വണ്ടി എഞ്ചിനില്‍ നിന്ന് കരിമ്പ്‌ ജ്യൂസ്

0
558

ബാലുശ്ശേരി: കരിമ്പ് ജ്യൂസ് നാട്ടിലും റോട്ടിലും ലഭിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അതിനുള്ള പ്രത്യേക മെഷീനും കണ്ടതാണ്. വണ്ടികളിൽ ജ്യൂസ് മെഷീൻ വെച്ച് പോവുന്നതും പതിവ്. പക്ഷെ, വണ്ടി ഓടുന്ന അതേ എഞ്ചിൻ കൊണ്ട് കരിമ്പ് ജ്യൂസിന്റെ മെഷീനും പ്രവർത്തിപ്പിക്കുന്നത് അത്ര സാധാരണ കാഴച്ചയല്ല.

കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍, ബാലുശ്ശേരി പൂനൂരിൽ ആണ് ഗുഡ്സ് ഓട്ടോറിക്ഷയിൽ കരിമ്പ് ജ്യൂസ് മെഷീൻ പ്രവർത്തിപ്പിക്കുന്നത്. പൂനൂർ സ്വദേശി സുബൈറാണ് ഇതിന് പിന്നിൽ.

എന്തായാലും വണ്ടിക്ക് എഞ്ചിൻ ഉണ്ട്. കറങ്ങുന്നുമുണ്ട്. കരിമ്പ് ജ്യൂസ് മെഷീനും കറങ്ങണം. എങ്കിൽ ഇത് രണ്ടും അങ്ങ് ഒന്നാക്കികൂടെ എന്ന ചിന്തയിൽ നിന്നാണ് സുബൈറിന് ആ ബുദ്ധി തോന്നിയത്. അങ്ങനെയാണ് അഞ്ച് വർഷം മുൻപ് സുബൈർ സ്വന്തമായി തന്നെ ഇങ്ങനെയൊരു സംവിധാനം ഉണ്ടാക്കി എടുത്തത്.

 

സുബൈര്‍

മെഷീൻ എഞ്ചിന്റെ കൂടി ഒരു ‘പുള്ളി’ ഘടിപ്പിക്കുന്നു. ആ പുള്ളിയിൽ നിന്ന് വാഷർ കരിമ്പ് ജ്യൂസ് മെഷീനിലേക്ക് എത്തുന്നു. ജ്യൂസ് ആവശ്യം ഉള്ളപ്പോൾ, വണ്ടി ഓൺ ചെയ്യുന്നു. അല്ലാതെ വണ്ടി ഓടുന്ന സമയത്ത് വാഷർ ഊരി ഇടുന്നു. ഇത്രക്ക് സിംപിളാണ് പ്രവർത്തനം.

സുബൈർ പ്രവാസി ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ് ഈ പരിപാടി തുടങ്ങിയത്. ഡീസൽ എഞ്ചിൻ ആണ്. പ്രത്യേകിച്ച് മെച്ചം എന്താണെന്നു ചോദിച്ചപ്പോൾ, നമുക്ക് ഇത് വീട്ടിലേക്ക് കൊണ്ട് പോകാൻ പറ്റുന്നു, സ്ഥലങ്ങൾ മാറ്റാൻ പറ്റുന്നു, കല്യാണ ഓഡറുകൾ സ്വീകരിക്കാൻ ആവുന്നു എന്നൊക്കെ ആയിരുന്നു സുബൈറിന്റെ മറുപടി.

താന്‍ തന്നെ കണ്ടുപിടിച്ച ഐഡിയ ആണെന്നും മറ്റെവിടെയും ഇത് കണ്ടിട്ടില്ല എന്നും പക്ഷെ, ഉണ്ടാവാന്‍ ഇടയുണ്ടെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here