അനു
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല, തിരൂർ
രാത്രി കുറുകുമ്പോളുള്ളിലൊരു
ആന്തൽ വിലങ്ങും.
നിവർക്കാത്ത ചുളുങ്ങിയ പുതപ്പുവിരികൾ,
ഓർമ്മകളുടെ വെട്ടത്തിൽ വട്ടം കൂടുന്ന ഈയാം പാറ്റകൾ,
മറിച്ചും തിരിച്ചും നോക്കുന്ന ഡയറി പേജുകൾ.
ഇവരുടെയൊപ്പം ഞാൻ രാത്രിയിലേക്ക് കയറി ചുരുളും.
രാത്രിയിൽ ചിരികളൊഴിച്ചു വയ്ക്കും.
പകലിലെ പാകമാവാത്ത ഉടുപ്പൂരിയിടും.
വെളിച്ചങ്ങൾ അണച്ചിടും.
ഭിത്തിയോട് ചേർത്ത് ഞാനെന്നെ ഒളിപ്പിച്ചു വയ്ക്കും
ഉൾപടർപ്പുകളിൽ ദുഃഖം പടരും.
ചിന്തകളിലാകമാനം വരണ്ട കരച്ചിൽ വരിയും.
ഭൂതകാലത്തിന്റെ ഭാരങ്ങൾ,
ഓർമ്മകളുടെ വിഴിപ്പുകൾ,
വിലാപത്തിന്റെ ആണിപ്പാടുകൾ.
ചിന്തകൾ തികയാത്തതിനാൽ ഓർമ്മകൾ പഴക്കം ചെന്ന മുറിവുകളെ കുത്തിയുണർത്തും.
ഓർക്കാൻ മറ്റൊന്നുമില്ലാത്തത് പോലെ,
ഇറങ്ങി പോയ മനുഷ്യരേയും,
പൊറ്റ പിടിച്ചുണങ്ങിയ വേദനകളെയും ഓർത്തിരിക്കും.
കണ്ണിൽ കറുത്ത കല പടരുന്നത് പതിവാകും.
പുലരാൻ അധികമില്ലന്നറിയെ
രാത്രിക്കൊപ്പമിരിക്കും.
ഇടയ്ക്കൊക്കെ മിണ്ടാൻ രാത്രിയിൽ ഉറക്കമില്ലാത്ത മനുഷ്യരുണ്ടാകും.
ഉറക്കമില്ലാത്ത മനുഷ്യർ വാഴ്ത്തപ്പെടട്ടെ,
അവർ കലർപ്പില്ലാത്ത രാത്രിയുടെ അവകാശികളാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.