സുധിന്‍ സുഗതന്‍
തിരക്കേറിയ ഐടി ജീവിതത്തിലെ മടുപ്പുളവാക്കുന്ന വിരസതയിൽ ഹൃദയത്തിന്റെ ആർദ്രത എവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു… കുറച്ചു ദിവസത്തേക്കെങ്കിലും എന്നെ അറിയാത്ത… ഞാൻ അറിയാത്ത… ഇതുവരെ കാണാത്തൊരു നാട്ടിലേക്ക് യാത്ര പോകണം…
പതിവു യാത്രകളിൽനിന്നു വ്യത്യസ്തമായി മനുഷ്യനാൽ കളങ്കപ്പെടാത്ത മൊഹബത്തിന്റെ മഞ്ഞുപെയ്യുന്ന ദേവഭൂമിയുടെ താഴ്‌വരയിലേക്ക്… പ്രകൃതിയെ നെഞ്ചോടു ചേർത്ത്, ഹിമാലയൻ കുളിർ കാറ്റേറ്റു തന്നെയാവാം ഇത്തവണത്തെ ട്രിപ്പ് എന്ന്‍ തീരുമാനിക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല.
ഹിമാലയൻ ഡെസ്റ്റിനേഷൻ ആയ കേദാർകാന്ദ സമ്മിറ്റ് പ്ലാൻ ചെയ്തുവെങ്കിലും സംഭവം നടക്കുമോ എന്നുള്ള കാര്യത്തിൽ അത്ര ഉറപ്പുണ്ടായിരുന്നില്ല. കാരണം രണ്ട് ആഴ്ചത്തേയ്ക്കുള്ള ലീവ് അപ്രൂവ് ആകുമോ എന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അങ്ങനെ രണ്ടും കൽപ്പിച്ചു മാനേജർന്‍റെ അടുത്ത് കാര്യം പറഞ്ഞപ്പോൾ ഭാഗ്യവശാൽ അദ്ദേഹം ഒബ്ജക്ഷൻ ഒന്നും വെച്ചില്ല… കാരണം മുൻപത്തെ ആഴ്‌ചകളിൽ ശനിയും ഞായറുമായി കുറെയധികം അവധി ദിവസങ്ങൾ പ്രൊജക്റ്റ്‌ന്‍റെ ആവശ്യത്തിനായി വർക്ക് ചെയ്തിരുന്നു. മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷത്തിൽ പിന്നെ നോക്കിയത് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് ഉണ്ടോ എന്നാണ്.. പക്ഷേ അന്നത്തെ വെയ്റ്റിംഗ് ലിസ്റ്റ് 110. ലോ ബഡ്ജറ്റ് യാത്രകൾ പണ്ടേ ശീലമാക്കിയതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി തോന്നിയതേയില്ല.
എല്ലാ സഞ്ചാരികളുടെയും സ്വപ്നഭൂമിയായ ഹിമാലയത്തിലേക്ക് അങ്ങനെ ഞങ്ങളും യാത്ര തിരിക്കുകയായി. ട്രെയിനിലും ഷെയർ ടാക്സിയിലും ട്രെക്കിലും വെച്ചു പരിചയപ്പെട്ട കുറേ മുഖങ്ങൾ… സൗഹൃദങ്ങൾ… അറിയാത്ത ഭാഷകൾ… സംസ്കാരങ്ങൾ… ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണങ്ങൾ… റോഡോ ഡെൻഡ്രോൺ പൂത്തുലഞ്ഞ താഴ്‌വരകൾ… ദേവദാരുവും പൈൻ മരങ്ങളും നിറഞ്ഞ നിബിഡ വനങ്ങൾ… പിന്നെ മൗണ്ടൻ സമ്മിറ്റ് ഡേയിൽ മൈനസ് 18 ഡിഗ്രിയിൽ ശ്വാസം പോലും കിട്ടാതെ മഞ്ഞുമല കയറിയപ്പോൾ കിട്ടിയ ത്രസിപ്പിക്കുന്ന അനുഭവങ്ങളും… കാര്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. എങ്കിലും ആ യാത്രയുടെ അനുഭവങ്ങൾ നൽകിയ ഓർമ്മകൾ എന്നെന്നും വിലപ്പെട്ടതായിരിയ്ക്കും.
2017 ഡിസംബർ 29.
കൊച്ചുവേളി – ഡെറാഡൂൺ എക്സ്പ്രസ്സിൽ ഞങ്ങൾ യാത്ര ആരംഭിച്ചു. ടിടിആര്‍നെ കണ്ട് ഏതുവിധേനയും കൺഫോം ടിക്കറ്റ് എടുക്കാമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ കാര്യം തിരക്കിയപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു (സീസൺ ആയതുകൊണ്ട് ടിക്കറ്റ് എല്ലാം ഫുൾ ആയിരുന്നു). പിന്നീട് ഉറക്കമില്ലാതെ 2-3 ദിവസം കഴിച്ചുകൂട്ടിയെങ്കിലും ട്രെയിനിൽ വെച്ചു പരിചയപ്പെട്ട മുംബൈക്കാരൻ മലയാളിയും മംഗലാപുരത്തു ജോലിചെയ്യുന്ന ഡെറാഡൂൺ സ്വദേശികളായ ഹിന്ദിക്കാരും ബി.എസ്.എഫ്-ലെ ചേട്ടന്മാരും എല്ലാരും ചേർന്ന് ആകെ ഒരു ഓളം ആയിരുന്നു ഈ ദിവസങ്ങൾ. കുറച്ചു ഹിന്ദി അറിയാവുന്നത് കൊണ്ട് അത്യാവശ്യം പിടിച്ചുനിൽക്കാം എന്നുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു. ദീർഘ ദൂരയാത്രയുടെ വിരസമായ മടുപ്പ് തെല്ലും അനുഭവപ്പെടാതെ അങ്ങനെ ആ ദിവസങ്ങളും കടന്നുപോയി.
