‘കവിയുടെ പിറന്നാൾ’- കാവ്യാഞ്ജലി 2018 ന് തുടക്കമായി

0
408

അനശ്വരകവി വയലാർ രാമവർമ്മ അന്ത്യവിശ്രമം കൊള്ളുന്ന വയലാർ രാഘവപ്പറമ്പിൽ ദ്വിദിന സംസ്ഥാന ചലച്ചിത്ര ഗാനരചനാ ശിൽപശാല -കാവ്യാഞ്ജലി , 2018 ന് ഇന്ന് തുടക്കമായി.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് പ്രൊ. വി.ഐ.ജോൺസന്റെ അദ്ധ്യക്ഷതയിൽ, സംഗീതസംവിധായകൻ എം.കെ അർജ്ജുനൻ മാസ്റ്റർ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. മനു സി പുളിക്കലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ, ഹരിദാസ് ചേർത്തല രചന നിർവഹിച്ച് ആലപ്പി ഋഷികേശ് സംഗീതം ചെയ്ത, ശ്രീ അർജ്ജുനൻ മാസ്റ്ററെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ശിൽപശാലക്ക് തിരിതെളിയിക്കപ്പെട്ടത്. വയലാർ ശരത്ചന്ദ്രവർമ്മ, കവിയുടെ സഹധർമിണി ഭാരതിയമ്മ എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. ആരിഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചലച്ചിത്ര ഗാന രചയിതാവ് ശ്രീ. രാജീവ് ആലുങ്കൽ, കെ.എസ്.ഡി.പി ചെയർമാൻ ചന്ദ്രബാബു, പു.ക.സ സംസ്ഥാന കമ്മിറ്റി പ്രതിനിധി ശ്രീ ഗോകുലചന്ദ്രൻ, ക്യാമ്പ് ഡയറക്ടർ പള്ളിപ്പുറം മുരളി, വയലാർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എസ്.വി.ബാബു എന്നിവർ സംസാരിച്ചു.
കവിയുടെ തൊണ്ണൂറാം ജന്മദിനം കൂടിയായ ഇന്ന് ആരംഭിക്കുന്ന ശിൽപശാലയിൽ ചലച്ചിത്ര രംഗത്തെ പ്രശസ്തരായ ഗാനരചയിതാക്കളും സംഗീതസംവിധായകരും സിനിമാസംവിധായകരും പങ്കെടുക്കും. പ്രവീൺ ഭാരതിയുടെ സംഗീത കച്ചേരിയാണ് ശിൽപശാലയുടെ ആദ്യ ദിനമായ ഇന്നത്തെ മറ്റൊരു ആകർഷണം. നാളെ വൈകീട്ട് നാല് മണിയോടെ സമാപിക്കുന്ന ശിൽപശാലയിൽ വിവിധ ജില്ലകളിൽ നിന്നായി അറുപതോളം ഗാന രചയിതാക്കൾ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here