കവിത
കൃഷ്ണ
ഒരു സൈക്യാട്രി വാർഡാണ്!
ആക്റ്റിവിറ്റീസ് റൂമിൽ
നിറയേ കളിയും ചിരിയും.
IIT പാസ്സ് ഔട്ട് നന്ദു മാത്രം
ചിരിക്കില്ല,
റാഗ് ചെയ്തതാണ്
പിള്ളേര്,
പിന്നീടവൻ ചിരിച്ചിട്ടില്ല.
പക്ഷെ പാട്ട് പാടും,
അവന്റെ തൊണ്ടയിൽ നിന്ന്
പാട്ടും ഭയവും നമുക്ക് കേൾക്കാം.
ഇംഗ്ലീഷ് പ്രൊഫസ്സർ
പ്രതാപ് സർ,
നന്നായി വായിക്കും.
ചുറ്റുമെന്ത് നടന്നാലും
ആധികാരികമായി
ആ വിഷയത്തെപ്പറ്റി
വാ തോരാതെ റിഫൈൻഡ്
ഇംഗ്ലീഷിൽ സംസാരിച്ച്
കൊണ്ടേയിരിക്കും.
അത് മക്കൾക്ക് ഭ്രാന്തും
വൈദ്യശാസ്ത്രത്തിന്
ഒരു രോഗവുമാണത്രെ!
ഗോമതി ചേച്ചി
ആരോടും മിണ്ടില്ല,
ഭർത്താവിനെ
അന്യസ്ത്രീയുമായി
കിടക്ക പങ്ക് വെയ്ക്കുന്നത്
കണ്ടതിന് ശേഷം അവർ
മിണ്ടിയിട്ടില്ല.
അവർക്കത്ര
പുരോഗമനമുണ്ടായില്ല.
എന്നാലും ഡ്രീം എന്താ
ചോദിച്ചപ്പൊ
കുടുംബത്തോടൊപ്പം
സമാധാനത്തോടെ ജീവിക്കണം,
പുതിയ സ്ഥലങ്ങൾ
അവരോടൊപ്പം
കാണണമെന്നും മാത്രമേയുള്ളു.
രണ്ട് പെറ്റ തള്ളയ്ക്ക്
ഇനിയെന്ത് ഡ്രീം,
ഒരുത്തൻ കളിയാക്കി
പറഞ്ഞു.
എല്ലാർടേം ഡ്രീംസ്
ചോദിക്കുന്നതിനിടയ്ക്ക്
അവന് മാത്രം പാട്ട് പാടണമത്രെ!
“സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ
അച്ഛ…. ”
അവിടെയെത്തിയപ്പോൾ
അയാളുടെ കണ്ണ് നിറഞ്ഞു.
എന്റെ മോളെ കാണണം
എന്ന് പറഞ്ഞ് ശബ്ദമിടറി.
തന്മാത്രയിലെ മോഹൻലാൽ
കാണിച്ചതൊക്കെ കോമഡിയായി
തോന്നി പോവും വിധം യാത്ഥാർത്ഥ്യം.
നല്ല കാലം പ്രവാസത്തിലായിരുന്നു,
വീട് വെച്ചു,
ഭാര്യവീട്ട്കാരുടെ വീട് പുതുക്കി
പണിതു,
വണ്ടിയും നാട്ടിൽ ഒരു ബേക്കറിയും
ഭാര്യേടെ പേരിൽ വാങ്ങി.
പിന്നെ പരാധീനതകൾക്കിടയിലും
കാമുകനെ പോലെ പ്രണയിച്ചു.
ഒരു മോളായി കഴിഞ്ഞപ്പൊ
ഭാര്യയ്ക്ക് ബോറടിച്ചു.
കുറച്ച് നഷ്ട്ടപരിഹാരവും
വാങ്ങി അവരങ്ങ് പോയി.
ഓർമ്മയുടെ, സ്നേഹത്തിന്റെ
ഏതോ ഞരമ്പ് പിണഞ്ഞ് പോയതാവും,
അയാളും ഇവിടെയെത്തി.