ഡിസംബർ 31 ന് രാത്രി ഞങ്ങൾ ഡെറാഡൂൺ എത്തി. അവിടെയെങ്ങും പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ ലഹരിയിലാണ് നഗരം. വിന്റർ ആയതുകൊണ്ട് കാലാവസ്ഥയിൽ തണുപ്പിന്റ കാഠിന്യം ഏറിയിരുന്നു. കൂടെയുണ്ടായിരുന്ന 4 ഡെറാഡൂൺ സ്വദേശി സുഹൃത്തുക്കൾ അവിടെ കുറഞ്ഞ ചെലവിൽ ഒരു റൂം തരപ്പെടുത്താൻ സഹായിച്ചു. വളരെ നല്ല ആളുകൾ. ഇടപെടാനും കാര്യങ്ങൾ ചോദിക്കാനും പറ്റിയ വളരെ ശാന്തശീലരായ ജനങ്ങൾ. അങ്ങനെ ആ ന്യൂ ഇയർ രാത്രിയിൽ അവരോടൊപ്പം ഭക്ഷണവും കഴിച്ചു, പുതുവത്സരാശംസകളും നേർന്നു ഞങ്ങൾ റൂമിലേക്ക് നടന്നു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ റിസപ്ഷനിൽ നിന്നിരുന്ന പയ്യന് മുഖത്തൊരു പുഞ്ചിരി. പിന്നെ കേരളത്തെപ്പറ്റിയുള്ള വിശേഷങ്ങൾ ചോദിച്ചറിയാൻ ഒരു പ്രത്യേക താല്പര്യവും. അങ്ങനെ അറിയാവുന്ന ഹിന്ദിയിൽ എന്തൊക്കെയോ കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊടുത്തു ചെക്കിൻ ചെയ്തു ചാവിയും വാങ്ങി ഞങ്ങൾ നേരെ റൂമിലേക്ക് നടന്നു. നീണ്ട 60 മണിക്കൂർ ട്രെയിൻ യാത്രയിൽ കുളിക്കാൻ സാധിക്കാത്തതിലുള്ള അസ്വസ്ഥതയിൽ ആദ്യം പോയി നോക്കിയത് റൂമിൽ ചൂടുവെള്ളം കിട്ടുന്നുണ്ടോ എന്നാണ്. ഭാഗ്യത്തിന് എല്ലാം റെഡി. കാര്യങ്ങൾ എല്ലാം കഴിഞ്ഞു അടുത്ത ദിവസത്തേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ അന്ന് രാത്രി തന്നെ പൂർത്തിയാക്കി. ബാക്ക്പാക്കും തെർമൽസും ക്യാമറയും എല്ലാം റെഡിയാക്കി വെച്ച് പിറ്റേന്ന് രാവിലെ തന്നെ ട്രെക്കിങ്ങിലെ ആദ്യത്തെ ക്യാമ്പ് ഡെസ്റ്റിനേഷൻ ആയ Sankri യിലേക്ക് ഞങ്ങൾ ഒരു ഷെയർ വാനിൽ ആണ് യാത്ര തിരിക്കുന്നത്. ഇതുവരെ കേട്ടു പരിചിതമല്ലാത്ത രജ്പുത്താണ – പഞ്ചാബി താളാത്മകതയോടു കൂടിയ ഇമ്പമുള്ള പാട്ടുകളൊക്കെ കേട്ട് നമ്മുടെ സാരഥി സീറ്റിൽ ചാരി കിടന്നുകൊണ്ട് താളം പിടിക്കുന്നു… അങ്ങനെ 30 മിനുട്ടിനു ശേഷം സീറ്റ് എല്ലാം ഫിൽ ആയപ്പോൾ വണ്ടിയെടുത്തു.
നീണ്ട 9 മണിക്കൂർ ഇടുങ്ങിയ പാതയിലൂടെയുള്ള ദുർഘടമായ ഡ്രൈവ്. റോഡിന്റെ പല സ്ഥലങ്ങളിലും ഉരുൾപൊട്ടലിന്റെ ഭാഗമായി ഊർന്നിറങ്ങിയ പാറക്കഷ്ണങ്ങൾ തികച്ചും ഭയമുളവാക്കുന്ന ഒന്നായിരുന്നു. ഏതു നിമിഷവും അടർന്നു വീണേക്കാവുന്ന പാളികളോട് കൂടിയ ചെങ്കുത്തായ പാറകൾ. എന്നിരുന്നാലും ആ 9 മണിക്കൂറിൽ ഞങ്ങൾ കൂടുതലായും കണ്ടത് ദേവഭൂമിയിലെ ഹിമാലയൻ താഴ്‌വരകളുടെ മാസ്മരിക കാഴ്ചകൾ ആയിരുന്നു. ഉയർന്ന മലമടക്കുകളുടെ താഴ്‌വാരങ്ങളിൽ തീപ്പെട്ടിക്കൂടുകൾ പോലെ ചെറിയ വീടുകൾ നിറഞ്ഞ ഗ്രാമങ്ങൾ… ഓരോ വീടിന്റെ മേൽക്കൂരയും കല്ലിന്റെ പാളികൾ കൊണ്ട് മേഞ്ഞിരിക്കുന്നു… ചുമരുകളെല്ലാം മരപ്പലകകളും ചുടുകട്ടകളും കൊണ്ട് മൊത്തത്തിൽ ഒരു വിന്റേജ് ലുക്കിൽ തീർത്തവ. തട്ടു തട്ടായി നിലം ഒരുക്കിയ കൃഷി സ്ഥലങ്ങൾ. അതിൽ ഇളം പച്ചയുടെയും തവിട്ടു നിറത്തിന്റെയും വകഭേദങ്ങളിൽ നിറവാർന്ന കതിരുകളും മഞ്ഞ പരവതാനി വിരിച്ചതു പോലുള്ള പൂപ്പാടങ്ങളും. ഇന്നുവരെ കാണാത്ത നിറക്കൂട്ടുകൾ ചാലിച്ചെടുത്ത വർണ്ണശബളമായ ഭൂപ്രകൃതി. യമുനയുടെ ഉത്ഭവമായ യമുനോത്രിയുടെ ഇരുവശങ്ങളിലായി കിടക്കുന്ന വെള്ളാരങ്കല്ലുകൾക്ക് മുകളിലൂടെ ഒഴുകുന്ന പളുങ്ക് തോൽക്കുന്ന തണുത്ത അരുവിയും എല്ലാം കുളിരേകുന്ന ഓർമ്മകൾ തന്നെ. വണ്ടിയിൽ ഇരുന്നു താഴേക്ക് നോക്കുമ്പോൾ കാണുന്ന യമുനോത്രിയിൽ ഒന്നിറങ്ങണം എന്നുണ്ടായിരുന്നു. വണ്ടി കുറേ ദൂരം ഓടിയ ശേഷം നദിയുടെ അടുത്തെത്തി. മനസ്സിൽ ആഗ്രഹിച്ചതുപോലെ ഡ്രൈവർ വണ്ടി നിർത്തി അരമണിക്കൂർ സമയം കൊണ്ട് നദിക്കരയിൽ പോയി വരാൻ പറഞ്ഞു. അങ്ങനെ ഡ്രൈവർ വണ്ടി കഴുകാൻ വേണ്ടി ചെറിയ ഒരു നീർച്ചാലിന്റെ അടുത്തേക്ക് ചേർത്തു നിർത്തി ഞങ്ങൾ നദിക്കരയിലേക്കും നടന്നു. ഉരുണ്ട വെള്ളാരം കല്ലുകൾ നിറഞ്ഞ നദീതടം.. തെളിനീര് പോലത്തെ വെള്ളം. പക്ഷേ നല്ല ഒഴുക്കുള്ള വെള്ളമായിരുന്നു. ഈ കാഴ്ച്ച കണ്ടിട്ട് GoPro ക്യാമറയിൽ ഒരു under water video എടുക്കണം എന്നു തോന്നി. അങ്ങനെ ക്യാമറയിൽ വാട്ടർപ്രൂഫ് case ഉം ഫിറ്റ് ചെയ്ത് വെള്ളത്തിലേക്ക് പതുക്കെ അങ്ങോട്ട് ഇറങ്ങി. ഫ്രീസറിൽ വെച്ചപോലെ കയ്യും കാലും തണുത്തു മരവിക്കുന്ന അവസ്ഥ. അവിടെ നിന്നിരുന്നവർ ഞാൻ ക്യാമറയും കൊണ്ട് ഇറങ്ങുന്നത് കണ്ടിട്ട് “ഇവനു വട്ടാണോ” എന്ന മട്ടിൽ ഉള്ള നോട്ടവും. നമുക്ക് ഇതൊന്നും ഒരു പുത്തരിയല്ലാത്തതുകൊണ്ട് മടുപ്പൊന്നും തോന്നിയില്ല. താഴെ വഴുവഴുപ്പുള്ള പാറകൾ ആയിരുന്നെങ്കിലും ഇറങ്ങി കുറച്ചു under water video എടുത്തു ഞങ്ങൾ മടങ്ങി. അപ്പോളേക്കും വണ്ടിയെല്ലാം കഴുകി ഞങ്ങളെയും കാത്തു സാരഥി അവിടെ നിൽപ്പുണ്ടായിരുന്നു.
