തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ നാടകോല്‍സവമായ തിയറ്റര്‍ ഒളിംപിക്‌സിന് ആദ്യമായി ഇന്ത്യ വേദിയാകുന്നു. തിയറ്റർ ഒളിംപിക്‌സിന്റെ എട്ടാം പതിപ്പ് ഫെബ്രുവരി 17 ന് ഉപരാഷ്ട്രപതി വെങ്കയ്യ നായഡു ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെയും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെയും നേതൃത്വത്തിലാണ് ഇന്ത്യയില്‍ ആതിഥേയത്വം അരുളുന്നത്. 500 ലേറെ നാടകങ്ങള്‍ രാജ്യത്തിന്റെ 17 നഗരങ്ങളിലായിട്ടാണ് അരങ്ങേറുക. ഇന്ത്യയില്‍ നിന്ന് 150 ലധികം നാടക സംഘങ്ങള്‍ക്ക് തിയറ്റര്‍ ഒളിംപിക്‌സിന്റെ ഭാഗമാവും.
സംസ്ഥാന പിആര്‍ വകുപ്പ് കേരളത്തിലേക്കും നാടക മാമാങ്കം എത്തിക്കുന്നുണ്ട്. 22 മുതല്‍ മാര്‍ച്ച് ഒന്നു വരെ തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും 6.30നാണ് നാടകം അരങ്ങേറുക. വിദ്യാര്‍ഥികള്‍ക്കും നാടകകലയിലെ ആചാര്യന്‍മാര്‍ക്കും ഒത്തുചേരാനും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനുമുള്ള വേദിയാണു തിയറ്റര്‍ ഒളിംപിക്‌സ്.
വിദേശ രാജ്യങ്ങളില്‍ നിന്നും 50 നാടക സംഘങ്ങളും പ്രത്യേക ക്ഷണിതാക്കളായി 70 ലധികം നാടക സംഘങ്ങളും അണിനിരക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും നാടകോത്സവത്തിന്റെ ഭാഗമായി വേദിയില്‍ ഉണ്ടാകും. സൗഹൃദത്തിന്റെ പതാകകള്‍ എന്നതാണു തിയറ്റര്‍ ഒളിംപിക്‌സിന്റെ വിഷയം. 1993 ല്‍ ഗ്രീസിലാണ് ആദ്യമായി തിയറ്റര്‍ ഒളിംപിക്‌സ് അരങ്ങേറിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.8ththeatreolympics.nsd.gov.in/en/