ഡോ. ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം വെയില്‍മരങ്ങള്‍ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടി. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് സിനിമ പ്രിമിയര്‍ ചെയ്ത ചലച്ചിത്രമേളയില്‍ സ്വന്തമാക്കിയത്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണ് വെയില്‍ മരങ്ങള്‍.
കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഒന്നര വര്‍ഷത്തോളമെടുത്താണ് ചിത്രീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ചിത്രവുമായിരുന്നു വെയില്‍മരങ്ങള്‍. സിനിമയെ പ്രതിനിധീകരിച്ച് നായകന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ഡോ ബിജുവിനൊപ്പം റെഡ്കാര്‍പ്പറ്റിലെത്തിയിരുന്നു. ഇന്ദ്രന്‍സ് ഇന്ത്യക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുമാണ് ഷാങ്ഹായ്.
112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങളാണ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി മത്സരിച്ചത്. പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആയിരുന്നു ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .
ലോകത്തെ പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നില്‍ വെയില്‍ മരങ്ങള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തില്‍ വളരെ അപൂര്‍വം നടന്മാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രന്‍സ് വെയില്‍മരങ്ങളിലൂടെ ആ അംഗീകാരത്തിന് അര്‍ഹനാകുന്നു എന്ന പ്രത്യകതയും ഈ മേളക്കുണ്ടായിുരന്നു. നിര്‍മാതാവ് ബേബി മാത്യു സോമതീരം ,പ്രകാശ് ബാരെ എന്നിവരും മേളയില്‍ പങ്കെടുത്തിരുന്നു.
വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍.
സുഡാനി ഫ്രം നൈജീരിയയും ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് സംവിധായകന്‍ സക്കരിയ മുഹമ്മദ് ഫെസ്റ്റിവലില്‍ എത്തിയിരുന്നു.
ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ് മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗോബ്ലെറ്റ് പുരസ്‌കാരം നേടി. സിനിമയൊരുക്കിയ റിസ മിര്‍കരിമിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായെത്തിയ ഹമീദ് സബേരിയാണ്.
കടപ്പാട്: www.thecue.in