മുസ്സൂറി വഴിയാണ് ഞങ്ങൾ കടന്നു പോകുന്നത് ഈ റൂട്ടിൽ ജനത്തിരക്കുള്ള സ്ഥലം കണ്ടത് അവിടെയാണ്. ഏകദേശം 1 മണിക്കൂറിനു ശേഷം ഒരു ചെറിയ ഗ്രാമത്തിലെത്തി. ഭക്ഷണത്തിനായി വണ്ടി നിർത്തിയത് അവിടെയുള്ള ഒരു കൊച്ചു ധാബ യുടെ മുൻപിലും. എപ്പോഴും ആളുകൾ വരാത്ത സ്ഥലം ആയതിനാലും തണുപ്പ് ഉള്ളതുകൊണ്ടും ഭക്ഷണം നേരത്തെ പാകംചെയ്‌തു വെച്ചു വിളമ്പുന്ന രീതി അവിടെ ഇല്ല. കറി തയ്യാറാക്കാൻ വേണ്ടി കുറേ സമയം എടുത്തുവെങ്കിലും അതിന്റെ quantity 2പേർക്ക് കഴിക്കാൻ പോന്നതായിരുന്നു. റൊട്ടിയുടെ വലുപ്പവും അതുപോലെ തന്നെ. വിശപ്പിന്റെ ആധിക്യത്തിൽ കഴിച്ച റൊട്ടിയുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. ചൂടുള്ള ആവി പറക്കുന്ന ദാൽ കറിയിൽ മേലെ ഇട്ടിരുന്ന വെണ്ണ കഷ്ണങ്ങൾ ഉരുകി അലിഞ്ഞു ചേർന്നപ്പോൾ കറിയുടെ സ്വാദ് ഏറിയിരുന്നു. കഴിച്ച റൊട്ടിയുടെയും ദാൽ മഖനിയുടെയും സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.
സാരഥി വീണ്ടും വണ്ടിയിലേക്ക്. ഒപ്പം ഞങ്ങളും. ദൂരം കൂടുതൽ ചെല്ലുന്തോറും പ്രകൃതിയുടെ വന്യതയും ഏറിവന്നു. വൈകുന്നേരം ആയപ്പോഴേക്കും യാത്രാ ക്ഷീണത്താൽ സീറ്റിൽ ഇരുന്നു ചെറുതായൊന്നു മയങ്ങി. പിന്നെ കണ്ണുതുറക്കുമ്പോൾ ഞങ്ങൾ sankri ഗ്രാമത്തിൽ എത്തിയിരുന്നു. പോകുന്ന വഴിയിൽ റോഡ് ഇടിഞ്ഞതുകൊണ്ട് കുറേ നേരം ബ്ലോക്കിലും പെട്ടു. എല്ലാവരുടെയും ഫോറെസ്റ്റ് പാസ് പെർമിറ്റുകളും ഐഡി കാർഡിന്റെ കോപ്പി യും ചെക്ക് പോസ്റ്റിൽ വെരിഫിക്കേഷൻ ന് വേണ്ടി കൊടുത്തു. അപ്പോഴേക്കും തണുപ്പിന്റ കാഠിന്യം കൂടിക്കൂടി വരുന്നുണ്ടായിരുന്നു. വെരിഫിക്കേഷൻ എല്ലാം കഴിഞ്ഞു ഞങ്ങൾ sankri യിലെ ക്യാമ്പ് 1 ലേക്ക് നടന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാൻ എത്തിയത് വിവിയൻ സെബാസ്റ്റ്യന്‍. മുടിയെല്ലാം വളർത്തി പിന്നിലേക്ക് കെട്ടിവെച്ചു ഒരു അടാർ ഫ്രീക് ഐറ്റം. ഒരുപാട് mountaineering expeditions എല്ലാം പോയി കൈ തെളിഞ്ഞ ഒരു മഹാൻ. ബാക്ക്പാക്കുകളും ലഗേജുകളും എല്ലാം കൊണ്ട് ഞങ്ങൾ ക്യാമ്പ് 1 ലേക്ക് തിരിച്ചു. അവിടെ വിവിയൻന്‍റെ ഐസ് ബ്രേക്കിംഗ് സെഷനും ബ്രീഫിങ്ങും. എല്ലാം കഴിഞ്ഞു നേരത്തെ ബുക്ക് ചെയ്‌തിരുന്ന റെന്റൽ ഐറ്റംസ് എല്ലാം വാങ്ങി ഫുഡും കഴിച്ചു ക്യാമ്പിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലത്തെ യാത്രക്കുള്ള ഐറ്റംസ് എല്ലാം rucksack ൽ അറേഞ്ച് ചെയ്ത് കുറച്ചു ചൂടുവെള്ളവും കുടിച്ചു ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റത് മംഗൾ ഭായി യുടെ വിളിയും കേട്ടാണ്. ബ്രേക്ക് ഫാസ്റ്റ് വേഗത്തിൽ അകത്താക്കി തലേന്ന് രാത്രി പായ്ക്ക് ചെയ്തുവെച്ച rucksack എടുത്തു തോളിൽ വെച്ചപ്പോൾ ആണ് മനസിലാക്കുന്നത് ഇത് ഹെവി ആണെന്ന്. സാധാരണ 11-13 കിലോ ആണ് hiking rucksack ന്റെ മാക്സിമം വെയ്റ്റ്. ഇതിപ്പോ എല്ലാം ചേർത്തു ഏകദേശം 16-18 കിലോ വരും.. എന്തു ചെയ്യാൻ.. വേറെ വഴിയില്ല. Hip belt ഉം shoulder straps ഉം ടൈറ്റ് ചെയ്ത് trek poles ഉം ആയി ഞങ്ങൾ ഇറങ്ങി.. പർവ്വതാരോഹണത്തിന്റെ ആദ്യത്തെ ചുവടുകളുമായി ഹിമാലയത്തിലേക്ക്.. കുത്തനെയുള്ള കയറ്റങ്ങൾ കയറുമ്പോൾ തോളിലെ ബാഗിന്റെ വെയിറ്റ് എന്നെ പുറകോട്ടുവലിക്കുന്നുണ്ടായിരുന്നു. പക്ഷേ sankri ഗ്രാമത്തിന്റെ വശ്യതയും നിബിഡ വനങ്ങളുടെ വന്യതയും ഞങ്ങളെ മുന്നോട്ടു തന്നെ നയിച്ചു.
