ശ്രീവിദ്യ
കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ ഇന്നും അലിഖിതനിയമമായി ആചരിക്കപ്പെട്ടു വരുന്ന ഒന്നാണ് തൊട്ടുകൂടായ്മ. അത് സ്ത്രീകളോടാണെന്നു മാത്രം. ഭൂരിപക്ഷസമൂഹം അശുദ്ധിയായും വിശുദ്ധിയായും കാണുന്ന ആർത്തവം ഇന്നും നമ്പൂതിരിസ്ത്രീകളെ തൊട്ടുകൂടാത്തവരാക്കുന്നു. കൗമാരത്തിൽ ഋതുമതിയാകുന്നതു മുതൽ വാർദ്ധക്യത്തിലെ ആർത്തവവിരാമം വരെ എല്ലാ മാസവും 3-4 ദിവസങ്ങൾ സ്ത്രീകൾ ആരേയും ഒന്നിനേയും തൊടാതെ മാറിയിരിക്കുന്നു. ഈ ഭ്രഷ്ട് 7 ദിവസം വരെയിരിക്കുന്ന കുടുംബങ്ങളുമുണ്ട്. ആർത്തവമാവുന്നതിന് അയിത്തമാവുക, പുറത്താവുക, മുടക്കമാവുക എന്നൊക്കെയാണ് പ്രയോഗങ്ങൾ പോലും!
‘അയിത്തം’ ആയിക്കഴിഞ്ഞാൽ പിന്നെ മഹാപരാധം ചെയ്ത ജയിൽപ്പുള്ളിയാണ്. സ്വന്തം പാത്രങ്ങളും വസ്ത്രങ്ങളും മാത്രം. കിടക്കയിൽ നിന്ന് തറയിലെ പായിലേക്ക് കൂടുമാറ്റം. മറ്റൊരു സാധനവും സ്പർശിക്കരുത്. അറിയാതെ എങ്ങാനും ചവിട്ടി, കിടക്ക തുടങ്ങിയവ സ്പർശിച്ചാൽ 4-ാം ദിനം കുളിച്ച് ‘ശുദ്ധ’മാവുമ്പോൾഅതുവരെ തൊട്ടതെല്ലാം കൂടി അലക്കി കുളിക്കുക. അന്നേ ദിവസം ക്ഷേത്രത്തിൽ നിന്നും പുണ്യാഹം കൊണ്ടുവന്ന് വീടാകെ തളിക്കുന്ന ഏർപ്പാടുമുണ്ട്. ഭക്ഷണം ആരെങ്കിലും പാത്രത്തിൽ തൊടാതെ വിളമ്പിത്തരും. ആർത്തവക്കാർക്ക് സ്ഥിരമായി ഇരിക്കാൻ ഒരു മൂലയുണ്ടാവും. ഇരുന്നെണീക്കുമ്പോൾ അവിടം വെള്ളം തളിച്ച് തുടച്ച് ശുദ്ധമാക്കണം. വീടിന്റെ മുൻവശത്തൊന്നും അധികം വന്നുകൂടാ. വിശേഷ ചടങ്ങുകളിലൊന്നും പങ്കെടുക്കരുത്. ഇനിയുമുണ്ട് ഒത്തിരി ചെറിയ നിയമങ്ങൾ.
ഇതൊക്കെ സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഈ 21-ാം നൂറ്റാണ്ടിലെ കാര്യങ്ങളാണ്. അന്ധവിശ്വാസങ്ങൾക്കു മേൽ പടുത്തുയർത്തിയ ഈ അനാചാരങ്ങൾ സ്കൂളിലും കോളേജിലും പോകുന്ന പെൺകുട്ടികൾ, ജോലിക്ക് പോകുന്ന സ്ത്രീകൾ, വീട്ടമ്മമാർ എന്നിവർക്ക് ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും ആത്മനിന്ദയും വളരെ വലുതാണ്. ജീവിതത്തിലെ വലിയൊരു ഭാഗത്തിൽ, എല്ലാ മാസവും സ്വയം വിലക്കപ്പെട്ട ഒരു വസ്തുവായി മാറും. ചലനങ്ങൾ കുറച്ച്, സ്വാതന്ത്ര്യം വെട്ടിക്കുറച്ച് ഒരു മൂലയിലിരിപ്പാണ്.
ചില കുടുംബങ്ങൾ ഇത്തരം പ്രാകൃതരീതികൾ ഉപേക്ഷിക്കുകയും മറ്റു ചിലർ സ്വാതന്ത്ര്യത്തിന്റെ തോതിൽ ഇളവുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഭൂരിപക്ഷം ആചാരങ്ങളുടെ അടിമകളാണ്. ഉന്നതവിദ്യാഭ്യാസവും സാമ്പത്തികവുമുള്ള കുടുംബങ്ങളിലും ഈ തൊട്ടുകൂടായ്മ തുടർന്നു വരുന്നു. അമ്പലവാസികളായ മറ്റു ചില സമുദായങ്ങളും ഈ അനാചാരം കണ്ണടച്ച് പിന്തുടരുന്നുണ്ട്. ആർത്തവത്തെപ്പറ്റി സമൂഹത്തിലാകെ വികലമായൊരു കാഴ്ചപ്പാടാണല്ലോ ഉള്ളത്.
ഭരണഘടന Art. 17ലൂടെ ഈ അനാചാരം നിരോധിച്ചെങ്കിലും കേരളീയപ്രബുദ്ധസമൂഹത്തിലെ ഒരു കൂട്ടം സ്ത്രീകളുടെ ദുരവസ്ഥ ആരാലും ഗൗനിക്കപ്പെടാതെ പോകുന്നു. 3 ദിവസമെങ്കിലും വീട്ടമ്മമാർക്ക് വിശ്രമം കിട്ടുമല്ലോയെന്ന് പറയുന്നവരോട്, വിശ്രമിക്കണമെങ്കിൽ അതു ചെയ്താൽ പോരേ; അനാചാരം വേണോ!
അസമത്വത്തിന്റെ നേർപ്രതീകമായ, കൗമാരം മുതൽക്കു തന്നെ ആത്മവിശ്വാസം പണയം വെക്കാൻ പഠിപ്പിക്കുന്ന ഈ സമ്പ്രദായം, അനുഭവിക്കുന്ന സ്ത്രീകളെങ്കിലും സ്വയം മുന്നോട്ടുവന്ന് ഇല്ലാതാക്കണം. കുടുംബങ്ങളും ഇത്തരം അനാചാരങ്ങൾ ഉപേക്ഷിച്ചാൽ അതൊരു വലിയ മുന്നേറ്റമായിരിക്കും. പണ്ട് വി.ടി. കൊളുത്തിയ തീയുടെ തരിപോലും കടന്നുചെല്ലാത്ത ഇല്ലങ്ങളുടെ അകത്ത് ഇന്നും സ്ത്രീയുടെ ആത്മാഭിമാനം വെന്തുനീറുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Well said.
Etharathil yatharthiyam thuranu kanikuna eazhuthukal namuk eniyum avishiyamanu