വി. കെ. ജോബിഷ്
സെപ്തംബർ 5 അധ്യാപക ദിനമാണ്. വർഷാവർഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്. അധ്യാപകർ ഭാവിയുടെ ശിൽപികളാണല്ലോ. ആ ശിൽപികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവും കൊണ്ടാണ് തന്റെ ജൻമദിനം ആഘോഷിക്കാൻ വന്ന സ്നേഹിതരോട് ആ ദിവസം അധ്യാപക ദിനമായി ആചരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ വർഷവും അങ്ങനെ അധ്യാപനത്തിന്റെ മഹത്വമുത്ഘോഷിച്ചു കൊണ്ട് പതിവു പരിപാടികൾ മാത്രമായവസാനിപ്പിക്കുമോ ഈ ദിനം? ഈ ചോദ്യത്തിന് മലയാളികളായ അധ്യാപകർ ഉത്തരം തരട്ടെ.
ചരിത്രത്തിലെന്നും ഒരു ‘ഗുരു’വുണ്ടായിരുന്നു. എല്ലാ ചരിത്ര നിർമ്മിതികൾക്ക് പിന്നിലും എക്കാലവും ആ ഗുരു മറഞ്ഞു കിടക്കുന്നുണ്ട്. ലോകത്തെ നശിപ്പിക്കുന്ന ബോംബുണ്ടാക്കുന്ന മനുഷ്യന്റെ പിന്നിലും യുദ്ധാനന്തരം സമാധാന സന്ദേശവുമായിറങ്ങുന്ന മനുഷ്യന്റെ പിന്നിലും അവരെ പഠിപ്പിച്ച അനേകം അധ്യാപകരുണ്ട്. അല്ലെങ്കിൽ ഒരു ഗുരുവുണ്ട്. ലോകത്തിലെ എല്ലാ വഴികളിലും അവരുടെ നിഴലുകളുണ്ട്! ദ്രോണരുടെ കീഴിൽ അഭ്യസനം നേടാൻ ആഗ്രഹിച്ച ഏകലവ്യൻ പോലും നിഷേധാനന്തരം ആ ഗുരുവിനെ സങ്കൽപ്പിച്ചു കൊണ്ടാണ് തന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഒടുക്കം തന്റെ പെരുവിരൽ പോലും ആ വിദ്യയെ മുഴുവൻ സ്വായത്തമാക്കാൻ പ്രേരകമായ ഗുരുവിനു മുന്നിൽ സമർപ്പിക്കുന്നത് വഴികാട്ടിയോടുള്ള/ ഗുരുവിനോടുള്ള ആദരവ് കൊണ്ടാണ്. ആ ആദരവിന് ഇതിഹാസങ്ങളോളം വേരുകളുണ്ട്. ആ വേര് നമ്മളിലൂടെ ഭാവിയിലേക്കും പടരേണ്ടതുണ്ട്. പെരുവിരൽ മുറിച്ചു വാങ്ങിയല്ല. ഒരു ചെറുവിരൽ കൊണ്ടെങ്കിലും കൈത്താങ്ങായി.
പുതിയ സമൂഹ നിർമ്മാണവുമായി, രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നാമെപ്പോഴും കേൾക്കുന്ന പദമാണ് അധ്യാപനം. ഒരു സ്കൂളു തുറക്കുമ്പോൾ നൂറു ജയിലുകൾ അടക്കുന്നു എന്നത് കേവലമൊരു മഹത് വാക്യമല്ല. മറിച്ച് അനേകജനതയെ മാറ്റിമറിച്ച അധ്യാപകരുടെ ചരിത്ര ജീവിതത്തെ അടയാളപ്പെടുത്തിയ വാക്യം കൂടിയാണ്. നമ്മളെപ്പോഴും പറയാറില്ലേ അധ്യാപകൻ സമൂഹത്തിൽ മാതൃകയാകണമെന്ന്. എല്ലാ മനുഷ്യരും മാതൃകയാവേണ്ടവർ തന്നെയാണ്. പക്ഷെ അധ്യാപകന്റെ ജീവിതത്തിന്റെ കാര്യത്തിൽ മാത്രമാണ് ഒരു സമൂഹം എപ്പോഴും ‘മാതൃക’യെക്കുറിച്ച് നിർബന്ധം പുലർത്താറുള്ളത്. കാരണം അവർ കുട്ടികളുടെ രണ്ടാം രക്ഷിതാക്കളാണ്. ഭാവിയെ നിർമ്മിക്കുന്നവരാണ്. സ്വാധീനിക്കപ്പെടുന്നവരാണ്. അവരുടെ കൈയും പിടിച്ച് ഒപ്പം നടക്കേണ്ടണ്ടവരാണ് കുട്ടികൾ. ആ കൈവിട്ടാണ് കുട്ടികൾ പിന്നീട് ആകാശം തൊടുന്നത്!
ഒരു അധ്യാപകനെ/ അധ്യാപികയെ കുട്ടികൾ എപ്പോഴും നിരീക്ഷിക്കും. അയാളുടെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കിനും അവർ ചെവികൊടുക്കുന്നുണ്ട്. പ്രവർത്തികൾക്ക് സാക്ഷികളാവുന്നുണ്ട്. നിങ്ങളൊരു കഥയോ ശാസ്ത്രമോ പഠിപ്പിക്കുമ്പോൾ എത്രയെത്ര ജീവിതങ്ങളെപ്പറ്റി അവരോട് പറഞ്ഞിട്ടുണ്ടാവും. എത്രയെത്ര സാരോപദേശകഥകൾ എഴുതിക്കൊടുത്തിട്ടുണ്ടാവും.
‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ ‘ എന്നൊക്കെ ക്ലാസിൽ പാടിപ്പഠിപ്പിച്ചിട്ടുണ്ടാകില്ലേ അവരെ. എന്നാൽ പാഠാനന്തരം മർത്ത്യ ജൻമം ക്ഷണഭംഗുരമാണെന്ന് എല്ലാ അധ്യാപകർക്കും ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ടാവുമോ.!
വിമർശനമുണ്ട്.ചെവിവട്ടം പിടിച്ചാൽ കേൾക്കാം.!
പക്ഷെ ഇതൊരവസരമാണ്. ആരൊക്കെ നിശ്ശബ്ദരായിരുന്നാലും അധ്യാപകന് / അധ്യാപികയ്ക്ക് പിന്നെയും മുന്നിൽ നടക്കാനുള്ള അവസരം. അത് നാം പാഴാക്കരുത്. പ്രളയാനന്തരം സർവ്വതും നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന കുഞ്ഞുങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം താങ്ങായി നിന്ന് സർക്കാർ ഒരു നവകേരളമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിന് നമ്മുടെ നാട്ടിലെ മുഖ്യമന്ത്രി എല്ലാവരോടും ഒരു മാസത്തെ ശമ്പളം ചോദിച്ചിട്ടുണ്ട്. അത് ഗവ. ഉദ്യോഗസ്ഥരോട് മാത്രമല്ല. ഗവ. ഉദ്യോഗസ്ഥരുടെ സ്വപ്നം മാത്രമല്ലല്ലോ നവകേരളം! എല്ലാ മനുഷ്യ സ്നേഹികളുടേതുമല്ലേ! അതുകൊണ്ട് എല്ലാ വിഭാഗം തൊഴിലാളികളും ഏറ്റെടുക്കട്ടെ ആ സാലറി ചലഞ്ച്. കൂലിപ്പണിക്കാർമുതൽ വമ്പൻ കമ്പനികളുടെ സി.ഇ.ഒ മാരുവരെ സർക്കാറിനെ സഹായിക്കണം. പക്ഷെ അതിന്റെ മുന്നിൽ ആദ്യം നിൽക്കേണ്ടത് അധ്യാപകരാണ്. ഇപ്പോൾത്തന്നെ ഒരുപാടു പേർ നിന്നു കഴിഞ്ഞു. നമ്മളത് വാർത്തകളിൽ കണ്ടു കൊണ്ടിരിക്കുന്നുണ്ട്. ചില സ്കൂളുകളിൽ എല്ലാ ടീച്ചേഴ്സും ഏറ്റെടുത്തു. പക്ഷെ ഇനിയും ബാക്കിയുണ്ട് ചില അധ്യാപകർ. അവർ ഒന്നല്ല. ഒരായിരം പേരുണ്ട്. പലയിടങ്ങളിലായി. എന്തു തീരുമാനമെടുക്കണമെന്ന് സംശയമുള്ളവർ. ഇതിനായിക്കൂടുന്ന യോഗങ്ങളിൽ പല ഒഴികഴിവുകൾ ഇപ്പോഴും പറയുന്നവർ! നമുക്ക് നേരിട്ടറിയാവുന്നവരും അല്ലാത്തവരുമാണവർ.അവരും കൂടി നവകേരളത്തിന്റെ മുന്നിൽ നിൽക്കണം. സഹായ സന്നദ്ധരായ വലിയ ജീവിതപ്രശ്നങ്ങളിൽപ്പെട്ട് നിസ്സഹായരായി നിൽക്കുന്നവരുണ്ടാകാം. അവരോടല്ല ഈ അപേക്ഷയെന്നു കൂടി ഓർമ്മിപ്പിക്കട്ടെ. മറിച്ച് ഇക്കാരണം കൊണ്ട് ഒരു നേരം വീട്ടിനകത്ത് പട്ടിണിയായിപ്പോകാത്ത, അധ്യാപകരായ എല്ലാ ഗൃഹസ്ഥനും ഗൃഹസ്ഥയും ഈ സാലറി ചലഞ്ച് ഏറ്റെടുത്ത് കേരളത്തിനൊപ്പം നിൽക്കണം. ഭാവിയോടൊപ്പം നിൽക്കണം.
നവകേരളത്തിന്റെ ആ അടിക്കല്ല് ഈ കാര്യത്തിലും അധ്യാപകന്റേത് തന്നെയാകട്ടെ. അതു കൊണ്ട് ഇനിയും ബാക്കിയുള്ള അധ്യാപകർ ഈ വർഷത്തെ അധ്യാപക ദിനം ആ പ്രഖ്യാപനത്തിനായി തിരഞ്ഞെടുക്കൂ. എന്നിട്ടത് ലോകത്തോടു വിളിച്ചു പറയണം. ചുറ്റുമുള്ളവരുമായി സംവദിക്കണം. കാരണം നിങ്ങളുടെ വാക്ക് കേട്ട്, നിങ്ങളുടെ പ്രവർത്തി കണ്ട് ഒരു ജനത നിങ്ങളുടെ പിന്നാലെ വരും. അവരിലൂടെ നവകേരളം സാധ്യമാകും. ഉറപ്പ്. പക്ഷെ ആദ്യം; ആദ്യം നമ്മൾ അധ്യാപകർ തന്നെയാകണം. അതിലൂടെ 2018ലെ ഈ അധ്യാപക ദിനത്തെ നമുക്കൊരു ചരിത്ര ദിനമാക്കാം.
അപ്പൊ
അധ്യാപക സുഹൃത്തുക്കളെ..
നമ്മൾ മുന്നിലിറങ്ങുകയല്ലേ….