കൂടെ കിട്ടിയത് നല്ല യാത്രികരെ തന്നെയായിരുന്നു. അമേരിക്കയിൽ എൻജിനീയർ ആയ Kevin Gonsalves, ഇറ്റലിയിൽ നിന്നുള്ള Garima യും ബാംഗ്ലൂർ IT ഫീൽഡിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരായ കുറച്ചു പേരും. ആദ്യ ദിവസത്തെ ട്രെക്കിങ്ങില്‍ തന്നെ എല്ലാവരും നല്ല സുഹൃത്തുക്കളായി. വിവിയൻ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി. കാട്ടുവഴികൾ നീളെയുള്ള നടത്തത്തിനിടയിൽ വിവിയനുമായി ഒരുപാട് സംസാരിക്കാൻ അവസരം കിട്ടി. ഈ ഭൂമിയിലെ എന്തിനെ കുറിച്ച് ചോദിച്ചാലും അതിനെയെല്ലാം പറ്റി ഭംഗിയായി സംസാരിക്കുവാൻ കഴിയുന്ന ഒരു ലെജൻഡ്. ഫിസിയോ തെറാപ്പിസ്റ് കൂടിയായ അദ്ദേഹം Trek poles പോലും ഇല്ലാതെയാണ് യാത്ര. അനുഭവ സമ്പത്തിന്റെ കരുത്ത്… അല്ലാതെ എന്തു പറയാൻ..
യാത്രാമധ്യേ മരത്തടികൾ കൊണ്ടു പണിത ഒരു ധാബയുണ്ടായിരുന്നു. ഇളം പൈൻ മരത്തിന്റെ ഉരുണ്ട തടികൾ ഒന്നിനുമേലെ ഒന്നായി ഭംഗിയായി അടുക്കിവെച്ചുണ്ടാക്കിയ കൊച്ചു ഫാം ഹൗസ് പോലെയുള്ള ഒരിടം. ഇരിക്കാൻ വേണ്ടി ഒരു ബെഞ്ചിന്റെ നീളത്തിൽ രണ്ടുമൂന്നു തടികൾ ചേർത്തുവെച്ചു അതിനുമുകളിൽ ചണചാക്ക് വിരിച്ച ഇരിപ്പിടവും. ഓംലെറ്റും മാഗ്ഗിയും ചായയും ആയിരുന്നു അവിടത്തെ മെനു. മാഗ്ഗി യും ചായയും ഓർഡർ ചെയ്ത് ഞങ്ങൾ അവിടെ വിശ്രമിച്ചു. തണുത്തു വിറയ്ക്കുന്ന കൈകൾ ചൂടാക്കാൻ കയ്യിലെ ഗ്ലൗസ് ഊരിമാറ്റി അവിടത്തെ വിറകടുപ്പിന്റെ അടുത്തേക്ക് കൈകൾ നീട്ടി ഭക്ഷണവും വെയിറ്റ് ചെയ്ത് ഒരു പതിനഞ്ചു മിനിട്ട് ഇരുന്നപ്പോഴേക്കും ധാബയിലെ ഭായി ആവി പറക്കുന്ന മാഗിയും ചായയുമായെത്തി. ക്ഷീണിച്ചവശരായതിനാൽ കഴിക്കുന്ന ഭക്ഷണത്തിനെല്ലാം ഒരു പ്രത്യേക രുചിയായിരുന്നു. ഗ്രാമ്പുവിന്റെ ഫ്ലേവർ ഉള്ള നല്ല ഒന്നാം തരം ചായയും. ക്ഷീണമെല്ലാം വിട്ടുമാറാൻ ഇതിനെക്കാൾ നല്ല എനർജി ഡ്രിങ്ക് വേറെ കിട്ടില്ല എന്നു തോന്നും വിധം ഒരു ഒന്നൊന്നര ചായ. അതും കുടിച്ചു ഒരല്പം വിശ്രമിച്ചു അരമണിക്കൂറിനു ശേഷം വീണ്ടും നടത്തം തുടങ്ങി. കുറേ കാടുകൾ താണ്ടി വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ സൗർ ഗ്രാമത്തിലെത്തി. പൈൻ മരങ്ങളും ദേവദാരുവും നിറഞ്ഞ അതിസുന്ദരമായൊരു ഗ്രാമം. കല്ലുകൊണ്ട് പണിത അവിടത്തെ ഓരോ വീടുകൾക്കും ചുറ്റുമായി ആപ്പിൾ തോട്ടങ്ങൾ ഉണ്ട്. വിന്റർ ആയതിനാൽ ഇലകൾ എല്ലാം പൊഴിഞ്ഞു മരച്ചില്ലകൾ മാത്രമായ തോട്ടങ്ങൾ. കുറേയധികം മുകളിലേക്ക് കയറിക്കഴിഞ്ഞപ്പോഴേക്കും ഗ്രാമത്തിന്റെ ഊഷ്മളമായ കാഴ്ചകളിൽനിന്നും നിബിഡ വനമേഖലയിലേക്കുള്ള അവസ്ഥാന്തരം വളരെ വേഗത്തിൽ തന്നെ അറിയുവാൻ കഴിഞ്ഞു. അവിടെ നിന്നും ഒരുമണിക്കൂർ ട്രെക്കിങ്ങിനു ശേഷം ഞങ്ങൾ ടെന്റ് സൈറ്റിലേക്കെത്തി. ഓരോ ടെന്റിലും 2 ആൾ എന്ന രീതിയിൽ കാര്യങ്ങൾ സെറ്റപ്പ് ചെയ്തു ഭക്ഷണവും കഴിച്ചു rucksak ഉം എടുത്തു ടെന്റിൽ വെച്ചു കുറച്ചു നേരം കിടന്നു. അങ്ങനെ അന്നത്തെ പകലും യാത്രയായി..
