ബിലാൽ ശിബിലി
അന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് ‘ഉയരെ’. പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ധീഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചത് നമ്മൾ വായിച്ചിട്ടുണ്ട്. സമാന കാരണങ്ങളിൽ ആസിഡ് ആക്രമണത്തിന് ഇരയായ വേറെയും യുവതികളെ നമുക്കറിയാം. അതിനപ്പുറത്തേക്ക്, പിന്നീടുള്ള അവരുടെ ജീവിതത്തെ കുറിച്ച് നമ്മളധികം കേട്ടിട്ടില്ല. അതിലേക്കാണ് ബോബി – സഞ്ജയ് ടീമിന്റെ കഥ നമ്മളെ കൊണ്ട് പോകുന്നത്.
പല്ലവി രവീന്ദ്രൻ എന്ന നായികാ കഥാപാത്രമാണ് ‘ഉയരെ’യുടെ ആത്മാവ്. പൈലറ്റാവുക എന്ന സ്വപ്നമാണ് അവളെ ജീവിപ്പിക്കുന്നത്. അവളുടെ പൊസ്സസീവായ കാമുകൻ ഗോവിന്ദ് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്.
പൈലറ്റ് ട്രൈനിങ്ങിന് വേണ്ടി മുംബൈയിലേക്ക് മാറിയ പല്ലവിക്ക്, അവിടെ വെച്ച് അപ്രതീക്ഷമായി ഒരു ദുരന്തമുണ്ടാവുന്നു. അതിനെ തുടർന്നുള്ള അവളുടെ അതിജീവനത്തിന്റെ വഴികളാണ് ‘ഉയരെ’ കാണിച്ചു തരുന്നത്. അതിന് നിമിത്തമാവുക എന്നതായിരുന്നു ടോവിനോ അവതരിപ്പിച്ച വിശാൽ എന്ന സുഹൃത്തിന്റെ നിയോഗം.
ആസിഡ് ആക്രമണത്തിന് ശേഷമുള്ള പല്ലവിയുടെ മുഖം കാണുമ്പോൾ നമ്മൾ ഞെട്ടുന്നുണ്ട്. പതിയെ ആ ഞെട്ടൽ മാറുകയും സ്വാഭാവികമായി അവളെ നോക്കി കാണുകയും ചെയ്യും. അങ്ങനെയൊരു മാറ്റം അവളുടെ ചുറ്റിലുമുള്ള സമൂഹത്തിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സിനിമ പിന്നീട് മുന്നോട്ട് പോവുന്നത്. അതിൽ മനു അശോകൻ എന്ന പുതുമുഖ സംവിധായകൻ 100 % വിജയിച്ചു എന്ന് തന്നെ പറയാം.
രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പാർവ്വതിയുടെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമാണ് ‘ഉയരെ’യിലെ പല്ലവി. അതിവൈകാരിതകളില്ല, എല്ലാം കിറുകൃത്യം. ചിരിയും കരച്ചിലും നിരാശയും പ്രതീക്ഷയുമൊക്കെ പല്ലവിയുടേത് തന്നെ. പല്ലവിയിൽ പാർവ്വതിയുണ്ട്, പാർവ്വതിയിൽ പല്ലവിയും. കാരണം, പാർവ്വതിക്കും പറയാനുണ്ട്, ‘ഉയരെ’യിലേക്ക് അതിജീവിച്ചതിന്റെ അനുഭവകഥ. ആണിന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടം മറക്കുന്നതാണ് പ്രണയം എന്ന പൊതുധാരണയോട് കലഹിക്കുന്ന ഓരോ പെണ്ണിന്റെയും പൊരുതലിന്റെ നേരനുഭവം തന്നെയാണ് ‘ഉയരെ’.
