ചാലക്കുടി മറ്റത്തൂർ കർമ വുമൺസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ നിർമിക്കുന്ന സുന്ദരം സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. പൂർണമായും സ്ത്രീകൾ നിർമിക്കുന്ന സിനിമയാണ് സുന്ദരം. കഥ, തിരക്കഥ, സംവിധാനം, കലാസംവിധാനം, തുടങ്ങി ഇൗ സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ ആണ്. പൂർണമായും സ്ത്രീകൾ ഒരുക്കുന്ന ഒരു സിനിമ ഇന്ത്യയിലെ ആദ്യ സംരംഭമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രീകരണം അടുത്ത മാസം ചാലക്കുടിയിൽ ആരംഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കർമ വുമൺ സൊസൈറ്റി ഇൗ സിനിമയുടെ വരുമാനവും അത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. സന്ധ്യാറാണി, അനുശീ മിഥുൻ, ബിന്ദു ശിവൻ, അപർണ സതീഷ്, സബിത വിനേഷ്, ശ്രീജിത, നികിത തുടങ്ങിയവരാണ് സൊസൈറ്റിയിലെ മുൻനിര പ്രവർത്തകർ. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സന്ധ്യാറാണിയാണ്.