വൈദ്യുതിയോ വെളിച്ചമോ ഇല്ലാത്ത കൂരിരുട്ടിൽ ഇടതൂർന്ന ദേവദാരു വൃക്ഷങ്ങൾ നിറഞ്ഞ നിബിഡ വനത്തിന്റെ മടിത്തട്ടിൽ ആ തെളിഞ്ഞ ആകാശവും നോക്കി തല ചായ്ച്ചു കിടക്കാൻ എന്തു ഭംഗിയാണ്. ഇതാണ് നക്ഷത്രങ്ങൾ. ഇത്രയും കാലം കണ്ടതെല്ലാം വെറും പ്രകാശ തുട്ടുകൾ മാത്രമാണെന്ന് തോന്നിപ്പോകും വിധം മനോഹരമായിരുന്നു രാത്രിയിലെ ആകാശം. കാടിന്റെ വന്യമായ പശ്ചാത്തല സംഗീതവും കേട്ട് ഒരായിരം നക്ഷത്രങ്ങൾക്കിടയിലെ വർണ്ണ പ്രപഞ്ചവും ആസ്വദിച്ചു താഴെ തണുത്ത പാറയിൽ മാനം നോക്കി കിടക്കാൻ എന്തു ചേലാണ്. എന്നിലെ ഓരോ നിശ്വാസവും ഹിമാലയൻ കുളിർകാറ്റിലലിഞ്ഞു പ്രണയാർദ്രമായതു ഞാൻ അറിയുന്നുണ്ടായിരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിൽ നിശബ്ദമായി സംവദിക്കുന്ന അനുരാഗത്തിന്റെ അതിമനോഹരമായൊരു മായാലോകം… തികച്ചും മാസ്മരികം.. പറയാൻ വാക്കുകളില്ല.. കാറ്റിലെ തണുപ്പ് ഏറിവരുന്നതിനു മുൻപായി നാളത്തെ ട്രെക്കിങ്ങിനുള്ള ആത്മവിശ്വാസത്തോടെ ഞാൻ നേരെ ടെന്റിലേക്കു മടങ്ങി.
ആ ക്യാമ്പ് മുതൽ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികൾ എത്തിക്കുന്നത് കഴുതപ്പുറത്താണ്. ഉണങ്ങിയ വിറക് ഇല്ലാത്തതുകൊണ്ട് മണ്ണെണ്ണ സ്ററൗവിൽ ആയിരുന്നു പാചകം. ഓട്സും റൊട്ടിയും സബ്ജിയുമായിരുന്നു അന്നത്തെ പ്രാതൽ. ഒരു ചൂടൻ ചായയും കുടിച്ചു അന്നത്തെ യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പോകുന്ന വഴിയിൽ കഴിക്കാൻ വേണ്ടി കയ്യിൽ കരുതിയിരുന്ന കുറച്ചു ചോക്ലേറ്റ് എടുത്തു ജാക്കറ്റിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് അടുത്ത ക്യാമ്പ് ലക്ഷ്യമാക്കി വീണ്ടും നടത്തം ആരംഭിക്കുകയായി..
കുറേ ദൂരം കയറിയതിനു ശേഷം ഒരു വ്യൂ പോയിന്റ് എത്തി. ഞങ്ങൾ അവിടെ അല്പസമയം വിശ്രമിച്ചു. അതിശയം ഉളവാക്കുന്ന പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ ഘർവാൾ ഹിമാലയൻ മലനിരകളുടെ ത്രസിപ്പിക്കുന്ന അഴക്. അതിരാവിലെയുള്ള മൂടൽ മഞ്ഞ് കീറി വരുന്ന വെളിച്ചം പുൽനാമ്പിലെ മഞ്ഞിൻകണങ്ങളിലും താഴ്‌വരകളിലെ പൈൻ മരങ്ങളിലും തട്ടി വർണ്ണങ്ങൾക്കു തീവ്രത കൂട്ടും വിധം അതിമനോഹര ദൃശ്യം… എവിടേയ്ക്ക് നോക്കിയാലും മനം മയക്കുന്ന അഴകിന്റെ സമൃദ്ധി. കടുത്ത നിറങ്ങൾ ചാലിച്ചെഴുതിയ ഒരു ക്യാൻവാസിൽ എന്ന പോലെ ആ വിസ്മയം ഞാൻ എന്നിലേക്ക് പകർത്തി. കാല്പനികതയുടെ ആ ദൃശ്യവിരുന്ന് അത്രമേൽ ഹൃദ്യമായിരുന്നു. ഇനി കാണാനിരിക്കുന്നത് ഇതിനെക്കാൾ എത്രയോ മനോഹാരിതയുള്ള കാഴ്ചകൾ ആയിരിക്കുമെന്നുറപ്പിച്ച് വീണ്ടും യാത്രയിലേക്ക് തിരിഞ്ഞു. കുറേ നേരത്തെ കയറ്റത്തിന് ശേഷം കണ്ടത് തൂവെള്ള തൂവലുകൾ പോലെ മഞ്ഞിൻകണങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ്. വീണ്ടും കുറേ കുത്തനെയുള്ള കയറ്റങ്ങളിൽ മാറിവരുന്ന ഭൂപ്രകൃതിയും പുൽമേടുകളിൽ ഭംഗിയാർന്ന മഞ്ഞിന്റെ ആവരണവുമെല്ലാം മുന്നോട്ടുള്ള കാഴ്ചകളിലേക്കുള്ള വെമ്പൽ കൂട്ടി. അങ്ങനെ അടുത്ത ജൂഡാ കാ തലാബ്ന്റെ താഴ്‌വാരത്തിലെ ക്യാമ്പ് സൈറ്റിലേക്കെത്തി.
ഭാരം വഹിച്ചുള്ള നടത്തത്തിൽ ശരീരം നന്നേ ക്ഷീണിച്ചിരുന്നു … ഒപ്പം വിശപ്പിന്റെ ഉൾവിളിയും. ടെന്റുകൾ സെറ്റ് ചെയ്ത് അതിലിരുന്നു കുറച്ചുനേരം വിശ്രമിച്ചുകൊണ്ടിരിക്കവേ ഭക്ഷണത്തിനായി വിളി വന്നു. അതും കഴിച്ചു കുറെ മുന്‍പായി കഴുതപ്പുറത്തെത്തിയ ലഗേജിൽ നിന്നും സ്ലീപിംഗ് ബാഗും ലൈനറും എടുത്തു വീണ്ടും ടെന്റിലേക്ക് നടന്നു. ട്രെയിനിൽ വെച്ചു പകുതി വായിച്ചു നിർത്തിയ പുസ്തകവും എടുത്തു ബാക്ക്പാക്കിൽ തല ചായ്ച്ചു. വിശ്വവിഖ്യാത കൃതിയായ A Monk who sold his Ferrari എന്ന പുസ്തകം വായിച്ചിട്ടില്ലാത്തവർ വളരെ ചുരുക്കമായിരിക്കും.. തിരക്കേറിയ ലൗകിക ജീവിതത്തിന്റെ മടുപ്പുളവാക്കുന്ന വിരക്തിയിൽ നിന്നും രക്ഷനേടാൻ… ഞാൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരവും തേടി ഹിമാലയത്തിലെ Sages of Shivana യുടെ മടിത്തട്ടിലേയ്ക്ക് വന്നെത്തിയ ജൂലിയൻ മാന്റിൽ എന്ന അമേരിക്കൻ അഭിഭാഷകന്റെ കഥ. ട്രെയിനിൽ വെച്ചു പകുതി വായിച്ചു കഴിഞ്ഞപ്പോഴേക്കും ഇതു മുഴുവിയ്ക്കാൻ പറ്റിയ സ്ഥലം ഹിമാലയം തന്നെയാണെന്ന് ഞാൻ അന്നേ ഉറപ്പിച്ചിരുന്നു. ബാഹ്യമായ എല്ലാത്തിൽനിന്നും മാറി നിന്നുകൊണ്ട് ഫോൺ പോലും ഉപയോഗിക്കാതെയുള്ള വൈൽഡ് ജീവിതം അത്യധികം ആനന്ദകരം തന്നെ. ആനന്ദം എന്ന വാക്കിന്റെ നിർവചനം അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾകൊള്ളാൻ ഇത്രയും കാലം വേണ്ടിവന്നു..!! ഒരിക്കൽ Into the Wild സിനിമ കണ്ടപ്പോഴുണ്ടായ അതേ ഫീൽ. ക്രിസ്റ്റഫർ മക്കാൻഡ്‌ലെസ്സ് ട്രക്കിൽ കിടന്നുകൊണ്ട് ലിയോ ടോൾസ്റ്റോയുടെ ബുക്ക് വായിക്കുന്ന അതേ സീൻ ഞാൻ ഓർത്തു.
