കൊച്ചിയുടെ അടിച്ചമർത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ടിരുന്ന അവർണ്ണ സമൂഹത്തിൽ പെട്ടവരുടെ മേൽഗതിക്കുവേണ്ടി തന്റെ വിദ്യാലയത്തിന്റെ വാതിൽ തുറന്നുകൊടുക്കുകയും അവർക്ക് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനം ലഭിക്കുന്നതിനുവേണ്ട സാമൂഹ്യ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ജീവിത വ്രതമായി സ്വീകരിച്ച വ്യക്തിത്വത്മായിരുന്നു മദർ തെരേസാ ലീമാ. അവരുടെ ഈ സാമൂഹ്യ, വിദ്യാഭ്യാസ, ആത്മീയ പ്രവർത്തനങ്ങളുടെ സത്യസന്ധതമായ ചലച്ചിത്രാവിഷ്കാരമാണ് തെരേസ ഹാഡ് എ ഡ്രീം.
തെരേസക്ക് 44 വയസ്സുള്ളപ്പോൾ, 1902 ലാണ് കൊച്ചിയിൽ തീവണ്ടി വന്നെത്തുന്നത്. അതിന്റെ ആദ്യ വാരത്തിലെ യാത്രകളിലൊന്നാണ് സെന്റ് തെരേസാസ് സ്ഥാപനങ്ങളുടെ സാമ്പത്തിക സമാഹരണത്തിനുവേണ്ടി യൂറോപ്യയിലേയ്ക്കുള്ള യാത്രാമധ്യേ അവർ കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുന്നത്. മദ്രാസിൽ നിന്നും ബോംബെ വരെയുള്ള തുടർ ട്രെയിൻ യാത്രക്കിടയിൽ മംഗപട്ടണം എന്ന എന്ന സ്ഥലത്തു വെച്ച് അതിശക്തമായ കാറ്റും പേമാരിയും കോളിളക്കങ്ങളും ഉണ്ടായപ്പോൾ കടൽ വന്ന് ഇവർ സഞ്ചരിച്ചിരുന്ന റെയിൽ പാളത്തിലെ മംഗപട്ടണം പാലം ഒഴുകിപോവുകയും ആ ദാരുണമായ ട്രെയിൻ അപകടത്തിൽ വച്ച് സി.തെരേസയും അവരുടെ സഹോദരി സി. ജോസഫൈനും മരണമടയുകയാണുണ്ടായത്. അവിടെത്തന്നെയാണ് മറ്റനേകരുടെയും ഭൗതികാവശിഷ്ടങ്ങളാടൊപ്പം ഇവരെയും സംസ്കരിച്ചത്.
സ്വന്തമായ ഒരു കല്ലറയോ, മണ്ഡപമോ പോലും ഇല്ലാത്ത വിധം ആ സ്ത്രീ ഈ സമൂഹത്തിൽ അലിഞ്ഞു ചേരുകയായിരുന്നു. അവരുടെ ജീവിതചിത്രമാണ് തെരേസാ ഹാഡ് എ ഡ്രീം. ഇത് നിർമിക്കുന്നത് കാർമ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസായ്ക്കു വേണ്ടി ജോൺ പോൾ ഫിലിംസാണ്. പ്രശസ്ത തിരക്കഥാകൃത്തായ ജോൺ പോൾ രചന നിർവഹിച്ചുകൊണ്ട് പരസ്യ ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുള്ള രാജു എബ്രഹാം എന്ന യുവ സംവിധായകനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കിഷോർ മണിയാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. ഇതിന്റെ ചിത്ര സന്നിവേശം നിർവഹിച്ചിട്ടുണ്ട് ടിജോ തങ്കച്ചനും, ഡിജോ പി വർഗീസുമാണ്.
ഭരത് അവാർഡ് നേടിയ അനുഗഹിതനായ നടൻ ചാരുഹാസൻ ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ വിദ്യാർഥിനിയായ ആഷ്ലിയാണ് മദർ തെരേസ ലീമയായി വേഷമിടുന്നത്. ഏറ്റവും പുതിയ ദൃശ്യ ചാരുതയോടെ സിനിമയുടെ സാങ്കേതിക സൗന്ദര്യാത്മക തലങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തിക്കൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം അതിന്റെ ഒരു പ്രദർശന ഘട്ടത്തോട് അടുക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ ജനുവരി 29ആം തീയതി മദർ തെരേസാ ലീമയുടെ ഓർമ്മദിനത്തിൽ പ്രകാശനം ചെയ്തു. സെന്റ് തെരേസാസിന്റെ ഓഡിറ്റോറിയത്തിലെ തിങ്ങി നിറഞ്ഞ സദസ്സിന്റെ മുമ്പിൽ എം.കെ. സാനു, കെ ജയകുമാർ ദയാഭായി എന്നിവരുടെയെല്ലാം സാന്നിദ്ധ്യത്തിൽ സി. എസ്. എസ്. ടി സന്യാസിനീ സമൂഹത്തിന്റെ സാരഥിയായ സി.ക്രിസ് ആണ് പ്രകാശനം നിർവഹിച്ചത്.