിന്റെ എല്ലാ സത്യങ്ങളും പേറിയവയാണ്. അതിൽ കടന്നു വരുന്ന ഓരോ കഥപാത്രവും നിറവ്യക്തിത്വങ്ങളും. അവരുടെ യാത്രകൾ വായനക്കാരന് അപ്രതീക്ഷിതവും ഊഹിക്കാവുന്നതിലും അപ്പുറത്തുമാണ് നിൽക്കുന്നത്. കാട്ടാളൻ പൊറിഞ്ചു മുതൽ ദീനദയാലു, എസ്തപ്പാൻ, കൊച്ചുമാത്തു, ആന്റപ്പൻ, കുഞ്ഞാറ്റ തുടങ്ങി തീറ്ററപ്പായി, നവാബ് രാജേന്ദ്രൻ, മുണ്ടശ്ശേരി മാഷ്, ലീഡർ കരുണാകരൻ വരെ കഥാപാത്രങ്ങളാകുന്ന പുറങ്ങളിൽ വിലാപത്തിന് പ്രാധാന്യം കുറയുന്നു.
കാമുകനെ കാത്തിരിക്കുന്ന നായികയിൽ നിന്ന് ഇറച്ചിവെട്ടുകാരിയും പലിശക്കാരിയും കൊല്ലാകൊല്ലം പ്രസവിക്കുന്നവളുമായി മാറുന്ന മറിയയുടെ രൂപമാറ്റം നോവലിന്റെ കാതൽ തന്നെയാണ്. തിരിച്ചെത്തിയ കാമുകൻ മറിയക്ക് ജനിച്ച കുഞ്ഞ് തന്റേതുതന്നെയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നതും അവളെ ഒന്ന് കാണാൻ പോലും മെനക്കെടാതെ നാട് വിടുന്നതും മറിയയെ കൗമാരക്കാരി പെൺകുട്ടിയിൽ നിന്നും മോഹങ്ങളും മാംസദാഹവും അടക്കിവെച്ച ഒരു സ്ത്രീയാക്കി മാറ്റുന്നുണ്ട്.തന്നെ തൊടാൻ പോലും സമ്മതിക്കാത്ത ഭർത്താവിൽ തുടങ്ങി അവൾ തന്റെ പ്രതികാര വഴികൾ കണ്ടെത്തുകയാണ്. കാര്യങ്ങൾ വിശദീകരിക്കാൻ ചെന്നചാക്കോരുവിനോട് സൈമൺ പീറ്റർ എന്ന കാമുകൻ പറഞ്ഞ, കുഞ്ഞു എന്റേതാണെന്നു എങ്ങനെ ഉറപ്പിക്കും എന്ന ഒരു വാചകത്തിന്റെ പ്രതികാരമെന്നോണം അച്ഛനറിയാത്ത നിരവധി കുട്ടികളെ മറിയ പ്രസവിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം പ്രണയം ചേമ്പിലയിലെ വെള്ളത്തുള്ളിയാകുന്നു. അവൾ വർഷങ്ങളോളം കാത്തിരുന്ന കാമുകൻ തിരസ്കരിക്കുന്നതു പോലെ മറിയ എന്നും കൂടെ വേണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന നിമിഷം ഓരോ കാമുകരൂപങ്ങളെയും നിർദ്ദാക്ഷിണ്യം ഉപേക്ഷിച്ച് താൻ പണ്ട് വീണുപോയ കിണറിന്റെ ആഴങ്ങളും ഇരുട്ടകങ്ങളും സൈമൺ പീറ്ററിന്റെ നേർരൂപങ്ങളായ കാമുകന്മാർക്ക് മുന്നിൽ തുറന്നിടുന്നു.
മറിയക്കൊപ്പം ചലിക്കുന്ന അങ്ങാടിയുടെയും അതിനുമപ്പുറം തൃശൂർ നഗരത്തിന്റെയും ഇന്നലെകളിലൂടെയും തനത് സംസ്കാരങ്ങളിലൂടെയും നോവൽപ്പുറങ്ങൾ മേയുന്നുണ്ടെങ്കിലും ചരിത്രവായനയുടെ വരൾച്ചയിൽ നിന്നും കഥപറച്ചിലിന്റെ പച്ചപ്പിലേക്ക് അതെല്ലാം ചെന്നെത്തുന്നു.പുലിക്കളിയും പൂരവും വെടിക്കെട്ടും വിമോചനസമരവും തുടങ്ങി ഒടിയനും ഇരുട്ടുവാണം പോലുള്ള സമസ്യകളും എല്ലാം മറിയ ജീവിക്കുന്ന നാടിന്റെ നേർക്കാഴ്ചകളായാണ് നിറയുന്നത്. സരസങ്ങളായ കഥകൾ പറയുമ്പോൾ കഥകയിൽ നിന്നും കഥകളിലേക്ക് ചേക്കേറുക എന്നത് തൃശ്ശൂർക്കാരുടെ ശീലമാണ്.അപ്പോളവർ കേൾവിക്കാരുടെ ഇമ്പത്തിനനുസരിച്ചു പൊടിപ്പും തൊങ്ങലും കൂട്ടിക്കൂട്ടി കൊണ്ട് വരും. ഇനിയും ഇനിയും എന്ന് ഓരോ വായനക്കാരനും മനസാ മൂളുമ്പോൾ അതറിഞ്ഞു കൊണ്ടെന്നപോലെ വാചാലമാകുന്നു കഥാപാത്രങ്ങൾ.അത് നോവലിസ്റ്റിന്റെ കുഴപ്പമല്ല,മറിച്ച് ഈ നാടിന്റെ കഥയ്ക്ക് ഇങ്ങനെയൊക്കെ വേണം എന്നുള്ള മുൻകരുതലിൽ നിന്നുണ്ടാവുന്നതാണ്.
കാമവും പരപുരുഷലൈംഗികതയും പോത്തിറച്ചി വെട്ടുന്ന ലാഘവത്തോടെ തനിക്കായി വെട്ടിയിട്ട മറിയ, ജീവിതത്തിൽ ഒരിക്കൽ മാത്രം പ്രണയിച്ചവന്റെ മരണമറിഞ്ഞ് വീട്ടിലെത്തുന്നതിൽ തുടങ്ങി, അവന്റെ ശവക്കല്ലറക്കുമുന്നിൽ മഞ്ഞപ്പൂക്കളുടെ പ്രണയത്തിലേക്ക് കാലിടറി വീഴുന്ന അവസാന വാചകം വരെ ലിസി മെടഞ്ഞു വെക്കുന്ന ഈ പുത്തനോലകൗതുകങ്ങൾ തീർത്തും പുതമയാർന്നതത്രെ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.