ഓർമ്മക്കുറിപ്പ്
ഉവൈസ് നടുവട്ടം
മികവോടെ കണക്കു തെറ്റിച്ച ഇമ്മിണി ബല്യ ബഷീറ് എന്റെ ആരാധ്യ പുരുഷനും കൂടിയാണ്. ഞാൻ മാത്രമായിരിക്കില്ല, ഇനിയുമൊരുപാട് ആളുകൾ അക്കൂട്ടത്തിലുണ്ടാകും. ആ പ്രതാപിയെ എങ്ങനെ സ്നേഹിക്കാതിരിക്കും. എഴുതിവെച്ചതെല്ലാം തന്റെ ജീവിതാനുഭവങ്ങൾ, ചുണ്ടിലൊരു ചിരിയില്ലാതെ വായിച്ചു തീർക്കാൻ കഴിയാത്ത കഥാഖ്യാനങ്ങൾ. സാഹിത്യം വലിയ കല്ലുകടിയല്ലെന്ന് മലയാള ഭാഷയെ പഠിപ്പിച്ച വിദ്വാൻ. തന്നോളം മറ്റാരുമില്ലെന്ന് നമ്മെ കൊണ്ട് പറയിപ്പിച്ച തനിമലയാളി.
വൈലാലിൻ വീടിന്റെ വരാന്തയിൽ അരമതിലിൽ ഇരിക്കുന്ന സുൽത്താന്റെ തമാശകൾ കേട്ടാസ്വദിക്കാൻ ഒത്തു കൂടിയിരുന്ന അക്കാലത്തെ തലമൂത്ത ജീനിയസ്സുകൾ. എന്നാൽ എഴുത്ത് എന്ന പദം ബഷീറിന്റെ എഴുത്തിന് ചേരുന്നതു പോലെ മലയാളത്തിന്റെ മറ്റൊരു എഴുത്തുകാരനും ചേരുകയില്ലെന്നു പറഞ്ഞ കൽപറ്റ നാരായണൻ മാഷിന്റെ വരികളോട് നീതിയുക്തമായി പുഞ്ചിരിച്ച ബഷീറ് മഹാനല്ലെങ്കിൽ പിന്നെയാരെയാണ് അവിടുത്തേതിന് പകരമായി നാം അവതരിപ്പിക്കുക. മലയാള ഭാഷയെ ഇത്രയും മനോഹരമായി മറ്റാർക്കു പറയാനാകും. ഇതിലും വലിയ എന്ത് ബുദ്ധിജീവി പരിവേഷമാണ് ഒരു എഴുത്തുകാരനു വേണ്ടത്. ഭാവാനാത്മകതയോടെ സർഗ്ഗാത്മകത പറയുന്ന ബഷീറിന്റെ എഴുത്തുകൾ, അനന്തമായ ഏകാന്തതകൾക്കിടയിലും സ്നേഹത്തിന്റെ കൊച്ചു തുരുത്ത് പണിതെടുത്ത വൈക്കത്തെ അനുഗ്രഹീതൻ. ആ പ്രദേശത്തുകാർക്ക് അയാളൊരു രാജാവ് മാത്രമായിരിക്കില്ല. വായനക്കാരന് ദൈവത്തിന്റെ അവതാരമായി തോന്നിയ നിമിഷങ്ങൾ, സഹാനുഭൂതിയുടെ നാട്ടുവർത്തമാനങ്ങളോട് കുശലം പറഞ്ഞ ഇമ്മിണി ബല്യൊരു സാഹിത്യകാരനും കൂടിയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
തന്റെ രചനകൾ മൊത്തത്തിലെടുത്തൊന്നു നോക്കിയാൽ ദൈവം മുതൽ പക്ഷിമൃഗാദികളെയും ഇഴ ജന്തുക്കളെയും സസ്യലദാദികളെയും വരെ കഥാപാത്രങ്ങളാക്കി മാറ്റിയ വിഖ്യാതമായ എഴുത്ത് കുത്തുകൾ. കൃത്രിമത്വത്തിന്റെ പൊടിപോലും കലരാത്ത ജീവിതങ്ങൾ. സ്വന്തം പുസ്തകങ്ങളെ നക്കിയും ചവച്ചും തിന്നു തീർക്കുന്ന പാത്തുമ്മയുടെ ആടിനെ പോലെയായിരുന്നു ബഷീറിന്റെ പ്രകൃതവും. വാമൊഴിയെ അതിന്റെ എല്ലാ പ്രകൃതങ്ങളോടും കൂടെ ബഷീർ വരമൊഴിയാക്കി, ഭാവനസ്പർശിയാക്കി, അതിലൂടെ ഒരു നൂതനലോകമുയർത്തി, ആ നൂതന ലോകത്തിലേക്കും അതിനപ്പുറത്തുള്ള ഒരജ്ഞാത തീരത്തിലേക്കും സഹൃദയനെ ഒപ്പമിരുത്തി വിരാമമിടാതെ വായിപ്പിച്ച, അതിലേറെ പ്രണയിപ്പിച്ച വൈക്കത്തുകാരൻ സംഭവ ബഹുലമായ വലിയൊരു ചരിത്രത്തിന്റെ ശേഷിപ്പുകൂടിയാണ്.