ഗോവിന്ദ് എന്ന പൊസ്സസീവ് ആയ കാമുകനെ മാത്രമേ നമുക്ക് സ്‌ക്രീനിൽ കാണാൻ കഴിയുകയുള്ളൂ. ആസിഫ് അലി അവിടെയൊന്നും ഇല്ലായിരുന്നു. അത്രയേറെ ഗംഭീരമായിരുന്നു ആസിഫിന്റെ പ്രകടനം. ഗോവിന്ദിന്റെ മാനസിക സംഘർഷങ്ങളുടെ കൂടെയും നമ്മൾ യാത്ര ചെയ്യുന്നുണ്ട്. ദേഷ്യവും സഹതാപവും ഒരുപോലെ ആ കഥാപാത്രത്തോട് തോന്നുവെങ്കിൽ, അത് ആസിഫിന്റെ കൂടി വിജയമാണ്.
ടോവിനോ തന്റെ ഭാഗം മനോഹരമായി തന്നെ ചെയ്തു. ഒരു ഫീൽ ഗുഡ് വേർഷനിലേക്ക് സിനിമയെ കൊണ്ടെത്തിക്കുന്നത് ടോവിനോയുടെ കഥാപാത്രമാണ്. സംഭാഷണങ്ങളേക്കാൾ സൗഹൃദം വാചാലമായ നിമിഷങ്ങൾ. അനാർക്കലി മരിക്കാർ അവതരിപ്പിച്ച സുഹൃത്തിന്റെ റോളിനും പറയാനുള്ളത് അതേ കാര്യം തന്നെയാണ്. മകളെ ചേർത്ത് പിടിക്കുന്ന അച്ഛനായി ഒരിക്കൽ കൂടി സിദ്ധീഖ് പ്രേക്ഷകരുടെ കയ്യടി വാങ്ങി.
ആസിഡ് ആക്രമണത്തിന്റെ ഇരയുടെ രൂപത്തിലേക്ക് പാർവ്വതിയെ മാറ്റിയെടുത്ത മേക്ക് അപ്പ് ടീമും കയ്യടി അർഹിക്കുന്നു. അതോടൊപ്പം പതിഞ്ഞ താളത്തിൽ കഥയുടെ കൂടെ നമ്മളെ കൊണ്ട് പോയ ഗോപി സുന്ദറിന്റെ സംഗീതവും. മുകേഷ് മുരളീധരന്റെ ദൃശ്യങ്ങൾ, മഹേഷ് നാരായണന്റെ എഡിറ്റ് എല്ലാം ഒന്നിനൊന്ന് മെച്ചം.
രണ്ട് മണിക്കൂറും അഞ്ചു മിനിറ്റും മാത്രമുള്ള ഒരു കുഞ്ഞു സിനിമയാണ് ‘ഉയരെ’. കണ്ടിഷനുകൾ ഇല്ലാത്ത ബന്ധങ്ങളാണ് സിനിമ മുന്നോട്ട് വെക്കുന്ന ആശയം. പ്രണയത്തിലും സൗഹൃദത്തിലും ഓരോരുത്തർക്കുമുള്ള ഇൻഡിവിജുവൽ സ്‌പേസിനെ കുറിച്ച് തന്നെയാണ് ‘ഉയരെ’ പറഞ്ഞു കൊണ്ടിരിക്കുന്നത്.
മനു അശോകൻ എന്ന സംവിധായകനോടുള്ള പരിചയവും പാർവ്വതി എന്ന പേരുമാണ് ആദ്യഷോ ഉറപ്പിക്കാൻ കാരണം. പാർവ്വതി കാരണം ഫസ്റ്റ് ഷോ ഉറപ്പിക്കുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. അവധിക്കാലത്ത് കോടികളുടെ കണക്ക് പറയുന്ന വമ്പൻ പടങ്ങളുടെ ഇടയിലേക്കാണ് നിർമാതാക്കളായ ഷെനുഘ, ഷെഘ്ന, ഷെർഘ എന്നിവർ പെണ്ണുയരെയുമായി എത്തുന്നത്. ആ പ്രയത്നം വിജയത്തേക്കാളപ്പുറം അർഹിക്കുന്നുണ്ട്. ആൾക്കൂട്ട ആരവങ്ങളിലല്ല, മനസ്സിന്റെ ആഴങ്ങളിലേക്കാവും അതിന്റെ ഉയർച്ച.