വെറുമൊരു രസം ഹിംസ

0
500

ഷൗക്കത്ത്

പഴം വാങ്ങിക്കാനായി കടയിലേക്ക് പോകുമ്പോള്‍ ഷൗക്കത്തലി പറഞ്ഞു: ഞാന്‍ ഓര്‍ക്കുകയായിരുന്നു. ചില ഉപദേശങ്ങള്‍ കൃത്യസമയത്ത് കിട്ടിയാല്‍ അത് നമ്മുടെ ജീവിതത്തില്‍ എന്നെന്നും നിലനില്ക്കും. അല്ലേ?

ഞാന്‍ അവന്‍റെ മുഖത്തേക്കു നോക്കി. അവന്‍ തുടര്‍ന്നു: ചെറുപ്പത്തില്‍ കവണയില്‍ കല്ലു വെച്ച് എന്തിനെയെങ്കിലുമൊക്കെ എയ്തു വീഴ്ത്താന്‍ ശ്രമിക്കുക പതിവായിരുന്നു. ഒരു ദിവസം മുറ്റത്തെ മാവിന്‍ കൊമ്പിലിരുന്ന പക്ഷിയെ ലക്ഷ്യമാക്കി ഒരു കല്ലെയ്തു. കൃത്യമായി കൊണ്ടു. പക്ഷി ചിറകടിച്ച് താഴെ വീണു. എനിക്ക് അത്യധികം സന്തോഷമായി. വിജയശ്രീലാളിതനായി പക്ഷിയെ പൊക്കിയെടുത്ത് ഞാന്‍ നിവര്‍ന്നു നിന്നു.

ഉമ്മറത്തെ കസേരയിലിരുന്ന് ഉപ്പ ഇത് കാണുന്നുണ്ടായിരുന്നു. അദ്ദേഹം അടുത്തേക്ക് വിളിച്ചു. ഞാന്‍ പക്ഷിയെയുമായി ഉപ്പയുടെ അടുത്തേക്കു ചെന്നു. ഉപ്പ പക്ഷിയെ നോക്കി. അത് മരിച്ചിരുന്നു. ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: അതു മരിച്ചല്ലോ. നമുക്കതിനെ കുഴിച്ചിടാം.
ഉപ്പതന്നെ കൈകൊണ്ട് മണ്ണുമാന്തി അതിനെ കുഴിച്ചിട്ടു.

മാവിനു ചുറ്റും ഒരു പക്ഷി ചിറകടിച്ച് ശബ്ദമുണ്ടാക്കി വട്ടത്തില്‍ പറക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതിനെ കുറച്ചുനേരം നോക്കിനിന്നു.

ഉപ്പപറഞ്ഞു: നമുക്കൊന്നു നടന്നിട്ടു വരാം.

നടക്കുന്നതിനിടയില്‍ ഉപ്പ പറഞ്ഞു: പാവം പക്ഷി. അത് അതിന്‍റെ ഇണ നഷ്‌ടപ്പെട്ട വേദനയില്‍ കരഞ്ഞു പറക്കുകയാണ്. നാം ഒരു രസത്തിന് ചെയ്തത് ഒരു പക്ഷിയുടെ ഇണയെയാണ് നഷ്ടപ്പെടുത്തിയത്. എത്ര സങ്കടമാണ്..

വീട്ടില്‍ തിരിച്ചെത്തുന്നതുവരെ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ചെയ്തുപോയത് എത്ര വലിയ തെറ്റായിരുന്നെന്ന് ഹൃദയത്തിലറിഞ്ഞു. നൊന്തു. പിന്നീട് ഒരിക്കലും അങ്ങനെ ഒരു ക്രൂരത ചെയ്തിട്ടില്ല.

ഷൗക്കത്തലി പറഞ്ഞു നിറുത്തി. അപ്പോള്‍ ഞാന്‍ പറഞ്ഞു: സ്ക്കൂളില്‍ എല്ലാ ക്ലാസ്സിലും വീക്കായ ഒരു കുട്ടിയുണ്ടാകും. ദരിദ്രനും ക്ഷീണിതനുമൊക്കെയായിരിക്കും അവന്‍. മറ്റു കുട്ടികളെല്ലാം ഒരു കാരണവുമില്ലാതെ അവന്‍റെ തലയില്‍ ഇടക്കിടെ ഒരു കിഴുക്കു വെച്ചുകൊടുക്കും. വെറും ഒരു രസം.

അതു ചെയ്യുന്നത് തെറ്റാണെന്ന് ചെയ്യുന്നവര്‍ക്കു തോന്നാറില്ല. കിഴുക്കു കിട്ടുന്നവന് ഇതു തനിക്കു കിട്ടേണ്ടതാണെന്നും അവര്‍ ചെയ്യുന്നത് അവരുടെ അവകാശമാണെന്നുമുള്ള ഫീലായിരിക്കും.

