മരണമില്ലാത്ത ഉന്മാദികൾ

0
171

ഫേവർ ഫ്രാൻസിസ്

ചില മനുഷ്യരുണ്ട്, നമ്മുടെയെല്ലാമിടയിൽ. ചില മേഖലകളെ അഗാധമായി പ്രണയിച്ചു പോകുന്നവർ.
ജീവിതസാഹചര്യങ്ങൾ കൊണ്ട് എത്തിപ്പിടിക്കാനാവാത്ത ദൂരത്തായിരിക്കും അവരുടെ ലക്ഷ്യങ്ങളെങ്കിലും, ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവരായിരിക്കും അവരുടെ ഹീറോകളെങ്കിലും, അവർ അവരുടെ സ്വപ്നജീവിതം തുടർന്ന് കൊണ്ടേയിരിക്കും, ജീവിക്കുന്ന നാടും നാട്ടുകാരും അവരെ പുച്ഛിക്കുമ്പോഴും അവരുടെ കൊച്ചു ആരാധകവലയത്തിൽ അവർ ഹീറോകളായിരിക്കും. നോക്കിലും വാക്കിലും നടപ്പിലും അവർ ജീവിക്കുന്നത് ആ നാട്ടിലേ ആയിരിക്കില്ല!

കണ്ടിട്ടുണ്ട്. അമ്പലപ്പറമ്പുകളിൽ പള്ളിപ്പെരുന്നാൾ പ്രദക്ഷിണത്തിനിടയിൽ അത്തരക്കാരെ. നാട്ടിലെ കരാട്ടെ മാഷാണ്, ബ്രൂസ് ലിയായിരിക്കും ആരാധനാമൂർത്തി. നടപ്പിലും നോട്ടത്തിലും ലോക്കൽ ബ്രൂസ്‌ലി തന്നെ! ചെറിയൊരു വാടകമുറിയിൽ, സ്കൂൾ മുറ്റത്ത് കരാട്ടെ പഠിപ്പിക്കും. കുട്ടികൾക്ക് അയാൾ ബ്രൂസ്‌ലിയെക്കാൾ കേമനായിരിക്കും. നാട്ടുകാർക്ക് അയാൾ പണിയൊന്നും ചെയ്യാതെ ജീവിതം പാഴാക്കുന്ന സ്വപ്നാടകനാണെങ്കിലും.

ഡിസ്കോ ബാബുവും അത്തരത്തിലൊരാളാണ് മിഥുൻ ചക്രവർത്തിയുടെ ഡിസ്കോ ഡാൻസർ വീണുപോയ കേരളത്തിലെ യുവാക്കളിലെ ഒരുവൻ. അതേ ഹെയർ സ്റ്റൈലും അതെ വസ്ത്രധാരണവും അതേ നോട്ടവും അതേ നടപ്പും, ചെറിയൊരു വാടകമുറിയിൽ അവർ ഡിസ്കോ ക്ലാസ് നടത്തും സെലിബ്രിറ്റി ഡാൻസ് സ്കൂൾ ഒന്നുമല്ലത്, വുഡൻ ഫ്ലോറും ആൾവലിപ്പമുള്ള കണ്ണാടികളുള്ള ക്ളാസുകളൊന്നും അവർ സ്വപ്നം കണ്ടിട്ടുപോലുമുണ്ടാകില്ല. കുറച്ചു കുട്ടികൾ. കിട്ടാത്ത ഫീസ്. ഒരുപാട് പ്രാരാബ്ധങ്ങൾ. നാട്ടുകാരുടെ കളിയാക്കലുകൾ.

പക്ഷെ ഒരിക്കലും കള്ളു കുടിച്ചു അയാൾ പള്ളിപ്പെരുന്നാളിന്റെ ബാൻഡ് സെറ്റിനൊപ്പം ഡാൻസ് കളിക്കില്ല. ഡിസ്കോയിൽ ഒരു സത്യമുണ്ടെന്ന് വിശ്വസിക്കുന്ന മനുഷ്യനാണയാൾ. കരാട്ടെയിലും കുങ്ഫുവിലും ബ്രേക്ക് ഡാൻസിലുമൊക്കെ ദൈവത്തെ കാണുന്ന മണ്ടന്മാരുടെ ഗണത്തിൽ പെടുന്നവൻ. ഒരു പ്രായത്തിനപ്പുറത്തേക്ക് ഈ ഭ്രാന്ത് തുടർന്ന് കൊണ്ടുവനാകാതെ പെയിന്റ് പണിക്കോ വാർക്കപ്പണിക്കോ പോകേണ്ടി വരുന്നവർ. ഒരിക്കൽ ജീവിതത്തിനോട് ഏറ്റുമുട്ടി തളരുമ്പോൾ ഈ തിളങ്ങുന്ന വേഷമുപേക്ഷിക്കേണ്ടി വരുന്നവർ. മുണ്ടു മാടിക്കുത്തി അവർ അമ്പുപെരുന്നാൾ പ്രദക്ഷിണത്തോടൊപ്പം ചെറിയ താളത്തിൽ അവർ നടക്കും. കുട്ടികളുടെ കൈപിടിച്ച് ഭാര്യയോട് തന്റെ ഡിസ്കോ ഭ്രാന്തിനെക്കുറിച്ചു പറയാതെ. പക്ഷെ ഉള്ളിൽ അയാൾ നൃത്തം ചെയ്തു കൊണ്ടേയിരിക്കും. അയാളിലെ ഉന്മാദിക്ക് മരണമില്ലല്ലോ!

സുധി കോപ്പാ, നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്
പൊറിഞ്ചുവിന്റേയും ജോസിന്റെയും മാത്രമല്ല, ഡിസ്കോ ബാബുവിന്റേതുകൂടിയാണ്
പൊറിഞ്ചു മറിയം ജോസ്…അല്ല

പൊറിഞ്ചു ബാബു ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here