കവിത
സ്മിതസൈലേഷ്
അങ്ങനെ..
നോക്കി നോക്കി നിന്നപ്പോൾ
തൃശൂർ പൂരത്തോടെനിക്ക്
പാവം തോന്നി
ഒരു പാലൈസ് പോലും
ആരും വാങ്ങി തരാനില്ലാത്ത
കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം
എന്റെ മുന്നിൽ നിന്ന് വിതുമ്പി
അവന്റെ കണ്ണിൽ
ദൈന്യതയുടെ പച്ചച്ച
ജലവുമായി
വടക്കേ ചിറ കലങ്ങി കിടന്നു
അവന്റെ കീറിയ
കുപ്പായക്കീശയിലൂടെ
നട്ടുച്ചവെയിൽ മാത്രം
ചോർന്നു വീണു..
അവന്റെ വിശപ്പിന്റെ കൈ പിടിച്ചു
അവന്റെ ദാഹത്തിന്റെ കൈ പിടിച്ച്
ഞാൻ ആൾക്കൂട്ടത്തിനുള്ളിലൂടെ നടന്നു
ഞങ്ങൾ തണുപ്പിച്ച
കോഴിക്കോടൻ ഐസൊരതിയും
തണ്ണീർമത്തൻ ജ്യൂസും കുടിച്ചു
ഉപ്പുമാങ്ങയും നെല്ലിക്കയും തിന്നു
കണ്ടതൊക്കെ തിന്നും കുടിച്ചും
തൃശൂർപൂരവും ഞാനും
കൈ കോർത്തു നടന്നു.
ഇടയ്ക്കിടെ ആൾക്കൂട്ടം
ഞങ്ങളുടെ കൈമുറിച്ചിട്ട്
പല വഴിക്ക് കടന്നുപ്പോയി
ഒറ്റക്കായ തൃശൂർപൂരത്തെയോർത്ത്
എനിക്ക് കണ്ണ് നിറഞ്ഞു
കാണാതാവുമ്പോഴൊക്കെ
അവന്റെ കടുക്മണി ഒച്ചയുടെ
ഏകാന്തവാസനയെ
ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ നിന്നും
എന്റെ ചെവികൾ
മണം പിടിച്ച് കണ്ടെത്തി
ആൾക്കൂട്ട വിടവുകളിലൂടെ
തെറ്റാലികല്ല് പോലെ
മനുഷ്യർ ഊളിയിട്ട്
പോവുന്നത് നോക്കി
ഈ മനുഷ്യർക്കൊക്കെ
പ്രാന്താണോ എന്ന്
എന്നോടവൻ അടക്കം പറഞ്ഞു..
ആദ്യമായാണ് ഒരു മനുഷ്യൻ
എന്നെ കാണുന്നതെന്ന്
അവൻ എന്റെ നെഞ്ചിൽ
ചാരിയിരുന്നു വിതുമ്പി
അവൻ കൈ കൊണ്ട്
വയറിൽ ചുറ്റി പിടിച്ചപ്പോൾ
കക്ഷങ്ങളിൽ നിന്നും..
ആനപിണ്ഡത്തിന്റെയും..
അലുവയുടേയും മണമുള്ള
വിയർപ്പ് പൊടിക്കാലുകളുമായി
എന്റെ എന്റെ ഉടലിലൂടെ ഓടി നടന്നു.
ആൾക്കൂട്ടഫോബിയ
ബാധിച്ച മനുഷ്യരായി
തേക്കിൻകാട്ടിൽ നിന്നും
മടങ്ങുമ്പോൾ ഞാനുമവനും
പാലൈസും
പതിനഞ്ചു രൂപയുടെ
മഞ്ഞച്ച പ്ലാസ്റ്റിക് ചില്ലു
കണ്ണടയും വാങ്ങി..
ഞങ്ങളുടെ മുകളിൽ
വേനൽമുകിലാനകൾ
കുടമാറ്റം നടത്തുന്ന
ആകാശം മഞ്ഞച്ചു കിടന്നു
വറുത്ത കടല കൊറിച്ച്
വടക്കുംനാഥനെ തൊഴാതെ
ഇലഞ്ഞിത്തറ മേളം കേൾക്കാതെ
കുടമാറ്റം കാണാതെ..
മനുഷ്യനെ തീയുള്ള
പെട്ടിക്കുള്ളിൽ പൂട്ടിയിടുന്ന
വഴിയോര മായാജാലം
കാണാൻ നിൽക്കാതെ
ഞങ്ങൾ പാലസ് റോട്ടിലേക്ക്
വലിഞ്ഞു നടന്നു.
സാഹിത്യ അക്കാദമിയിലെ
സർപ്പഗന്ധി ചോട്ടിൽ
കൊമ്പ് കുഴൽ വിളി
ഒച്ചകളൊക്കെ ഊരി വെച്ച്
തൃശൂർ പൂരം എന്റെ
മടിയിൽ ചുരുണ്ടു കൂടി
കിടന്നുറങ്ങി..
അവന്റെ ചുണ്ടിന്റെ
കോണിൽ തങ്ങി നിന്ന
പാൽനുര ഞാൻ
വിരൽ നീട്ടി തുടച്ച്മാറ്റി
സ്വസ്ഥമായി കിടന്നുറങ്ങുന്ന
തൃശൂർ പൂരത്തിന്റെ..
നെറ്റിയിൽ ഞാനൊരു
ഉമ്മയും കൊടുത്തു..
അത്ര പാവം പിടിച്ച
മുഖവുമായി.. പിന്നൊരാളും
എന്റെ മടിയിലുറങ്ങിയിട്ടില്ല
അന്നത്തേതിൽ പിന്നേ
ഞാനും തൃശൂർ പൂരവും
ഇന്നേ വരെ പൂരം കണ്ടിട്ടേയില്ല.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Nice