തിരുവന്തപുരം: ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥിയായെത്തി.
കുട്ടികളുടെ ദൃശ്യബോധവും ജീവിതത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും സൃഷ്ടിക്കാന്‍ ചലച്ചിത്രമേളകൊണ്ട് സാധിച്ചെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലായി ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഏഴു ദിവസം നീണ്ടു നിന്ന ചലച്ചിത്രമേളയില്‍ പ്രശസ്തരായ നിരവധിപേര്‍ സന്ദര്‍ശിക്കുകയും കുട്ടികളോടൊപ്പം സമയം പങ്കിടുകയും ചെയ്തു.