നേരം വൈകുന്തോറും തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടേയിരുന്നു. ടെന്റിന്റെ zip തുറക്കാൻ പറ്റാത്ത അത്രയും തണുപ്പ്. ഒരു ചെറിയ ചലനത്തിനുപോലും വളരെയധികം പ്രയാസപ്പെടേണ്ട അവസ്ഥ..!! കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് എല്ലാവർക്കും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി കയ്യിലെ ഗ്ലൗസ് അഴിക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ചൂടുള്ള കറിയും റൊട്ടിയും പുറത്തെടുത്തു 5 മിനിറ്റിനകം തണുത്തുപോയി. ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനുമുള്ള വെള്ളം മഞ്ഞു വെട്ടി ഉരുക്കിയെടുത്താണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഓരോ തുള്ളി വെള്ളവും വളരെ ശ്രദ്ധയോടെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കഴിച്ച പാത്രവും ഗ്ലാസും കഴുകിയെടുക്കാൻ ടെന്റിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ തല്ക്കാലം ഇതൊന്നും കഴുകിയില്ലെങ്കിലും കുഴപ്പമില്ല എന്നു പോലും ചിന്തിച്ചുപോയി. പാത്രവുമായി വെള്ളം നിറച്ച ഡ്രമ്മിന്‍റെ അടുത്തേക്ക് പോയപ്പോളതാ വീണ്ടും മനം മടുപ്പിക്കുന്ന ഒരു രംഗം. ഡ്രമ്മിലെ വെള്ളം 2-3 ഇഞ്ച് കനത്തിൽ മുകൾ ഭാഗത്ത് ഐസ് ആയി മാറിയിരിക്കുന്നു. കൈകൊണ്ടു ഇടിച്ചു ഐസ് പൊട്ടിക്കാനുള്ള ശ്രമം വിഫലമാണ് എന്നു മനസിലായപ്പോൾ അവിടെയിരിപ്പുണ്ടായിരുന്ന ഒരു സ്റ്റീൽ പാത്രമെടുത്ത് ഐസ് ഇടിച്ചു പൊട്ടിച്ചു വെള്ളമെടുത്തു. അവസാനം കയ്യും മുഖവും പാത്രവും കഴുകി മെസ്സിൽ പോയി കുറച്ചു ചൂടുവെള്ളവുമെടുത്ത് ടെന്റിലേക്ക് നടന്നു. ഉറങ്ങാൻ വേണ്ടി സ്ലീപ്പിങ് ബാഗ് തുറന്നപ്പോളാണ് മനസിലായത് അതിന്റെ ഉൾവശമെല്ലാം നനഞ്ഞിരിക്കുന്നു. സംഭവം വിവിയനോട് പറഞ്ഞു വേറെ ഒരെണ്ണം സംഘടിപ്പിക്കാം എന്ന പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ പറഞ്ഞത് സ്പെയർ ബാഗ് ഇരിപ്പില്ല എന്നാണ്. അതും കേട്ട് നിരാശനായ ഞാൻ ടെന്റിൽ എത്തി rucksack ൽ ഉണ്ടായിരുന്ന കമ്പിളിയും ജീൻസും ടി ഷർട്ടും വൂളൻ സോക്സും ഓരോന്നായി എടുത്തിട്ടു. ചെറിയ ഒരു ആശ്വാസം കിട്ടി. മഞ്ഞുവീഴ്ച നല്ലരീതിയിൽ ഉണ്ടായിരുന്നതുകൊണ്ട് കുറേ രാത്രിയായപ്പോൾ പുതച്ചിരുന്ന കമ്പിളിയുടെ ഇടയിലൂടെ സൂചി കുത്തുന്ന വേദനയിൽ തണുപ്പടിച്ചുകൊണ്ടേയിരുന്നു. ഒരുപോള കണ്ണടക്കാൻ പോലും കഴിയാതെ ആ രാത്രി എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി.
പിറ്റേന്ന് രാവിലെ എണീറ്റപ്പോഴേക്കും പനി പിടിച്ചു അവശനായിക്കഴിഞ്ഞിരുന്നു. എണീറ്റപാടെ കുറച്ചു വെള്ളം കുടിക്കാൻ ബോട്ടിൽ എടുത്തപ്പോൾ അതിനകത്തുള്ള വെള്ളം മൊത്തം തണുത്തു ഐസ്കട്ട ആയിരിക്കുന്നു. ആകെ ഒരു ശോകാവസ്ഥ. എണീക്കാതെ വേറെ രക്ഷയില്ല എന്നു മനസിലായപ്പോ ബാക്ക്പാക്കിൽ കരുതിയിരുന്ന ഡോളോ എടുത്തു വിവിയന്റെ കയ്യില്നിന്നും കുറച്ചു വെള്ളവും വാങ്ങിക്കുടിച്ചു. എല്ലാം ഒരു സ്ലോ മോഷൻ ഫിലിം പോലെ… അന്ന് രാവിലത്തെ പ്രാതലിനു വേണ്ടിയുണ്ടാക്കിയ സൂപ്പും ഓട്സും ഒരു കണക്കിന് അകത്താക്കി. കുറച്ചു കഴിഞ്ഞപ്പോഴേക്കും പനി ചെറുതായൊന്നു കുറഞ്ഞപോലെ തോന്നി. വഴിനീളെ തണുത്തുറഞ്ഞ മഞ്ഞായതുകൊണ്ട് boot spikes മായി വിവിയൻ വന്നു. ഒരുകണക്കിന് റെഡിയായി സ്പൈക്സും ഇട്ടു അടുത്ത ക്യാമ്പിലേക്കിറങ്ങി. ബൂട്ടിലെ മുള്ളുകൾ തണുത്തുറഞ്ഞ മഞ്ഞിൽ അമരുമ്പോൾ ഉള്ള ശബ്ദമായിരുന്നു പിന്നീട് അങ്ങോട്ടുള്ള യാത്രയിലുടനീളം. പോകുന്ന വഴിയിൽ ഒരു തടാകമുണ്ട്. ജൂഡാ കാ തലാബ്. വിന്റർ ആയതിനാൽ തടാകത്തിന്റെ ഏകദേശം മുഴുവൻ ഭാഗവും തണുത്തുറഞ്ഞ അവസ്ഥയിലാണ്. ബൂട്ടിലെ മുള്ളുകൾ പോലും കയറാത്ത അത്രയും കടുപ്പത്തിൽ തൂവെള്ള മാർബിൾ കല്ലുപോലെ തണുത്തുറഞ്ഞുപോയ തടാകം. പക്ഷേ ചില ഭാഗങ്ങളില്‍ ഐസിന്റെ പടലം വളരെ നേർമ്മയുള്ളതായിരുന്നു. താഴേക്ക് നോക്കിയാൽ അടിത്തട്ട് കാണും വിധത്തിൽ സുതാര്യമായ ചില്ലുപാളികൾ പോലെയുള്ള ഭാഗങ്ങൾ. അവിടെ കാൽവെക്കുമ്പോൾ ഐസ് പാളിയിൽ ചെറിയ ഞരക്കത്തോടെയുള്ള വിള്ളൽ വീണുകൊണ്ടിരുന്നു. ഇനിയും അതിനു മുകളിലൂടെ മുന്നോട്ടു നടന്നാൽ ചിലപ്പോൾ താഴെ കൊടുംതണുപ്പുള്ള വെള്ളത്തിലേക്കാണ്ടു പോയാലോ എന്നു തോന്നിയതുകൊണ്ട് അവിടെ അധികനേരം ചിലവഴിച്ചില്ല. കുറേ നടന്നു ചെറിയ ഒരു വീഡിയോയും ക്യാപ്ചർ ചെയ്ത് അവിടെന്ന് ഞങ്ങൾ അവസാനത്തെ ക്യാമ്പ് ലക്ഷ്യമാക്കി നടന്നുകയറി.
