ലേഖനം
വിഷ്ണു വിജയൻ
വർഷം 1848 ബ്രിട്ടീഷ് ഇന്ത്യയാണ്, ജാതീയത കൊടികുത്തി വാണിരുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ ഉറ്റ സുഹൃത്ത് ഫാത്തിമ ഷെയ്ക്കിനൊപ്പം ചേർന്ന് ഒരു സ്ത്രീ പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാലയം ആരംഭിക്കുന്നു,
സ്ത്രീകൾക്ക് പ്രത്യേകിച്ച് കീഴാള സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവർ നടത്തിയ ചുവടുവെപ്പ് ഇന്ത്യയിൽ വരേണ്യ വിരുദ്ധ പോരാട്ട ചരിത്രത്തിന്റെ വലിയൊരു അധ്യായം എഴുതി ചേർക്കൽ ആയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിലനിന്ന ശക്തമായ ജാതീയതയ്ക്കും, ബ്രാഹ്മണ ആധിപത്യത്തിനും, അതുവഴി റദ്ദ് ചെയ്യപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പോരാടിയ, കൃത്യമായ പദ്ധതി രൂപീകരിച്ച് മുൻപോട്ട് പോയ ആ സ്ത്രീയുടെ പേര്,
സാവിത്രി ബായ് ഫൂലെ, ഇന്ത്യയിലെ ആദ്യ അധ്യാപിക.
ഇന്ത്യൻ നവോത്ഥാന മുന്നേറ്റങ്ങളുടെ പിതാവും ഡോ.ബിആർ അംബേദ്കറുടെ ഗുരുവുമായ ജ്യോതിബാ ഫൂലെയുടെ പത്നി കൂടിയായ സാവിത്രി ബായ് ഫൂലെ എന്ന കരുത്തുറ്റ സ്ത്രീ തുടങ്ങിയ വിദ്യാലയത്തിൽ താഴ്ന്ന ജാതിയിൽ പെട്ട പെൺകുട്ടികൾ വിദ്യാഭ്യാസം തേടിയെത്തി, കുട്ടികൾ സാഹചര്യങ്ങൾ മൂലം പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് പോകാതിരിക്കാൻ വേണ്ടി ഉച്ചഭക്ഷണവും, ചെറിയ സാമ്പത്തിക സഹായം അവർ ഏർപ്പെടുത്തി.
മറു വശത്ത് സ്കൂളിലേക്ക് വരുന്ന വഴിയിൽ നാട്ടിലെ യാഥാസ്ഥിതിക സമൂഹം സാവിത്രി ബായിയെ ദിനവും വരവേൽക്കാൻ നിന്നത് കല്ലും, ചെളിയും എറിഞ്ഞ് കൊണ്ടായിരുന്നു, ദിവസവും സ്കൂളിൽ എത്തിയാൽ മറ്റൊരു വസ്ത്രം ധരിച്ചാണ് അവർ ക്ലാസ് മുറിയിൽ പോയിരുന്നത്.
പക്ഷെ അതിലൊന്നും അവർ ഒട്ടും തളർന്നില്ല, പിൻതിരിഞ്ഞോടിയില്ല, 1851 ആയപ്പോൾ അവർ മൂന്നു സ്കൂളുകൾ ആരംഭിച്ചു, തന്റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു,
തന്റെ തൂലിക കൊണ്ടും ജീവിതം കൊണ്ടും അവർ കവിതകൾ രചിച്ചു, ആ കവിതകൾ നവോത്ഥാനത്തിന്റെ പുതു കാവ്യം തീർത്തു.
…
അധ്യാപകരെ സംബന്ധിച്ച് സാവിത്രി ബായ് യുടെ ജീവിതവും പോരാട്ടവും, ക്ലാസ് മുറിയിൽ പുസ്തകത്തിൽ നോക്കി പഠിപ്പിക്കാൻ മാത്രം ഉള്ളതല്ല.
ക്ലാസ് മുറിയിൽ ശാസ്ത്രവും, സാമൂഹിക ശാസ്ത്രവും ഒക്കെ ഛർദ്ദിച്ച് സ്റ്റാഫ് റൂമിൽ വന്നിരുന്ന് ആർത്തവ അശുദ്ധമാണ് എന്ന ചർച്ച നടത്തുന്ന വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റി വഴി അത് ഫോർവേഡ് ചെയ്യുന്ന, ജീവിതത്തിലുടനീളവും, സഹപ്രവർത്തകരോടും ജാതീയവും, ലിംഗപരവുമായ വേർതിരിവുകൾ പ്രകടിപ്പിക്കുന്ന, കുട്ടികൾക്ക് സദാചാര ക്ലാസ് എടുക്കുന്നതാണ് അധ്യാപകരുടെ പ്രഥമ ലക്ഷണം എന്ന് ധരിച്ച് നടക്കുന്നവർ ഒന്നടങ്കം ഓർമ്മയിൽ സൂക്ഷിച്ചു വെക്കേണ്ട പേരാണ്, അറിഞ്ഞിരിക്കേണ്ട അധ്യായമാണ്, സാവിത്രി ബായ് എന്ന ഇന്ത്യയുടെ ഈ ആദ്യ അധ്യാപിക തന്റെ ജീവിതകാലത്ത് ഇന്ത്യൻ സമൂഹത്തിൽ നടത്തിയ ഇടപെടൽ.
