പല വട്ടം കണ്ടതാണെങ്കിലും ഇന്നും ടിവിയില്‍ വരുമ്പോള്‍ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച തേന്‍മാവിന്‍ കൊമ്പത്ത്. മാണിക്യനും തമ്പ്രാന്‍ ചേട്ടനും കാര്‍ത്തുമ്പിയും അപ്പക്കാളയുമെല്ലാം മത്സരിച്ചഭിനയിച്ച ചിത്രം. തേന്‍മാവിന്‍ കൊമ്പത്ത് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. 4 കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇ 4 എന്റര്‍ടെയ്ന്റ്‌മെന്റ് ഉടമയുമായ മുകേഷ് ആര്‍. മെഹ്തയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ഈ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് 25 വര്‍ഷം തികയുന്ന വേളയില്‍, 2019 മെയ് 12 നാവും ചിത്രത്തിന്റെ 4കെ പതിപ്പ് തിയ്യേറ്ററുകളിലെത്തുക.
1994 മെയ് 13 നാണ് തേന്‍മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത്. പ്രിയന്റെ സംവിധാനമികവും ലാലിന്റെയും മറ്റ് സഹതാരങ്ങളുടെയും പ്രകടനവുമായിരുന്നു ചിത്രത്തെ വേറിട്ടു നിര്‍ത്തിയത്. ചിത്രത്തിലെ ഛായാഗ്രഹണത്തിന് കെ.വി ആനന്ദിന് മികച്ച ക്യാമറാമാനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സാബു സിറിളിനും, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ബേണി ഇഗ്നേഷ്യസിനും ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാലിനും ശോഭനയ്ക്കും ഒപ്പം ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു, സുകുമാരി, കുതിരവട്ടം പപ്പു, ശരത് സക്സെന, ശങ്കരാടി, കെപിഎസ് സി ലളിത, സോണിയ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.