ഡോ: ആഷിം. എം. കെ
ജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം നാടകീയമായി അവതരിപ്പിക്കുമ്പോഴും നായകൻറെ ജനനം മുതലിങ്ങോട്ടുള്ള പ്രയാണം ഇഴമുറിയാതെ നെയ്ത് ചേർക്കുന്നതിൽ പുതുമുഖ സംവിധായകൻ ഫെലിനി വിജയിച്ചിട്ടുണ്ട്. സെക്കന്റ് ഷോയുടെം കൂതറയുടെം ഒക്കെ ആഖ്യാന ശൈലിയിൽ നിന്ന് തീർത്തും ഭിന്നമായ വളരെ ലളിതമായ കഥപറച്ചിൽ ആണ് വിനി വിശ്വലാല്‍ സ്വീകരിച്ചിരിക്കുന്നത്.
വെറും ഒരു കാമുകന് അപ്പുറത്ത് ഒരു ചെയിൻ സ്മോക്കറുടെ ജീവിതം വളരെ അനായാസമായി ടോവിനോ കൈകാര്യം ചെയ്തിരിക്കുന്നു. സ്ഥിരം ചോക്കലേറ്റ് നായക സങ്കല്പങ്ങളെ മാറ്റിനിർത്തിയുള്ള അഭിനയ മുഹൂർത്തങ്ങൾ ചിലതെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഒരു സീനിലെ അല്പം അതി വൈകാരികത / നാടകീയത ഒഴിച്ച് നിർത്തിയാൽ സംയുക്ത, ദേവിയുടെ റോൾ വളരെ നാച്ചുറൽ ആയി ചെയ്തു. പ്രണയ ഫ്രയിമുകൾ – കോമ്പിനേഷൻ സീനുകൾ എല്ലാം ടൊവീനോയെക്കാൾ ഒരു പടി കൂടുതൽ മികച്ച പ്രകടനം സംയുക്തയുടെതായിരുന്നു എന്ന് പറയാതെ വയ്യ. സുരാജ് നെഗറ്റീവ് ഷെയ്ഡ് ഒരിക്കൽ കൂടെ മനോഹരമാക്കി. ഒരു പക്ഷെ സിദ്ദിക്ക് ഒക്കെ മാത്രം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു റോൾ സുധീഷ് ടോവിനോയുടെ അമ്മാവനിലൂടെ കിടിലം ആക്കി. സൈജു, ഷമ്മി, സുരഭി, രാജേഷ് അങ്ങനെ ഓരോരുത്തരും തങ്ങളുടെ റോളുകൾ ഹാസ്യത്തിൽ കലർത്തി അവതരിപ്പിച്ചു.
ആദ്യ പകുതി അനായാസേന കടന്ന് പോകുമ്പോഴും ചിലർക്കെങ്കിലും പുകവലിയുടെ ആധിക്യം സ്ക്രീനിനു പുറത്തേക്ക് അനുഭവപ്പെട്ടേയ്ക്കാം. അത് തന്നെയാണ് സംവിധായകന്റെ വിജയവും. പക്കാ കോമഡി എന്ന ഗണത്തിൽ പെടുത്താനാവില്ലെങ്കിലും ചെറിയ ചില തമാശകൾ ഒക്കെ ബോറടിക്കാതെ സ്ക്രീനിൽ കണ്ണ് എടുക്കാതിരിക്കാൻ സഹായിച്ചിട്ടുണ്ട് . പാട്ടുകൾ ഒക്കെ സാഹചര്യങ്ങൾക്കിണങ്ങുന്നതും ആസ്വാദ്യകരവും ആയിരുന്നു. മ്യൂസിക് ഡയറക്ടര്‍ കൈലാസ് മേനോന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കൂടാതെ ജോബ് കുര്യന്റെ ഒരു പാട്ട് എടുത്ത് പറയേണ്ടതാണ്.
പരീക്ഷണ ആംഗിളുകൾ ഒന്നുമില്ലെങ്കിലും ( ടോയ്‌ലറ്റ് സീൻ മറക്കുന്നില്ല ) ചില ഹെലിക്യാം ഫ്രയിമുകൾ ഒഴികെ ബാക്കി ഛായാഗ്രഹണം ഒക്കെ കഥയിലെ സാഹചര്യങ്ങൾക് അനുയോജ്യമായവ തന്നെ. നമ്പർ പ്ളേറ്റിലെ PL – എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ലട്ടാ ! . ചിലയിടങ്ങളിൽ അല്പം ചേർച്ചക്കുറവ് . ഉണ്ടെങ്കിലും ഉപദേശ രൂപേണ മാത്രം പറഞ്ഞു തീരേണ്ടിയിരുന്ന ഒരു കഥക്ക് ഇങ്ങനൊരു ട്രീറ്റ്മെന്റ് ക്ളൈമാക്‌സും കൊടുത്ത തിരിക്കഥാകൃത്തും സംവിധായകനും അനുമോദനം അർഹിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ‘നിങ്ങൾക്കും ബോറടിക്കാതെ അല്പം വൈകി ഓടുന്ന ഈ തീവണ്ടിക്കൊരു ടിക്കറ്റ് എടുക്കാവുന്നതാണ് ‘!!!
3.5/5
വാൽകഷ്ണം: കട്ട പുകവലി വിരോധികളും , ലോജിക്കല്‍ ബുദ്ധിജീവികളും ഒക്കെ നിന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം ! ജാഗ്രതൈ