…
അന്നത്തെ കാലത്ത് ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെടെ വിധവകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ രൂക്ഷമായിരുന്നു, ലൈംഗിക ചൂഷണത്തിനും തന്മൂലം ആത്മഹത്യയിലേക്കും ഒക്കെ പലരും എത്തിപ്പെട്ടിരുന്നത് നിത്യ സംഭവമായിരുന്നു, ഒരിക്കൽ ഇതുപോലെ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോയൊരു യുവതിയെ ഫൂലെ ദമ്പതികൾ രക്ഷിക്കുകയും ജീവിതത്തിലേക്ക് കൊണ്ടുവരുകയും അവരുടെ കുഞ്ഞിനെ ദത്ത് എടുത്തു, പഠിപ്പിച്ച് ഡോക്ടർ ആക്കുകയും ചെയ്തു.
…
1896 – 97 കാലം ബ്രിട്ടീഷ് ഇന്ത്യയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടു. ആഴ്ചതോറും ആയിരങ്ങൾ മരിച്ച് വീണു കൊണ്ടിരുന്നു, യാതൊരു തരം പക്ഷപാതവും കൂടാതെ എല്ലാവർക്കും ചികിത്സ ലഭ്യമാക്കണം എന്ന് ഗവൺമെന്റ് നിർദ്ദേശം ഉണ്ടായിരുന്നു.
എങ്കിലും സവർണരായ ഡോക്ടർമാർ പലരും താഴ്ന്ന ജാതിയിലുള്ള മനുഷ്യർക്ക് ചികിത്സ ഉറപ്പാക്കാൻ മടി കാണിച്ചു. അയിത്തം കൽപിച്ച് അവർ മനുഷ്യരെ അകറ്റി നിർത്തുകയും അകന്നു നിൽക്കുകയും ചെയ്തു.
ഇത് കൃത്യമായി അറിയാമായിരുന്ന സാവിത്രി ബായ് തന്റെ മകൻ ഡോക്ടർ യശ്വന്ത് റാവു ഫൂലയ്ക്കൊപ്പം പൂനെയിൽ ചെറിയ ക്ലിനിക്ക് ആരംഭിച്ചു ചികിത്സ നിഷേധിക്കപ്പെട്ടവർക്ക് കഴിയും വിധം ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചു.
ഒടുവിൽ മനുഷ്യ മനസ്സിനെ ബാധിക്കുന്ന ലോകം കണ്ട ഏറ്റവും ക്രൂരമായ ജാതീയത എന്ന വൈറസിനോട് ഒരു ജീവിതം കൊണ്ട് സമരം നടത്തിയ സാവിത്രി ബായ് രോഗികളെ ശുശ്രൂഷിക്കുന്ന വേളയിൽ പ്ലേഗിന് കീഴടങ്ങി ലോകത്തോട് വിട പറഞ്ഞു.
…
ജാതി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രമാണ് സാവിത്രി ബായ് യുടെ ജീവിതം ബ്രാഹ്മണ്യം കൊടിക്കുത്തി വാണിരുന്ന മറാത്താ മണ്ണിനെ ഇളക്കി മറിച്ചാണ് അവർ ഒരു പുതു അധ്യായം തീർത്തത്, ആധുനിക ഇന്ത്യയിൽ സ്ത്രീപക്ഷ മുന്നേറ്റ ചരിത്രത്തിൽ അടിസ്ഥാന ശിലയാണ് അവിടെ സ്ഥാപിക്കപ്പെട്ടത്.
തനിക്ക് ശേഷം വരാനിരിക്കുന്ന അനേകായിരം മനുഷ്യരുടെ മനസ്സിൽ സ്ത്രീ വിമോചന, കീഴാള വിമോചന ഉണർവ്വിന്റെ ഊർജം പകർന്നാണ് ആ അധ്യാപിക ആധുനിക രാഷ്ട്രത്തിലേക്ക് വഴി തുറന്നിട്ടത്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മഹത്തായ അധ്യാപന മാതൃക സൃഷ്ടിച്ചത്…
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.