ഹോളിവുഡ്, ബോളിവുഡ്, മറാത്തി, മലയാളം സിനിമകളിൽ വിഷ്വൽ ഇഫക്റ്റ്സ് കലാകാരനായ വിശാഖ് മേനികോട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ‘അണ്‍ഡു’ ഒരു യൂത്ത് ഓറിയന്റഡ് ഷോർട്ട് ഫിലിമാണ്. ബോളിവുഡിലെ യുവതാരമായ ഭുവൻ അറോറ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം,വിഷ്വൽ ഇഫക്റ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ അൻവർ, പ്രണയം തുടങ്ങിയ സിനിമകളുടെ ക്യാമറകൈകാര്യം ചെയ്ത സതീഷ് കുറുപ്പിന്റെയാണ്. ദേശീയ-സംസ്ഥാന അവാർഡ് ജേതാവും, യന്തിരന്‍, റോബോട്ട്, ദേവ് ഡി തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്‍ജിനിയറുമായ പ്രമോദ് തോമസാണ് ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്. മലയാള സിനിമകളുടെ എഡിറ്ററായ വിജി ഏബ്രഹാം ഈ ഹ്രസ്വചിത്രത്തെ നോൺ-ലീനിയര്‍ മാതൃകയിൽ എഡിറ്റു ചെയ്തിരിക്കുന്നു.
ജർമ്മൻ നടി ഫാര, പ്രശസ്ത ചലച്ചിത്ര നടൻ ജിജോയ് രാജഗോപാലൻ തുടങ്ങിയവര്‍ക്ക് പുറമെ പുനെയിലെ ആക്ടിംഗ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പൂനെയില്‍ മുഴുവനായി ചിത്രീകരിച്ച സിനിമ, മെയ് 19ന് യൂട്യൂബ് റിലീസിനൊരുങ്ങുന്നു.