ശരണ്യ എം
ഏറ്റവും സാധാരണക്കാരായ ജനങ്ങളിൽ നല്ല ചിത്രങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും പ്രേക്ഷകരുടെ ദൃശ്യബോധത്തിൽ മാറ്റം വരുത്തുക എന്ന ശ്രമകരമായ ദൗത്യത്തോടെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിപ്പോരുന്ന സംരംഭമാണ് ടൂറിംഗ് ടാക്കീസ്.
അഞ്ചു കേന്ദ്രങ്ങളിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലും, എല്ലാ ജനങ്ങളിലും സിനിമ എത്തിക്കുക എന്നതാണ് ലക്ഷ്യം. കുടുംബശ്രീ, ഫിലിം സൊസൈറ്റി , സ്‌കൂളുകൾ , റെസിഡന്റ്‌സ് അസോസിയേഷനുകൾ , ക്ലബ്ബുകൾ ലൈബ്രറികൾ തുടങ്ങിയവയുമായി സഹകരിച്ചാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. നല്ല ചിത്രങ്ങൾ കാണാൻ തുടങ്ങിയാൽ അത്തരം ചിത്രങ്ങൾ നിർമ്മിക്കപെടുകയും ചെയ്യും . വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ പ്രേക്ഷകരുടെ ദൃശ്യബോധം താരപ്പൊലിമയിൽ ഒതുങ്ങിപ്പോകുന്നതായും സിനിമ ഒരു വിനോദോപാധിയായി മാത്രം ചുരുങ്ങിപ്പോകുന്നതായും മനസിലാക്കിയപ്പോഴാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത് .
വർഷാവർഷം ഒരു രാജ്യാന്തര ചലച്ചിത്രമേളയും മൂന്നോ നാലോ പ്രാദേശിക ചലച്ചിത്രമേളകളും അവാർഡ് നിശകളിലും ഒതുങ്ങിപ്പോകേണ്ടതല്ല അക്കാദമിയുടെ പ്രവർത്തനങ്ങൾ. സിനിമയെ പ്രോത്സാഹിപ്പിക്കുക എന്നതും നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതുമാണ് ഏറ്റവും പ്രധാന ലക്ഷ്യം. ഇത് വഴി ചലച്ചിത്രമേളകൾ നൽകുന്നതിന്റെ പതിന്മടങ്ങ് പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കുവാൻ സാധിക്കുന്നു. ഒരു ദിവസം കുറഞ്ഞത് മൂന്ന് സിനിമകളും, പ്രതിമാസം നാൽപതു മുതൽ അറുപത് വരെ സിനിമകളും കാണികളിൽ എത്തുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ സിനിമ കാണും.
മലയാളം, വിദേശം, ക്ലാസിക്കുകൾ, സ്ത്രീപക്ഷ സിനിമകൾ, കുട്ടികൾക്കായുള്ള ചലച്ചിത്രങ്ങൾ, തുടങ്ങി വിവിധ വിഭാഗങ്ങളായാണ് പ്രദർശനങ്ങൾ നടത്തുന്നത്. മികച്ച സ്ക്രീനുകൾ, പ്രൊജക്റ്ററുകൾ, സൗണ്ട് സിസ്റ്റം എന്നിവ ഇതിനായി ഓരോ കേന്ദ്രങ്ങളിലും സജ്ജമാണ്. 22 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാർത്ഥം ആദിവാസി ഊരുകളിലും ജയിലുകളിലും നടത്തിയ പ്രദർശനം ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളാണ് കാണികളിലും പ്രവർത്തകരിലും നൽകിയത്.
തിരുവനന്തപുരം ജില്ലയിലെ ടൂറിംഗ് ടാക്കീസ് കൊല്ലം പത്തനംതിട്ട എന്നീ ജില്ലകൾ കേന്ദ്രീകരിച്ചും, കോട്ടയം കേന്ദ്രം വഴി ഇടുക്കി ആലപ്പുഴ ജില്ലകളിലും, തൃശൂർ കേന്ദ്രം വഴി പാലക്കാട് എറണാകുളം ജില്ലയിലും, കോഴിക്കോട് കേന്ദ്രം മലപ്പുറത്തും, കണ്ണൂർ കേന്ദ്രം കാസർഗോഡ് വയനാട് ജില്ലകളിലും മൂല്യമുള്ള ചിത്രങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിച്ച് പ്രവർത്തനം നടത്തിപ്പോരുന്നു.
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഇതുവഴി കാഴ്ചക്കാരിലെ ദൃശ്യബോധത്തിൽ വളരെ സാവധാനത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ പ്രിന്റ് കിട്ടാത്തതും അധികമാരും ശ്രദ്ദിക്കാത്തതുമായ സിനിമകളെ തീയറ്ററിൽ നേരിട്ട് പോയി കാണാൻ ഉള്ള സ്വകാര്യവും അക്കാദമി ഒരുക്കി കൊടുക്കുന്നുണ്ട്.