എല്ലാ ഗ്രാമത്തിലുമുണ്ടാകും ഇങ്ങനെ ഒരാള്‍. കവലയില്‍ അവനെ പരിഹസിച്ചും വെറുതെ തോണ്ടിയും ആളുകള്‍ രസിക്കും. അവനെക്കൊണ്ട് ആരും ചെയ്യാത്ത പണികള്‍ ചെയ്യിക്കും. ചുമ്മാ കവിളില്‍ ഒന്നു പെടക്കും. അങ്ങനെ അവനോട് ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാകാറില്ല. അവന്‍ അത് എന്നും സഹിച്ചുകൊണ്ടേയിരിക്കും.

അറിവുള്ള മനുഷ്യർ അറിവില്ലാത്ത മനുഷ്യരെ പുച്ഛിച്ചും പരിഹസിച്ചും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതും ഇതേ ഹിംസ തന്നെയാണ്. അവരും ആ അറിവിന്റെ മറവിൽ രസിക്കുകയാണ്. കവണകൊണ്ട് പക്ഷിയെ എയ്തു വീഴ്ത്തുക തന്നെയാണ്.

നമ്മളെല്ലാവരും ഇതു ഏറിയും കുറഞ്ഞും ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. ‘സത്യസന്ധ’മായി നാം പറയുന്ന ഗോസിപ്പുകൾ, അവന്റെ/അവളുടെ ‘നന്മ’യ്ക്കായി നാം ഇകഴ്ത്തി സംസാരിക്കുന്ന സാഹചര്യങ്ങൾ…. അവിടെയെല്ലാം ഈ രസം തന്നെയാണ് നാം ആസ്വദിക്കുന്നത്.

കുഞ്ഞുന്നാളില്‍ തുടങ്ങുന്നതാണ് നാം ഈ ഹിംസ. വെറും രസത്തിനു വേണ്ടിയുള്ള ഹിംസ. അന്ന് നിന്‍റെ ഉപ്പ ചെയ്തതുപോലെ തിരുത്താന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് നാം മധുവിനെ തെരുവിലിട്ട് ഇങ്ങനെ തോണ്ടി കൊല്ലില്ലായിരുന്നു.

അവനോട് നാം ചെയ്തത് അതാണ്. ആ രസം. ആ രസിക്കലില്‍ അവന്‍ മരിച്ചു പോയന്നേയുള്ളൂ. നീ അന്ന് കവണയില്‍ പക്ഷിയെ കൊന്നത് എന്തിനായിരുന്നുവോ അതേ രസമാണ് ഇന്ന് മധുവിനെ കൊന്നതിലും ഉള്ളൂ.

നാളെ ഇനിയും മധുവിനെപ്പോലുള്ളവര്‍ ആവർത്തിക്കാതിരിക്കാന്‍ ഇന്നു നാം ഫേസ്ബുക്കില്‍ അനുശോചനവും കോപവും രേഖപ്പെ‌‌ടുത്തി പിന്‍വാങ്ങിയാല്‍ മാത്രം പോരാ. വെറും രസത്തിന് നാം ചെയ്യുന്ന പരിഹാസങ്ങളില്‍നിന്ന്, തോണ്ടലുകളില്‍ നിന്ന്, പാരവെപ്പുകളില്‍നിന്ന്, ‘സത്യസന്ധ’മായ ഗോസിപ്പുകളിൽ നിന്ന്, ‘നന്മ’യ്ക്കായുള്ള പഴിചാരലുകളിൽ നിന്ന് ശ്രദ്ധയോടെ മാറിനില്ക്കാന്‍കൂടി ശ്രമിക്കേണ്ടതുണ്ട്.

അതോടൊപ്പം ഷൗക്കത്തലിയുടെ ഉപ്പയെപ്പോലെ നമ്മുടെ മക്കളുടെ ആ രസത്തിനു വേണ്ടിയുള്ള ഹിംസയെ സ്നേഹംകൊണ്ട് കുഞ്ഞുന്നാളിലേ തടയേണ്ടതുണ്ട്.

എങ്കിലേ നാളെ നാം തെരുവില്‍ ആരെയും തോണ്ടിക്കളിച്ച് മരണത്തിലേക്ക് എയ്തുവീഴ്ത്താതിരിക്കൂ.

ഇതു ഞാൻ എന്നോടു ചെയ്യുന്ന പ്രാർത്ഥന. എന്നിലെ ആ രസം തേടുന്ന ഹിംസയിൽ നിന്ന് രക്ഷ തേടിയുള്ള പ്രാർത്ഥന..

LEAVE A REPLY

Please enter your comment!
Please enter your name here