കാമ്പസ് പഠനകാലത്ത് ,ഏകദേശം പതിനഞ്ച് ഇരുപത് വയസ്സ് തികയാത്ത സമയത്ത് ഞങ്ങളുടെ ക്ലാസുകാർ ഒരു മാഗസിൻ പുറത്തിറക്കാൻ തീരുമാനിച്ചു. ദിവസം ഏതാണ്ടു കഴിഞ്ഞു പോയി. മാഗസിന്റെ അവസാന വർക്ക് കഴിയവെ എന്തു പേരിടണമെന്നറിയാത്ത ഞങ്ങളിലേക്ക് വൈക്കത്തെ കണക്കു മാഷിനെ പറ്റിയുള്ള ഓർമകളുദിച്ചു. പിന്നെ കൂടുതലാലോചിച്ചു നിന്നില്ല ‘ഇമ്മിണി ബല്യ ഒന്ന് ‘ എന്ന് മാഗസിന് നാമകരണം ചെയ്തു. ഏറെ പ്രശംസ അന്ന് ഞങ്ങളെ തേടിവന്നിട്ടുണ്ട്. സ്തുതി പാഠകർക്കു മുമ്പിൽ ഞങ്ങളും ഒരു കൊച്ചു ബഷീറായി അവതരിച്ചു. ഒഴിവു നേരങ്ങളിൽ ചാരിയിരുന്ന് മാനത്തേക്ക് കണ്ണും നട്ട് ഇടക്കൊക്കെ സാഹിത്യകാരനെ പോലെ നടിച്ചു. പിന്നീട് അതിന്റെ ആഴ ഗരിമകളിലേക്ക് മനനം ചെയ്തു നോക്കിയപ്പോഴാണ് ആ വലിയ ഒന്നിന് ഇമ്മിണിയല്ല അളവുമാത്രകൾക്കതീതമായ ഉയരവും വലിപ്പവും ആഴവും ഉണ്ട് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്.
“ഞാൻ ഒരു കഥയെഴുതുന്നു. ചുമ്മാതൊരു കഥ അല്ലെങ്കിൽ നിങ്ങൾക്കൊരു എഴുത്ത് ഒരു കത്ത് ” തന്റെ രചനകളെ ബഷീർ സ്വയം വിലയിരുത്തിയത് ഇങ്ങനെയാണെങ്കിലും മലയാള ഭാഷയിൽ എക്കാലത്തെയും അതിജീവിച്ചു നിറുത്താൻ ശേഷിയുള്ള മാർജിൻ ബഷീർ സ്വയം വരച്ചു കഴിഞ്ഞിരുന്നു. തനി ഗ്രാമീണ പ്രയോഗങ്ങളായിരുന്നു ബഷീറിയൻ സാഹിത്യം. ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ബഷീറിന്റെ കല പഴമയുടെ യാഥാസ്ഥിക തലങ്ങളുടെ നിഷേധവും പുതുമയുടെ അഭിലക്ഷണീയമായ വശങ്ങൾക്കു സ്വാഗതം പറയലും കൂടിയാണ്.
ഓരോ പുസ്തകങ്ങൾക്കും നൂറായിരം ജന്മങ്ങളുടെ കഥ പറയാനുണ്ടാകും. ബഷീറിനെ സംബന്ധിച്ചിടത്തോളം അത് ഏറെ വ്യത്യസ്തവുമാണ്. ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകമായൊരു പേരും പ്രമേയവും മാറ്റിവെച്ചെഴുതിയെടുത്ത പതിനഞ്ചു നോവലുകളും പതിനഞ്ചോളം ചെറുകഥാ സമാഹരണങ്ങളും. മൊത്തത്തിൽ നാൽപത്തി ഒന്നോളം പുസ്തകങ്ങൾ. എല്ലാം ഹൈക്ലാസ് ക്വാളിറ്റി അടങ്ങിയ എന്നാൽ തുഛമായ വിലക്കു ലഭിക്കുന്ന ജീവിതാനുഭവങ്ങൾ. ബഷീറിന്റെ ഓരോ എഴുത്തും അവസാനിക്കുന്നത് നർമത്തിന്റെയും സന്തോഷത്തിന്റെയും എന്നാൽ അത് പറയുന്ന സങ്കടത്തിന്റെയും ഇടയിലാണ്. അവിടെ നാമും ഒരു കഥാപാത്രമായി മാറുന്നു. തെങ്ങിൽ നിന്നും പൊട്ടിയ ഇളനീര് പോലെ ഓരോ കഥയും അതിന്റെ ലാളിത്യത്തെ സ്പർശിക്കുന്നു. സ്വാഭാവികതയുടെ കെട്ടുപാടുകളിലൂടെ അവ വളർന്നു പുഷ്കലമാകുന്നു.