ദൂരം ഏറെ പിന്നിടുമ്പോൾ മരങ്ങളുടെയും ചെടികളുടെയും എണ്ണമെല്ലാം കുറഞ്ഞു കുറഞ്ഞു അവസാനത്തെ ക്യാമ്പ് എത്തിയപ്പോഴേക്കും എങ്ങോട്ടുനോക്കിയാലും മഞ്ഞുമാത്രം. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടതുപോലുള്ള മനോഹരമായ ഭൂപ്രകൃതി. ആകാശത്തിന്റെ നീലിമ വളരെ തീവ്രമായിരിക്കുന്നു. പ്രകൃതിയുടെ നിറക്കൂട്ടുകളിൽ നിന്നും പകർന്നെടുത്ത കടുത്ത നീലനിറമുളള ചായം പൂശിയ ആകാശം. വെള്ള പരവതാനി പോലെ മഞ്ഞുപുതച്ചു കിടക്കുന്ന മലമുകളിൽ ടെന്റ് സെറ്റ് ചെയ്ത് സമ്മിറ്റിലേക്ക് കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടുത്ത ദിവസത്തെ ട്രെക്കിന്റെ ഷെഡ്യൂൾ ഉം വിവിയൻ വ്യക്തമാക്കിത്തന്നു. അടുത്ത ട്രിപ്പ് ലഗേജ് എത്തിയപ്പോൾ അതിൽ നിന്നും ഒരു സ്ലീപിംഗ് ബാഗ് വിവിയൻ എടുത്തുതന്നിട്ട് ഇന്നെങ്കിലും നേരെ ചൊവ്വേ ഉറങ്ങാൻ പറ്റുമല്ലോ എന്ന ഭാവത്തോടെ എന്നെ ടെന്റിലേക്കയച്ചു. നേരത്തെ ഉണരാനുള്ളതുകൊണ്ട് അന്നെല്ലാവരും നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു.
സമയം രാവിലെ 3:30. ഇത്തവണ മംഗൾ ഭായിയുടെ ശബ്ദവും കേട്ടാണ് ഉണർന്നത്. ജൽദി ഉടോ സമ്മിറ്റ് മേ ചൽനേക്കാ ടൈം ഹോഗയാ… പാതി ഉറക്കത്തിൽ കണ്ണും തിരുമ്മി പയ്യെ എണീറ്റിരുന്നു ടെന്റിന്റെ zip തുറക്കേണ്ട താമസം, ശക്തിയായ കാറ്റും മഞ്ഞുവീഴ്ചയും കൊണ്ട് ആകെ ഭീകരമായ അന്തരീക്ഷം. ഒരുകണക്കിന് വിന്റർ ജാക്കറ്റും ഇട്ട് പുറത്തേക്കിറങ്ങി. നിവര്‍ന്നു നിൽക്കാൻ പോലും പറ്റാത്ത കാഠിന്യമേറിയ തണുപ്പ് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ്. ഓക്സിജൻ എടുക്കാത്തതുകൊണ്ട് altitude sickness ഒഴിവാക്കാൻ തലേദിവസം തന്നെ Diamox രണ്ടു ഡോസ് എടുത്തിരുന്നു. വൈകാതെ തന്നെ എല്ലാവരും അന്നത്തെ ഭക്ഷണത്തിനായി റെഡി ആയി. ഒരു ഗ്ലാസ് ബൂസ്റ്റ്, ഒരു ഓറഞ്ച് , പുഴുങ്ങിയ ഉരുളക്കിഴങ്ങും പിന്നെ 2-3 ചോക്ലേറ്റ് ബാറും, വിശപ്പുണ്ടായിരുന്നില്ലെങ്കിലും സമ്മിറ്റിൽ എത്തണമല്ലോ എന്ന ചിന്തയിൽ ഒരുവിധം എല്ലാം അകത്താക്കി.
ഇനിയുള്ളവ ചങ്കിടിപ്പിന്റെ നിമിഷങ്ങൾ.. ഇരുട്ടിൽ മഞ്ഞുമല കയറാൻ ഹെഡ്‌ലാംപും, 5 ലെയെർ clothing ഉം spikes ഉം gaiters ഉം നന്നായി പായ്ക്ക് ചെയ്ത rucksack ഉം trek poles മായി ഞങ്ങൾ തയ്യാറായി. അപ്പോഴാണ് മുൻപിൽ നിൽക്കുന്ന ആൾ മംഗൾ ഭായ് ആണെന്ന് അറിഞ്ഞത്. നേപ്പാളിയായ മംഗൾ പല പ്രാവശ്യം എവറസ്റ്റ് ബേസ് ക്യാമ്പും ACT ഉം കയറിയിട്ടുള്ള വിദ്വാൻ ആണെന്ന് അന്നാണ് ഞാൻ അറിയുന്നത്. 4:30 ന് വിവിയൻ ഗ്രീൻ സിഗ്‌നൽ തന്നു. മഞ്ഞുപാളികളിൽ ചെറിയ ചുവടുകൾ വെച്ചു ഞങ്ങൾ കയറിത്തുടങ്ങി. കാൽ എടുത്തുവെക്കുമ്പോൾ ഒന്നര അടിയോളം മഞ്ഞ് താഴ്ന്നു പോയി. Spike ബൂട്ടിന്റെ ഭാരവും കാൽ എടുത്തുവെക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് കുറച്ചു ദൂരം കയറാൻ ഒരുപാട് സമയം വേണ്ടിവന്നു. അല്പം കയറി കഴിഞ്ഞപ്പോഴേക്കും ശ്വാസം എടുക്കാൻ പറ്റാതെയായി. കുഴഞ്ഞു പോയ ഒരവസ്ഥ.. ശരിക്കും കണ്ണിലൂടെ പൊന്നീച്ച പറന്ന നിമിഷങ്ങൾ. ഒരു മിനിട്ട് നിവർന്നു നിന്നു ദീർഘ ശ്വാസം എടുത്തു പിന്നെയും കയറിത്തുടങ്ങി.. കിതപ്പിന്റെ ശബ്ദം അകലെ നിൽക്കുന്ന ആൾക്കുവരെ കേൾക്കാവുന്നരീതിയിൽ ഉച്ചത്തിലായിരുന്നു. തണുപ്പിന്റെ തീവ്രതയിൽ ചിന്തകൾ പോലും മരവിച്ചുപോകുന്ന നിമിഷങ്ങളായിരുന്നു അത്. ശ്വാസോച്വാസത്തിലെ നീരാവിയും മഞ്ഞുവീഴ്ചയും വ്യക്തമായി ആ ഹെഡ് ലൈറ്റിൽ കാണാമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും കുത്തനെയുള്ള കയറ്റം അസഹനീയമായി തോന്നിത്തുടങ്ങിയെങ്കിലും മുൻപിൽ കയറിപ്പോകുന്ന മംഗൾ ഭായിയുടെ ആത്മവിശ്വാസം കുറച്ചു എന്നിലേക്കും പകർന്നു കിട്ടി.
