ഉയിർപ്പ്

0
437
uyirpp-liji-athmaonline

കവിത

ലിജി

പാവമീപ്പകലിന്റെ കോമളഗാത്രം
കനൽച്ചൂടേറ്റു കിതയ്ക്കുന്നു.

കാണുമ്പോൾ പൊള്ളും കണ്ണിൽ
വറ്റിയ കണ്ണീർച്ചാലിൻ
പാടുപോൽ ഞരമ്പുകൾ നീലിച്ചു കിടക്കുന്നു.

സൂര്യനാം പതക്കത്തെ
താലിയായ് ധരിക്കുന്ന
ഭൂമിയേപ്പോലെ നീറും
മറ്റൊരു പെണ്ണാണു ഞാൻ.

നീയൊരു സ്വപ്നം പോലെ
പെയ്തു പോയെന്നാകിലും
കേവലം പുല്ലിൻ മൗന
മോഹമായ്പോലും കിളിർ
ത്തീടുവാനരുതാതെ
യീവെറും മണ്ണിൽ വെന്ത
വിത്തു പോലുറുമ്പുള്ളൂ
കാരുമ്പോൾ നോവാൻ മറന്നിങ്ങനെ കിടപ്പു ഞാൻ.

കാലമേ വരൂ,
നിത്യാനന്ദത്തിൻ സ്പർശം തരും
കാറ്റായിക്കടലിനെ
മീട്ടിമീട്ടി നീ പാടൂ..

പ്രാണനെത്തണുപ്പിക്കാൻ
മേഘമൽഹാറായ്പ്പെയ്യും
താവകപ്രണയത്തിൻ
ഭക്തി നിർഭരഗീതം
കേട്ടുകേട്ടിരുന്നനുരാഗമാംതാളം
മിടിക്കാൻ തുടങ്ങുമെൻ
നിലച്ച ഹൃദന്തവും.



..

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here