പിന്നെ ആൻഡമാൻ
സ്വദേശി ബാപ്പി,
ജിം ട്രെയ്നർ ഷോണൽ.
ഇവരൊക്കെ കൂളാണ്,
പക്ഷെ പുറത്ത്
പറയാൻ പാടില്ലാത്ത
എന്തോ കണ്ടതിന്
ശേഷം ഇപ്പൊ
ആങ്കർ മാനേജ്‌മെൻറ്
തെറാപ്പിയിലാണ്.
10 വയസ്സ്കാരി ദേവൂട്ടി
” ഞാനെന്റെ കഥ പറയാമെന്ന് പറഞ്ഞ് തുടങ്ങിയതും “,
സിസ്റ്റർ വന്ന്
വായ പൊത്തി.
കേൾക്കാൻ
കൊള്ളത്തില്ലെന്ന്
പിറുപിറുപ്പ്.
ആ മോള്
എന്താവും
നേരിടേണ്ടി വന്നത്?
ഒന്നവളെ വിളിക്കാൻ
ഫോൺ തരുമോ
എന്ന് കെഞ്ചി
കെഞ്ചി ഭവേഷ്’.
അവന്റെ ചുണ്ടിൽ
മുഴുവൻ ബിസ്കറ്റിന്റെ
പൊടിയും തുപ്പലുമാണ്,
കണ്ണിൽ മുടിഞ്ഞ
പ്രണയവും.
കൊടുക്കാൻ
പാടില്ലെന്നാണ്
നിയമം.
ഞായറാഴ്ച്ച അവൾ വരുമല്ലോ
എന്ന് സിസ്റ്റർ.
ഫോൺ കൊടുക്കാതായപ്പൊ
നിസ്സഹായമായി
അവനെന്നെയെന്ന്
നോക്കി.
എത്രയെത്ര ഞായറാഴ്ച്ചകൾ
എന്ന് പറഞ്ഞവൻ
പിണങ്ങി പോയപ്പോ
എന്റെ കണ്ണ് നിറഞ്ഞു.
മുന്നിലെ സുഖിയനിൽ
ഉപ്പ് വീണു, രുചി പോയി.
തിരിച്ചവരുടെ റൂമിലേക്ക്
പോവുന്ന വഴി
നമ്മുടെ ഓട്ടോമൊബൈൽ
എൻജിനീയർ ,
ഇടനാഴിയിൽ
അതേ ഇരുത്തം.
അതേ എന്റേലൊരു
89 മോഡൽ
ബുള്ളറ്റുണ്ട്,
ചെയ്സ് ബെൻഡാണ്.
നമുക്കതൊന്ന് നീർത്തി
എടുക്കണ്ടെ എഞ്ചിനീറേ
ചോദിച്ചപ്പൊ അയാളെന്റെ
കൈ പിടിച്ച് കരയുന്നു.
“പറ്റി പോയതാ!
ഇനിയെനിക്ക് വണ്ടീല്
തൊടാൻ പറ്റില്ല അനന്ദുവേ ”
എന്ന് പറഞ്ഞ് അയാളുടെ
ഉള്ള് പെയ്ത് തോരുന്നു.
ഒരു ഭൂമിയായി ഞാനയാളെ
പൊതിഞ്ഞ് പിടിച്ചു.
ഓടിച്ച വണ്ടി
ആക്സിഡൻറായി
കുടുംബാംഗങ്ങൾ
മരിച്ച് പോയതിന്
ശേഷം
അയാളും ഇങ്ങനെയാണ്.
മനുഷ്യർക്ക് മാത്രമേ മനുഷ്യരെ മുറിവേൽപ്പിക്കാൻ പറ്റൂ, ല്ലെ?
ക്യാൻസർ വാർഡ്
കണ്ടവരാരും
സൈക്യാട്രി വാർഡ് കൂടി
കാണാത്തത് കൊണ്ടാണ്
“അവനെ വല്ല ഊളംപാറയിലും കൊണ്ടിട്”
എന്ന തമാശയ്ക്ക്
നമ്മൾ ഇന്നും ചിരിക്കുന്നത്…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.