ബിലാല്‍ ശിബിലി
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി ഒരുപാട് ചിത്രപ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ, മനസ്സില്‍ തട്ടുന്ന ചിലതില്‍ മുഹബ്ബത്തിന്റെ നിറങ്ങള്‍ കൂടിയുണ്ടാവും. അങ്ങനെയൊന്നാണ് താജ് ബക്കറിന്റെ ‘കമിനോ – ആര്‍ട്ട് വോക്ക്’. ഉല്‍ഘാടനം മുതല്‍ അവതരണം വരെ വ്യത്യസ്തത. കാഴ്ചയെ മാത്രമല്ല, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിവയിലൂടെ എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നുണ്ട് തന്റെ കലാനടത്തത്തിലൂടെ അദ്ദേഹം.
‘കമിനോ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ 24 ശനി വൈകിട്ട് നാല് മണിക്കാണ് ആരംഭിച്ചത്. സുകൃതം ഗേള്‍സ് ഹോമിലെ വിദ്യാര്‍ത്ഥികൾ പാട്ട് പാടിയും ചെടികള്‍ കൈമാറിയുമാണ് മനോഹരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വിജയരാജമല്ലിക, കബിത മുഖോപാദ്യായ്, ശ്രീജ പല്ലം, കിഴൂർ വിത്സൻ തുടങ്ങിയവർ സംബന്ധിച്ചു.
പൊന്നാനി സ്വദേശിയാണ് താജ്. ജീവിതയാത്രയുടെ പലഘട്ടങ്ങളിൽ അദ്ദേഹം തിരിച്ചറിഞ്ഞ തീഷ്ണമായ ജീവിതാനുഭവങ്ങളാണ് കമിനോ ആയി രൂപപ്പെട്ടത്. അതിനാൽ തന്നെ വിഷയതലങ്ങളുടെ പലവഴികളിലൂടെ കമിനോ സഞ്ചരിക്കുന്നുണ്ട്. അതിൽ കലാകാരന്റെ ജീവിതമുണ്ട്. സ്വതപ്രതിസന്ധിയുണ്ട്. സാമൂഹിക – രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളുണ്ട്. തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയ ഇടപെടലും താജ് നടത്തുന്നുണ്ട്. ടോയിലറ്റിനെ വോട്ട് ബാങ്ക് ആയുധമാക്കുന്ന ഭരണവര്‍ഗ രാഷ്ട്രീയക്കാരുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചെഴുതുന്നുണ്ട് ഒരു ചിത്രം. ടോയിലറ്റുകളുടെ ശോചനീയാവസ്ഥയെ കുറിച്ചും അവിടങ്ങളില്‍ കാണുന്ന ലൈംഗിക ദാരിദ്രത്തെ കുറിച്ചും വാചാലമാകുന്നുണ്ട് ടോയിലറ്റ് എന്ന ചിത്രം.
അന്യം നിന്ന് പോവുന്ന നമ്മുടെ പാരമ്പര്യം, പ്രകൃതി, സ്വാതന്ത്ര്യം, കടല്‍, ആത്മീയത, സൂഫിസം, ഫെമിനിസം തുടങ്ങി ആധുനിക സാങ്കേതികവിദ്യയുടെ ലോകത്ത് ജീവിക്കുന്ന നമ്മുടെ ഇടയിലെ ആശയവിനിമയത്തിലെ പ്രശ്നങ്ങളെ കുറിച്ച് വരെ താജ് ബക്കര്‍ തന്‍റെ ബ്രഷുകളിലൂടെ സംസാരിക്കുന്നു. കോഴിക്കോട് നഗരവും ബീച്ചും മിഠായി തെരുവും എല്ലാം കമിനോയുടെ വിഷയങ്ങളാണ്. ചിത്രം മാത്രമല്ല, വീഡിയോ സ്റ്റോറിയും ഇൻസ്റ്റാളേഷനും ഒക്കെയായി സമ്പന്നമാണ് പ്രദര്‍ശനം. കാലുകളുടെ മനശാസ്ത്രം വിവരിക്കുകയാണ് വീഡിയോ. മിഠായി തെരുവിന്റെ മണവും രുചിയും ശബ്ദവും നിറയ്ക്കുന്നു ‘ദി സ്ട്രീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റാളേഷന്‍. ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകള്‍ പോലും കഥ പറയുന്നുണ്ട് ആര്‍ട്ട് ഗാലറിയില്‍ നിന്ന്.
മിഠായി തെരുവിലെ കോയന്‍കോ ബസാറിലെ വിവിധ തുണിക്കടകളില്‍ നിന്നും ശേഖരിച്ച തുണികഷ്ണങ്ങളാണ് ഇൻസ്റ്റാളേഷന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ആറുമാസത്തെ പ്രയത്നമുണ്ട് പ്രദര്‍ശനത്തിന് പിന്നില്‍. ഇക്കാലയളവില്‍ അദ്ദേഹം ഉപയോഗിച്ച നിത്യോപയോഗ വസ്തുക്കള്‍ വരെയുണ്ട് പ്രദര്‍ശന ഹാളില്‍. വ്യത്യസ്തയുടെ പുതുകവിതകള്‍ രചിച്ചുകൊണ്ട്.
ജീവിച്ചിരിക്കുമ്പോള്‍ പരിഗണിക്കാത്തവര്‍, മരിച്ചു കഴിഞ്ഞാല്‍ കോടികളുടെ സ്മാരക സൗധങ്ങള്‍ പണിയുന്നു. മരണത്തെ ഇത്രമേല്‍ ആര്‍ഭാടമാക്കുന്ന നമ്മള്‍ ജീവിതത്തെ മറക്കുന്നു. ‘പാരഡയസ്’ എന്ന ചിത്രം ഉയര്‍ത്തുന്ന ചോദ്യമിതാണ്. പഞ്ചേന്ദ്രിയങ്ങളെ മുഴുവനായി ഉണര്‍ത്തുന്ന താജ് ബക്കറിന്റെ പരീക്ഷണം തീര്‍ച്ചയായും ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ്.
ഡിസംബര്‍ 2 വരെ പ്രദര്‍ശനം തുടരും. പ്രദര്‍ശനം ആസ്വദിക്കാന്‍ വരുന്നവരോട് ഒരു പുസ്തകം എടുക്കാന്‍ ഓര്‍മിപ്പിക്കുന്നുണ്ട് താജ്. പ്രദര്‍ശനഹാളില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ അവസാന ദിവസം സുകൃതം ഗേള്‍സ് ഹോമിന് കൈമാറും.