ഏറെ ആഘോഷിക്കപ്പെടുന്ന ജന്മദിനത്തിലും കണ്ണാടിക്കു മുമ്പിൽ ജീവിതത്തെ കൂട്ടിക്കിഴിക്കുന്ന ബഷീർ ഊഹങ്ങൾക്കു പുറത്ത് തന്റെ പ്രായത്തെ ഏതെങ്കിലുമൊരു അക്കങ്ങളിലുറപ്പിക്കുന്നു. ഇടക്ക് നാൽപ്പത്തിരണ്ടും ഇരുപത്തി ഏഴുമൊക്കെയായി ബഷീറ് ഗണിക്കുന്നു. ഉപ്പയുടെ വിയോഗത്തിനു ശേഷം മക്കൾക്കു കിട്ടിയ അധിക സ്വാതന്ത്ര്യത്തിന്റെ പുറത്ത് അനുജൻ കത്തിച്ചു കളഞ്ഞ ജനന വർഷം ഏറിയും കുറഞ്ഞും അയാളെ ഉറ്റുനോക്കുന്നുണ്ട്. പ്രായമറിയില്ലെങ്കിലും നാലാളറിയുന്ന എഴുത്തും ഭാഷയും പ്രകൃതവും ബഷീറിനുണ്ട്. തന്നെ തിരക്കി വരുന്ന രാഷ്ട്രീയ നേതാക്കളോടും എഴുത്തുകാരോടും സാഹിത്യ വിദ്യാർഥികളോടും പശ്ചാതല സംഗീതത്തിന്റെ അകമ്പടിയോടു കൂടെ ഉന്മാദിതനാവുകയും വിഷാദിതനാകുകയും ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീറ് ചിന്തോദ്വീപകമായ ആശയങ്ങൾ വലിയ വാക്യങ്ങളില്ലാതെ പങ്കുവെക്കുന്നതായും കാണാം.
തന്റെ ഓരോ കഥകളിലും സ്ഫുരിച്ച് നിൽക്കുന്ന മാനവികതയുടെ സങ്കീർത്തനത്തിന്റെ ജ്വലിക്കുന്ന തേജസ്വിനെ അൽപം പോലും മൗനം കലർത്താതെ വിശേഷ പ്രമേയങ്ങളാക്കി ഉടലോടെ വാർക്കുന്ന ബഷീറിന്റെ കൃതികൾ മങ്ങലുകളില്ലാതെ സർവ്വ വാർപ്പു മാതൃകകളെയും അതിജീവിക്കുന്നുണ്ട്. മുസ്ലിം പൈതൃകത്തിലൂടെ ബഷീർ കൃതിയുടെ ആവിഷ്കാരം സാധിക്കുന്നു. പാരമ്പര്യത്തിന്റെ രക്തസാക്ഷിയാണ് ബാല്യകാല സഖിയിലെ സുഹറയെങ്കിൽ പാരമ്പര്യ നിഷേധത്തിന്റെ ഒരു കണ്ണിയായി ന്റെപ്പുപ്പായിലെ കുഞ്ഞുപാത്തുമ്മ വികസിക്കുന്നത് ബഷീറിൽ നിന്ന് ബഷീറിലേക്കുള്ള വികാസം കൂടിയാണ്.
“നീയും ഞാനുമെന്ന യാഥാർഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോവുകയാണ്. യാത്രയ്ക്കുള്ള സമയമായി ” ജീവിതം ഒരനുഗ്രഹം എന്ന തന്റെ ഓർമ പുസ്തകത്തിൽ ബഷീർ എഴുതിയതു പോലെ “എല്ലാം വയസ്സായി കൊണ്ടിരിക്കുകയാണ്. ഇരിക്കുക ഒന്നും അല്ലല്ലോ എണ്ണമില്ലാത്ത പ്രകാശഗോളങ്ങളും ഗ്രഹസഞ്ചയങ്ങളും കറങ്ങിക്കൊണ്ട് എങ്ങോട്ടേക്കോ പൊയ്‌ക്കൊണ്ടിരിക്കുന്നു. ഭയാനകമായ വേഗത്തിൽ. അതിനിടെ ജനന മരണങ്ങളുണ്ടാക്കുന്നു.” 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലെ വീട്ടിൽ നിന്ന് ബഷീർ മൃതിയണയുന്നു. പിന്നീട് അനന്തമായ ഏകാന്തത….
????