7 മണിക്കും 7:10 നും ഇടയ്ക്കാണ് അന്നത്തെ സൂര്യോദയം. 7 മണിക്കെങ്കിലും സമ്മിറ്റിൽ എത്താവുന്ന വിധത്തിൽ വളരെക്കുറച്ചു മാത്രം വിശ്രമവേളകൾ എടുത്തുകൊണ്ടു തുടർച്ചയായി കയറിക്കൊണ്ടിരുന്നു. കൊടും തണുപ്പിൽ ഏകദേശം 2 മണിക്കൂർ നേരത്തെ ട്രെക്ക് കഴിഞ്ഞപ്പോഴേക്കും കണ്ണിലേക്കു ഇരുട്ട് കയറിയതുപോലെ ഒരു ഫീലിംഗ്. കാലുകൾ കുഴഞ്ഞു പോകുന്നൊരു അവസ്ഥ. ഇതെല്ലാം കണ്ടു മംഗൾ എന്നെ കുറച്ചു ദൂരം കൈ തന്നു സഹായിച്ചു. കാൽവെപ്പ് ഒന്നിടറിയാൽ ആ നിമിഷം താഴെയെത്തുന്ന വിധത്തിലുള്ള കുത്തനെയുള്ള കയറ്റം. ഇരുട്ടായതുകൊണ്ട് താഴേക്കുള്ള വ്യൂ അധികം കാണാൻ സാധിച്ചിരുന്നില്ല. ഓരോ കാൽവെപ്പും സാവധാനത്തിലും വളരെ ശ്രദ്ധയോടു കൂടിയും ആയിരുന്നു. ശ്വസിക്കാൻ ഒരിത്തിരി ഓക്സിജൻ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നു ദയനീയമായി ഓർത്തുപോയ നിമിഷങ്ങൾ…
സമയം ഏതാണ്ട് 6:40 ആയിക്കാണും. കുറേ കൂടി മുകളിലേക്ക് കയറിക്കഴിഞ്ഞപ്പോളേക്കും കൂരിരുട്ടിന്റെ തീവ്രത കുറഞ്ഞുകൊണ്ടേയിരുന്നു. മുകളിലേക്ക് ഇനി കുറച്ചു ദൂരം മാത്രമേയുള്ളൂ, എങ്കിലും അത് കയറാൻ ഇതുവരെ ആർജിച്ച ഊർജ്ജമൊന്നും പോരാ എന്ന ഭാവത്തോടെ മംഗളും കെവിനും ദീർഘ ശ്വാസമെടുത്തു നീണ്ട ചുവടുകൾ വെച്ചു കയറി. പിന്നാലെ ഞാനും. മിനിറ്റിൽ വെറും 10-12 ചുവടുകൾ മാത്രം കയറിയതുകൊണ്ട് തളർച്ചയിലും വീഴാതെ ഒരുവിധം പിടിച്ചുനിന്നു.
ഇരുട്ടിന്റെ തിരശീല വെളിച്ചത്തിനായ് മെല്ലെ മാറിത്തുടങ്ങി. ഞങ്ങൾ സമ്മിറ്റിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കൊടും തണുപ്പുള്ള ശക്തിയായ കാറ്റ്. സമയം 7:10 ആയപ്പോഴേക്കും സൂര്യന്റെ ആദ്യ കിരണങ്ങൾ അങ്ങകലെ മഞ്ഞുമലകൾക്കു മുകളിലൂടെ ഒഴുകിനടക്കുന്ന മേഘങ്ങളിൽ തട്ടി സുവർണ്ണ തിരമാലകൾ എന്നപോൽ മനോഹരമായിരിക്കുന്നു. ആ കാഴ്ച്ചയിൽ മതിമറന്നു ഞങ്ങൾ സമ്മിറ്റിലേക്ക് കയറി. സ്വപ്ന സാക്ഷാത്കാരത്തിന്റെ സുഖമുള്ള നിർവൃതിയിൽ ഒരു നിമിഷം ആ വിസ്മയം കണ്ട് ഞാൻ സ്തംഭിച്ചു നിന്നുപോയി. താഴെ.. അങ്ങ് കണ്ണെത്താ ദൂരത്തോളം അനന്തതയിലേക്ക് പരന്നുകിടക്കുന്ന ഭീമാകാരമായ മഞ്ഞുമലകൾ… ഗിരി ശൃംഗങ്ങളെല്ലാം ഉദയ സൂര്യന്റെ സുവർണ്ണ കിരണങ്ങളാൽ തിളങ്ങുന്ന കാഴ്ച്ച… വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകാത്ത പ്രകൃതിയുടെ ഇന്ദ്രജാലം. ഒരുവേള ആ സ്വർഗ്ഗത്തിലൂടെ പാറിപ്പറന്നു നടക്കുവാൻ എന്നിൽ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചുപോയി…
ഒടുവിൽ അസഹനീയമായ തണുപ്പിൽ ഒരു ദീർഘ നിശ്വാസവുമെടുത്ത് ആനന്ദത്തിന്‍റെ നിർവൃതിയോടെ… അവിടെനിന്നിറങ്ങി…
മനുഷ്യനാൽ കളങ്കപ്പെടാത്ത ഭൂമിയിലെ സ്വർഗ്ഗത്തെ തേടിയുള്ള ആ യാത്രയിൽ എന്നും കൗതുകത്തോടെ ഓർക്കുവാൻ മനസ്സിന്റെ അടിത്തട്ടിൽ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച ഹിമാലയം എന്ന മഹാത്ഭുതം ഇന്നും എന്നെ മാടിവിളിക്കുന്നു…
“Mountains are calling… and I must go again..”